Featured Sports

ലോകകപ്പിലെ കലിപ്പ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തീര്‍ത്ത് റെക്കോഡുകളുമായി സൂര്യകുമാര്‍ യാദവ്

ലോകകപ്പില്‍ കപ്പ് കൈവിട്ടതിന്റെ ക്ഷീണം ഇന്ത്യ തീര്‍ത്തത് ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു. സുപ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ രണ്ടാംനിര ഉജ്വല വിജയമാണ് ഓസീസിനെതിരേ നേടിയത്.

വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അനേകം റെക്കോഡുകളുമാണ് കൂടെ പിറന്നത്. 209 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ഇന്ത്യ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗാണ് നടത്തിയത്. ഇതിന് മുമ്പ്, 2019 ല്‍ ഹൈദരാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ നേടിയ 208 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്. ടി20യില്‍ ഇന്ത്യ 200ലധികം റണ്‍സ് ലക്ഷ്യം പിന്തുടരുന്നത് അഞ്ചാമത്തെ തവണ ആയിരുന്നു. ടി20യില്‍ നാല് 200+ റണ്‍സ് ചേസുകളുള്ള ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ രണ്ടാമത്.

ഈ മത്സരത്തില്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിനെ നയിക്കുന്ന പതിമൂന്നാമത്തെ ക്രിക്കറ്ററായിരുന്നു. ശിഖര്‍ ധവാന് ശേഷം ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായിട്ടാണ് സൂര്യകുമാര്‍ മാറിയത്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ 43 പന്തില്‍ 80 റണ്‍സും താരം അടിച്ചു കൂട്ടി.

ടി20 ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അവിസ്മരണീയമായ തുടക്കമായിരുന്നു. ക്രീസില്‍ തുടരുമ്പോള്‍, സൂര്യ നാല് സിക്‌സറുകള്‍ അടിച്ചു, ഇത് ടി20യിലെ അദ്ദേഹത്തിന്റെ സിക്സുകളുടെ എണ്ണം 108 ആയി ഉയര്‍ത്തി, ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോ (107), ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്‍ (106), ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ (106) ഡേവിഡ് വാര്‍ണര്‍ (105) എന്നിവരെക്കാള്‍ ഉയരാന്‍ അദ്ദേഹത്തെ സഹായിച്ചു.

ടി20 യിലെ മാന്‍ ഓഫ് ദിമാച്ച് കാര്യത്തിലും താരം നാഴികക്കല്ലുകള്‍ പിന്നിട്ടു. ഇതുവരെ കളിച്ച 54 ടി 20 ഐയില്‍ പതിമൂന്നാമത്തെ പ്‌ളെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരമായിരുന്നു. ടി20യില്‍ ഇന്ത്യക്കായി 12 അവാര്‍ഡുകള്‍ നേടിയ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് അദ്ദേഹം തകര്‍ത്തു. ഇപ്പോള്‍ വിരാട് കോഹ്ലി മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ടി20യില്‍ 4000-ത്തിലധികം റണ്‍സ് നേടിയ ഏക ബാറ്റ്സ്മാനായ കോഹ്ലി ഇന്ത്യയ്ക്കായി 115 ടി20 മത്സരങ്ങളില്‍ നിന്ന് 15 മാന്‍ ഓഫ്ദി മാച്ച് അവാര്‍ഡുകള്‍ നേടി.