കൊക്കോയെക്കുറിച്ചുള്ള ചിന്തകൾ തൽക്കാലം മാറ്റിവെക്കാം. ഭക്ഷ്യാവശിഷ്ടങ്ങളും മിച്ചം വരുന്ന ആഹാരപദാർത്ഥങ്ങളും ഉപയോഗിച്ച് ചോക്ലേറ്റിന് സമാനമായ വിഭവങ്ങൾ നിർമ്മിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ് കോപ്പൻഹേഗനിലെ ഒരു ഫുഡ് ഇന്നൊവേഷൻ ലാബ്. പ്രശസ്ത ഷെഫ് റാസ്മസ് മങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘സ്പോറ’ (Spora) എന്ന ലാബിലെ കൗതുകകരമായ പരീക്ഷണങ്ങൾ പ്രശസ്ത ഫുഡ് ആന്റ് ട്രാവൽ ക്രിയേറ്റർമാരായ ആണ്ടേഴ്സ് ഹൂസയും കേറ്റ്ലിൻ ഓറും ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കൊക്കോ തീരെ ഉപയോഗിക്കാതെ നിർമ്മിച്ച, എന്നാൽ കാണാനും രുചിക്കാനും ചോക്ലേറ്റ് പോലെ തോന്നിക്കുന്ന ഒരു ഉൽപ്പന്നമാണ് അവർ ആദ്യം പരിചയപ്പെടുത്തിയത്. ഭക്ഷ്യാവശിഷ്ടങ്ങളിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും എന്നാൽ കൃത്യമായ ചോക്ലേറ്റിന്റെ രുചിയാണ ഇതിനുള്ളതെന്നും കേറ്റ്ലിൻ വീഡിയോയിൽ പറയുന്നു. പാചക വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും ഒരുമിച്ച് അണിനിരത്തി പുതിയ ഭക്ഷണ ആശയങ്ങളും, മാംസത്തിന് പകരമായി ഉപയോഗിക്കാവുന്ന പ്രോട്ടീൻ സ്രോതസ്സുകളും, സുസ്ഥിര ചേരുവകളും വികസിപ്പിച്ചെടുക്കുന്ന ഇടമാണ് സ്പോറ. പാഴായിപ്പോകുന്ന ചേരുവകൾ ഉപയോഗിച്ച് നമ്മൾ സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ പുനഃസൃഷ്ടിക്കാമെന്നും ഈ ലാബ് ഗവേഷണം ചെയ്യുന്നു.
നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കോപ്പൻഹേഗനിലെ ‘ആൽക്കെമിസ്റ്റ്’ റസ്റ്റോറന്റിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘമാണ് ഭാവിയിലെ ഭക്ഷണ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഈ സയൻസ് ലാബ് ആരംഭിച്ചിരിക്കുന്നത്. ആണ്ടേഴ്സിന്റെയും കേറ്റ്ലിന്റെയും ഫുഡ് ക്ലബ്ബായ ‘ദി ഹംഗ്രീസ്’ അംഗങ്ങൾ ഈ ലാബിലെ പരീക്ഷണ വിഭവങ്ങൾ രുചിച്ചുനോക്കി. ബീയർ നിർമ്മാണത്തിന് ശേഷം മിച്ചം വരുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ‘സ്നാപ്പ്’ എന്ന കൊക്കോ രഹിത ചോക്ലേറ്റും ഇതിൽ ഉൾപ്പെടുന്നു.
ഡാർക്ക്, മിൽക്ക്, ഗോൾഡ് എന്നിങ്ങനെ മൂന്ന് തരം സ്നാപ്പുകൾ ലഭ്യമാണ്. പയറുവർഗ്ഗങ്ങളിൽ നിന്നാണ് ഇതിന്റെ നട്ട്ടിയും കാരമലിന് സമാനവുമായ രുചി ലഭിക്കുന്നത്. നാരങ്ങ മാധുര്യം നിറച്ച സ്നാപ്പ് ട്രഫിൾ രുചിച്ചു നോക്കിയ സംഘം, അത് ചോക്ലേറ്റിനോട് എത്രത്തോളം സാമ്യമുള്ളതാണെന്ന് കണ്ട് അത്ഭുതപ്പെട്ടു.
ഇതിനുപുറമെ, ഗ്രീൻ മൈക്രോബയോം സ്മൂത്തി, ഇറച്ചിയില്ലാത്ത റെപ്പ്സീഡ് കേക്ക് സലാഡ് എന്നിവയും ഇവർ പരീക്ഷിച്ചു. ഉറുമ്പുകളെ ചേർത്ത് തയ്യാറാക്കിയതും മുകളിൽ ഉറുമ്പിനെ വച്ച് അലങ്കരിച്ചതുമായ ‘ആന്റ് ഹിൽ’ എന്ന കോക്ടെയ്ലും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭക്ഷ്യാവശിഷ്ടങ്ങളിൽ നിന്നുള്ള ചോക്ലേറ്റും, മാംസത്തിന് ബദലായ പ്രോട്ടീൻ വിഭവങ്ങളും നിർമ്മിക്കുന്നതിനൊപ്പം ഭക്ഷണരംഗത്ത് സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഷെഫ് റാസ്മസ് നടത്തുന്ന ശ്രമങ്ങളെ ആണ്ടേഴ്സ് വീഡിയോയിൽ അഭിനന്ദിച്ചു.




