ഗുവാഹത്തിയിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കി. ശനിയാഴ്ച ന്യൂ ചണ്ഡിഗഡിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ താരം കളിക്കില്ല. പ്രസിദ്ധിനു പകരം ഹരിയാന പേസറും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ അൻഷുൽ കംബോജിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി.
ഗുവാഹത്തിയിൽ അഞ്ച് ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത പ്രസിദ്ധിന് പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് 31-ാം ഓവറിൽ മൈതാനം വിടേണ്ടിവരുകയായിരുന്നു. ബെംഗളൂരുവിലേക്ക് മടങ്ങിയ താരത്തിന് ഒക്ടോബർ 11ന് തുടങ്ങുന്ന രഞ്ജി ട്രോഫി ആദ്യ മത്സരങ്ങളും നഷ്ടമായേക്കും. പുതുച്ചേരിയിൽ ഇന്ത്യ എ – ഓസ്‌ട്രേലിയ എ ചതുർദിന മത്സരത്തിൽ കളിച്ചുകൊണ്ടിരുന്ന കംബോജിനെ അവിടെനിന്നു പിൻവലിച്ചാണ് ന്യൂ ചണ്ഡിഗഡിലേക്ക് അയച്ചത്.
ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ മൂന്ന് വിക്കറ്റും രണ്ടാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും നേടിയ കംബോജ്, രണ്ടാം ഇന്നിങ്സിൽ രണ്ട് ഓവർ എറിഞ്ഞ ശേഷമാണ് ദേശീയ ടീമിലേക്ക് എത്തുന്നത്. ഇതുവരെ ഏകദിനത്തിൽ അരങ്ങേറിയിട്ടില്ലാത്ത താരം 35 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 56 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു ടെസ്റ്റ് മത്സരത്തിലും താരം ഇന്ത്യയെ പ്രതിനിധീകരിച്ചു. മത്സരങ്ങൾ തുടർച്ചയായി എത്തുന്നതിനാൽ പ്രധാന താരങ്ങളെ വിവിധ ടീമുകളിലായി വിഭജിച്ചാണ് ഇന്ത്യ ഇറക്കുന്നത്. പ്രമുഖ പേസർ ജസ്പ്രീത് ബുമ്ര ഏഷ്യൻ ഗെയിംസിനായി ജപ്പാനിലാണ്. നിലവിൽ കംബോജിനു പുറമെ മുഹമ്മദ് സിറാജ്, ആക്വിബ് നബി, ഗുർനൂർ ബ്രാർ എന്നിവരാണ് ഏകദിന ടീമിലെ മറ്റു പേസർമാർ.
വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെ ഒഴിവാക്കി പഞ്ചാബ് താരം നമൻ ധീറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര മുന്നിൽ കണ്ടാണ് ബിസിസിഐയുടെ ഈ തീരുമാനം. ഒക്ടോബർ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ തമിഴ്‌നാടിനായി വാഷിങ്ടൻ കളിച്ചേക്കും.
ഒക്ടോബർ 22ന് തുടങ്ങുന്ന ന്യൂസീലൻഡ് പര്യടനത്തിൽ ഇന്ത്യ അഞ്ച് ട്വന്റി20യും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് കളിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ അരങ്ങേറിയ നമൻ ധീറിന് ആദ്യമായാണ് ട്വന്റി20 ടീമിലേക്ക് വിളി വരുന്നത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന താരത്തിന് വിക്കറ്റുകളൊന്നും നേടാനും സാധിച്ചിരുന്നില്ല.




