മെക്സിക്കോ സിറ്റി: മെക്സിക്കൻ വനിതാ ഫുട്ബോൾ ലീഗിൽ ലിയോണിനെതിരെയുള്ള തകർപ്പൻ വിജയത്തിന് പിന്നാലെ, സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരുടെ വിലക്കുകൾ മറികടന്ന് കൊച്ചു പെൺകുട്ടിക്ക് തന്റെ മാച്ച് ജഴ്സി സമ്മാനിച്ച് ക്ലബ് അമേരിക്ക ഫെമെനിൽ ക്യാപ്റ്റൻ സ്കാർലറ്റ് കാംബെറോസ്.
സെപ്റ്റംബർ 28-ന് നടന്ന മത്സര ശേഷമുള്ള താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വൈറലായിരിക്കുകയാണ്. ലിയോണിന്റെ ഹോം ഗ്രൗണ്ടായ നൗ കാംപ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ക്ലബ് അമേരിക്ക ഫെമെനിൽ വിജയിച്ചുകയറിയത്. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്ന കാംബെറോസിനെ ഗാലറിയിലുണ്ടായിരുന്ന ഒരു പെൺകുട്ടി വിളിക്കുകയും താരത്തിന്റെ ജഴ്സി ചോദിക്കുകയുമായിരുന്നു.
സുരക്ഷാ കാരണങ്ങളാൽ ആരാധകർ താരങ്ങളുടെ അടുത്തേക്ക് വരുന്നതിനോ താരങ്ങൾക്ക് ഗാലറിക്ക് സമീപത്തേക്ക് പോകുന്നതിനോ സ്റ്റേഡിയം അധികൃതർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ കുഞ്ഞുആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ സ്കാർലറ്റ് മുൻകൈയെടുക്കുകയായിരുന്നു. തന്റെ മാച്ച് ജഴ്സി ഊരിയ സ്കാർലറ്റ്, ഗ്രൗണ്ടിലുണ്ടായിരുന്ന ഒരു സുരക്ഷാ ജീവനക്കാരനെ വിളിച്ച് അത് പെൺകുട്ടിക്ക് കൈമാറാൻ നിർദ്ദേശം നൽകി. സെക്യൂരിറ്റി ജീവനക്കാരൻ ജഴ്സി കുട്ടിയുടെ കൈകളിൽ എത്തിച്ചതോടെ ഗാലറിയിൽ വലിയ കയ്യടിയാണ് ഉയർന്നത്. ജഴ്സി ലഭിച്ച പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം.
മെക്സിക്കൻ മാധ്യമങ്ങളായ ഡിപോർ എംഎക്സ്, ഒൻസെ ഡിയാരിയോ തുടങ്ങിയവർ പുറത്തുവിട്ട ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 2026-ലെ വനിതാ ബലോൻ ദ് ഓർ പുരസ്കാര പട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സ്കാർലറ്റ് കാംബെറോസ്, ആരാധകരോട് കാണിക്കുന്ന ഈ സ്നേഹത്തിന് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ആരാധകർക്ക് താരങ്ങൾ ജഴ്സി നൽകുന്നത് പതിവാണെങ്കിലും, സുരക്ഷാ തടസ്സങ്ങൾക്കിടയിലും കുട്ടി ആരാധികയെ നിരാശയാക്കാതിരുന്ന സ്കാർലറ്റിന്റെ മനസ്സാണ് ഏവരുടെയും മനംകവർന്നത്. ഓഗസ്റ്റിൽ നടന്ന ക്ലാസിക്കോ മത്സരത്തിന് ശേഷവും കാംബെറോസ് സമാനമായ രീതിയിൽ ഒരു ആരാധകന് ജഴ്സി സമ്മാനിച്ചിരുന്നു.




