Featured Lifestyle

അമിത സമ്മർദ്ദം; ഉയർന്ന ശമ്പളമുള്ള ഡോക്ടർ കുപ്പായമഴിച്ച് പബ് ഗായികയും ഡെലിവറി ഗേളായും യുവതി

ഉയർന്ന ശമ്പളവും കഠിനാധ്വാനവും നിറഞ്ഞ മെഡിക്കൽ കരിയർ ഉപേക്ഷിച്ച് വേറിട്ട ജീവിതരീതി തിരഞ്ഞെടുത്തിരിക്കുകയാണ് 31-കാരിയായ ചൈനീസ് യുവതി. സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടാനായി ഡോക്ടറായിരുന്ന ലിയു സിഹാൻ എന്ന യുവതിയാണ് ജോലി ഉപേക്ഷിച്ച് ഡെലിവറി ഡ്രൈവറായും പബ് ഗായികയുമായും മാറിയത്. ചെറിയ ജോലികളിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം സമാധാനപരമായ ജീവിതത്തിന് ധാരാളമാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ ലിയു വ്യക്തമാക്കുന്നു.

കഠിനമായ വിദ്യാഭ്യാസ രീതിക്ക് പേരുകേട്ട ഹെബെയ് പ്രവിശ്യയിലാണ് ലിയു വളർന്നത്. സൈനിക ശൈലിയിലുള്ള പരിശീലനം നൽകുന്ന ഹെങ്ഷുയ് ഹൈസ്കൂളിൽ പഠിച്ച അവർ, പിന്നീട് സിചുവാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിൻ ബിരുദവും മക്കാവു യൂണിവേഴ്സിറ്റിയിൽ നിന്ന് ഹെൽത്ത് സയൻസസിൽ ഡോക്ടറേറ്റും നേടി. 27-ാം വയസ്സിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം ഒരു പ്രമുഖ ആശുപത്രിയിൽ സൈക്യാട്രിസ്റ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു.

രോഗികളുമായി ആത്മാർത്ഥമായി ഇടപഴകാനും അവരുടെ സ്നേഹവും പ്രശംസകളും സ്വീകരിക്കാനും ലിയു എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ജുഹായിലെ ആശുപത്രിയിൽ സൈക്യാട്രിസ്റ്റായും പോസ്റ്റ് ഡോക്ടറൽ ഗവേഷകയായും പ്രവർത്തിക്കവെ, കർശനമായ സമയക്രമവും ജോലിയുടെ അമിത സമ്മർദ്ദവും താങ്ങാനാകാതെ വന്നതോടെ ഈ വർഷം ഫെബ്രുവരിയിൽ അവർ ജോലി ഉപേക്ഷിക്കുകയായിരുന്നു.

പിഎച്ച്ഡി ഉള്ളതിനാൽ മികച്ച കരിയറും സ്ഥിരവരുമാനവും ഉറപ്പായിരുന്നെങ്കിലും, ആ ജീവിതശൈലി തനിക്ക് അനുയോജ്യമല്ലെന്ന് ലിയു തിരിച്ചറിഞ്ഞു. ജോലി രാജിവച്ച ശേഷം നടത്തിയ യാത്രകൾക്ക് ഒടുവിൽ, പ്രഭാതഭക്ഷണം വിൽക്കലും പബുകളിൽ പാട്ടുപാടലും ഡെലിവറി ജോലികളും ഉൾപ്പെടെയുള്ള വഴികളിലേക്ക് അവർ തിരിഞ്ഞു.

ഈ പുതിയ തൊഴിലുകളിലൂടെ സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള മനുഷ്യരുമായി ബന്ധപ്പെടാൻ അവർക്ക് സാധിച്ചു. സാധാരണക്കാരായ ചെറുകിട കച്ചവടക്കാരുടെ ശുഭാപ്തിവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള കഴിവും ലിയുവിനെ ഏറെ ആകർഷിച്ചു. മത്സരങ്ങൾക്കും റാങ്കുകൾക്കും അപ്പുറം പരസ്പരമുള്ള കരുതലും സ്നേഹവുമാണ് ജീവിതത്തിൽ പ്രധാനം എന്ന് അവർ മനസ്സിലാക്കി. നിലവിൽ ഭാഗികമായി തെറാപ്പിസ്റ്റ് ജോലിയും ചെയ്യുന്ന ലിയുവിന്റെ അനുഭവം അമിത സമ്മർദ്ദം അനുഭവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വലിയൊരു സന്ദേശമാണ് നൽകുന്നത്.