അര്‍ദ്ധരാത്രിയില്‍ അസാധാരണമായ ഒരു ഹമ്മിംഗ് നാട്ടുകാരെ ഭീതിയിലാക്കുന്നു. വടക്കന്‍ അയര്‍ലണ്ടിലെ ഒരു ചെറിയ പട്ടണമായ ഒമാഗിലെ ജനങ്ങളാണ് രാത്രിയില്‍ നിഗൂഢമായ ഒരു ഹമ്മിംഗ് ശബ്ദത്തെക്കുറിച്ച് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഉറക്കത്തിന് തടസ്സം വരുത്തുന്നു ഭീതിദമായ സാഹചര്യം ഉണ്ടാക്കുന്നു തുടങ്ങിയ പരാതിയെ തുടര്‍ന്ന് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.
അതേസമയം ഒമാഗ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയമായതോടെ ദുരൂഹത പരിഹരിക്കാന്‍ ശബ്ദ വിദഗ്ധരെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുന്ന ശബ്ദത്തില്‍ നിന്ന് വ്യത്യസ്തമായ ‘സാധാരണയായി ഇത് ഒരു സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഹമ്മിംഗ്’ എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്. രാത്രി ഏറെവൈകിയേ ശബ്ദം കേള്ക്കു. സാധാരണയായി അര്‍ദ്ധരാത്രി 12 മണി മുതല്‍ 1.00 മണി വരെയാണ് കേള്‍ക്കുന്നത്.
ചിലര്‍ ഇതുമായി പൊരുത്തപ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ ഇത് അവരുടെ രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നുവെന്ന് പരാതി പറയുകയാണ്. ‘ഇത് ഒരു വൈബ്രേറ്റിംഗ് ശബ്ദം പോലെയാണ്, രാത്രിയില്‍ ശരിക്കും ഉച്ചത്തില്‍, എല്ലാ രാത്രിയും ഏകദേശം 12 അല്ലെങ്കില്‍ 1 മണിക്ക്,’ ഒരാള്‍ പറയുന്നു. അതേസമയം നിഗൂഢമായ ശബ്ദത്താല്‍ വലയുന്നത് ഒമാഗ് മാത്രമല്ല. വര്‍ഷങ്ങളായി, ഹോംഫീല്‍ഡ് എന്ന ഇംഗ്ലീഷ് ഗ്രാമത്തെയും ഒരു നിഗൂഡശബ്ദം ബാധിച്ചിട്ടുണ്ട്, അത് ഹോംഫീല്‍ഡ് ഹം എന്നറിയപ്പെടുന്നു. ഡിട്രോയിറ്റിനടുത്തുള്ള കനേഡിയന്‍ നഗരമായ വിന്‍ഡ്സറിലും സമാനമായ ഒരു പ്രതിഭാസം സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനെ വിന്‍ഡ്സര്‍ ഹമ്മിംഗ് എന്നു വരെ വിളിക്കുന്നുണ്ട്.
‘ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് സഹായിക്കുന്നതിന് സ്പെഷ്യലിസ്റ്റ് ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചോ അല്ലെങ്കില്‍ ഒരു സ്പെഷ്യലിസ്റ്റ് കമ്പനിയുടെ സംഭരണത്തെക്കുറിച്ചോ ഉദ്യോഗസ്ഥര്‍ നിലവില്‍ അന്വേഷിക്കുകയാണ്. എന്നാല്‍ വലിയൊരു പ്രദേശത്ത് മുഴുവനായി മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തുക ദുഷ്ക്കരമായ ഒരു കാര്യമായിട്ടാണ് അധികൃതരും പറയുന്നത്. അതേസമയം ഹമ്മിംഗിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കഥകളും ഗ്രാമീണര്‍ക്കിടയില്‍ ശക്തമാണ്. അതിന്ദ്രീയ ശക്തി മുതല്‍ പറക്കും തളികകള്‍ വരെ പറയപ്പെടുന്ന കഥകളിലുണ്ട്. നിഗൂഢമായ ഹമ്മിന്റെ ഉറവിടത്തെക്കുറിച്ച് ചില സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു.