Crime Oddly News

കാഴ്ചയില്ലാത്ത അനിയത്തിക്ക് ചികിത്സക്കായി പിരിച്ചത് ലക്ഷങ്ങൾ ! ‘അങ്ങനെയൊരു അനിയത്തിയില്ലെന്ന്’ പോലീസ്- യുവാവ് കെട്ടിച്ചമച്ച കഥ

സഹോദരിക്ക് മാരകമായ കണ്ണ് രോഗമാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെന്നും വ്യാജമായി പ്രചരിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവിനെ വെള്ളിയാഴ്ച ആഗ്രയിൽ പോലീസ് അറസ്റ്റ് ചെയ്തു.

അജയ്വീർ സിംഗ് എന്ന ജയ് സിംഗ് റാത്തോഡ്, തന്റെ 12 വയസ്സുള്ള സഹോദരിക്ക് ‘ഗ്ലോക്കോമ’, ‘വിട്രിയസ് ഹെമറേജ്’ എന്നീ രോഗങ്ങളാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. വ്യാജ മെഡിക്കൽ രേഖകൾ ചമച്ച് ജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്ത ഇയാൾ ക്രൗഡ് ഫണ്ടിംഗ് വഴി വൻതോതിൽ പണം തട്ടിയതായി ആഗ്ര പോലീസ് എക്സിൽ (ട്വിറ്റർ) വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ ബാ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

16 വയസ്സുകാരനായ ജയ് സിംഗ് റാത്തോഡ് എന്ന് തെറ്റിദ്ധരിപ്പിച്ച് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അജയ്വീർ സിംഗ് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചത്. അനിയത്തിയുടെ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാൻ ദൽഹിയിലെ ഷ്രോഫ് ഐ സെന്ററിൽ അടിയന്തര ശസ്ത്രക്രിയ വേണമെന്നും, ഇതുവരെ 2.5 ലക്ഷം രൂപ ചെലവായെന്നും ഇനി 1.2 ലക്ഷം രൂപ കൂടി വേണമെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. സമ്പാദ്യവും ബന്ധുക്കളുടെ സഹായവും ചേർത്ത് 50,000 രൂപ സംഘടിപ്പിച്ചെന്നും ഇനി 73,000 രൂപ കൂടി കുറവുണ്ടെന്നും ഇയാൾ കുറിച്ചു.

ഈ അപേക്ഷ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയും നിരവധി ആളുകൾ പണം അയച്ചുനൽകുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ 1,58,282 രൂപ ലഭിച്ചതായി ഇയാൾ തന്നെ വ്യക്തമാക്കി. ആവശ്യത്തിന് പണം ലഭിച്ചെന്ന് പറഞ്ഞ് പിന്നീട് ഇയാൾ പേയ്‌മെന്റ് ലിങ്ക് പോസ്റ്റുകളിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

എന്നാൽ, ഷ്രോഫ് ഐ സെന്ററിന്റെ ലെറ്റർഹെഡ് ഉപയോഗിച്ച് വ്യാജ രോഗി രേഖകളും പ്രിസ്‌ക്രിപ്ഷനുകളും തുകയുടെ എസ്റ്റിമേറ്റും ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി ആശുപത്രി അധികൃതർ ഇൻസ്റ്റാഗ്രാമിലൂടെ മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ രേഖകൾ കണ്ട് വഞ്ചിക്കപ്പെടരുതെന്നും അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ആശുപത്രിയുടെ ഈ മുന്നറിയിപ്പ് വന്നതോടെ സംഭാവന നൽകിയവർ ഇയാളുടെ പോസ്റ്റുകളെയും രേഖകളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു രോഗിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പലരും കണ്ടെത്തി. ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ നൽകിയതോടെ പണം തിരികെ നൽകണമെന്ന് ദാതാക്കൾ ആവശ്യപ്പെട്ടു. പണം തിരിച്ചയച്ചതിന്റെയും ബാങ്ക് ബാലൻസ് മാറിയതിന്റെയും സ്ക്രീൻഷോട്ടുകൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും ഇവയുടെ സത്യവസ്ഥ സ്ഥിരീകരിച്ചിട്ടില്ല.

പണം നഷ്ടപ്പെട്ടവരുടെ പരാതിയെ തുടർന്ന് പോലീസ് സിംഗിനെ അറസ്റ്റ് ചെയ്യുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.