Sports

ലോകകപ്പടിച്ച ഓസീസ് പുരുഷടീമിന്റെ മാനേജര്‍ ഇന്ത്യക്കാരി, ആരാണ് ഊര്‍മ്മിള റൊസാരിയോ

ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം ഇന്ത്യയെ തകര്‍ത്ത് ലോകകപ്പ് നേടിയതിന്റെ നിരാശ ആരാധകര്‍ക്ക് ഇതുവരെ മറക്കാനായിട്ടില്ല. എന്നാല്‍ ഇന്ത്യയെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയതില്‍ സന്തോഷിക്കുന്ന രണ്ട് ഇന്ത്യാക്കാരെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. അതില്‍ ആദ്യത്തെയാള്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ ഇന്ത്യന്‍ ഭാര്യയായിരിക്കും രണ്ടാമത്തെയാള്‍ മാംഗ്‌ളൂര്‍കാരി ഊര്‍മ്മിള റൊസാരിയോയാണ്. കഴിഞ്ഞ ഞായറാഴ്ച ലോകകപ്പ് ഉയര്‍ത്തിയ ഓസീസ് പുരുഷടീമിന്റെ മാനേജരാണ് 34 കാരി ഊര്‍മ്മിള.

മാംഗ്‌ളൂരിന് സമീപത്തെ കിന്നിഗോളിയില്‍ നിന്നുള്ള ഐവിയുടേയും വാലന്റൈന്‍ റൊസാരിയോയുടേയും മകളാണ് ഊര്‍മ്മിള. ഇന്ത്യന്‍ വേരുകള്‍ ഉണ്ടെങ്കിലും ഖത്തറില്‍ ജനിക്കുകയും അവിടെ വളരുകയും വിദ്യാഭ്യാസം ചെയ്യുകയും ചെയ്ത ഊര്‍മ്മിള ദമ്പതികളുടെ നാലു മക്കളില്‍ സ്‌പോര്‍ട്‌സിനെ കരിയറായി തെരഞ്ഞെടുത്ത ഏകയാളാണ്. സത്യത്തില്‍ ടെന്നീസുകളിക്കാരിയായി മാറേണ്ടിയിരുന്ന ഊര്‍മ്മിള വഴിതെറ്റിയാണ് ക്രിക്കറ്റില്‍ വന്നത്. ടെന്നീസിന്റെ നഷ്ടം ക്രിക്കറ്റിന് നേട്ടമായി മാറിയെന്ന് മാത്രം.

അക്കാദമികമായി മികച്ച നിലയിലുള്ള മറ്റു സഹോദരങ്ങളില്‍ നിന്നും വ്യത്യസ്തമായി കുട്ടിക്കാലം മുതല്‍ ഊര്‍മ്മിളയുടെ ഇഷ്ടം സ്‌പോര്‍ട്‌സില്‍ ആയിരുന്നു. മൂത്ത സഹോദരന്‍ ഡോ. ഡേവിഡ് റൊസാരിയോ ന്യൂകാസില്‍ യൂണിവേഴ്സിറ്റിയില്‍ ജ്യോതിശാസ്ത്രത്തില്‍ സീനിയര്‍ ലക്ചററാണ്. രണ്ട് സഹോദരങ്ങളില്‍ ഡോ. റോസ് ഈശ്വരി സ്‌കോട്ട്‌ലന്‍ഡിലാണ്, ഉദയ് റൊസാരിയോ ഖത്തറിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിയമം പഠിപ്പിക്കുന്നു. ടെന്നീസിലായിരുന്നു ഊര്‍മ്മിളയുടെ തുടക്കം. ഒരു ബോള്‍ഗേള്‍ ആയി തുടങ്ങി, അവളുടെ സ്‌കൂളില്‍ കളിക്കുമ്പോള്‍ അവള്‍ നന്നായി ടെന്നീസ് കളിക്കുകയും ചെയ്തിരുന്നു. പക്ഷേ പതിവായുള്ള അപകടങ്ങള്‍ അവളുടെ കൗമാരത്തില്‍ മൂന്ന് തവണ വലതുകാലിന് ഒടിവുണ്ടാക്കിയതോടെ ടെന്നീസ് സ്വപ്നത്തിന് താല്‍ക്കാലികമായി വിരാമമിട്ടു. തുടര്‍ന്ന് പഠിക്കാന്‍ ഉഡുപ്പിയിലേക്ക് മടങ്ങി,

എന്നാല്‍ ആദ്യ വര്‍ഷത്തിന് ശേഷം മുന്‍ ഇന്ത്യന്‍ ടെന്നീസ് കളിക്കാരനും നിരവധി ഡേവിസ് കപ്പ് താരങ്ങളുടെ പരിശീലകനുമായ കൃഷ്ണ ഭൂപതി നടത്തുന്ന ഭൂപതി ടെന്നീസ് വില്ലേജില്‍ ചേര്‍ന്നു. ടെന്നീസ് ഗ്രാമത്തില്‍ ഊര്‍മ്മിള തന്റെ ടെന്നീസ് അഭിലാഷം കൃത്യമായി പിന്തുടരുകയായിരുന്നു. എന്നാല്‍ പരിക്കേറ്റ കാല് അവളുടെ പുരോഗതിയെ തടസ്സപ്പെടുത്താന്‍ തുടങ്ങിയതോടെ, കൃഷ്ണ ഭൂപതി കരിയറിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന പ്രവചനം നടത്തി. പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും കണക്കിലെടുക്കുമ്പോള്‍, ഊര്‍മിളയ്ക്ക് ഒരു പ്രൊഫഷണല്‍ ടെന്നീസ് കളിക്കാരിയാകാന്‍ കഴിയില്ല. എന്നാല്‍ സ്‌പോര്‍ട്‌സില്‍ തന്നെ നില്‍ക്കാന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ ഒരു കരിയര്‍ ഉണ്ടാക്കാനുള്ള ഉപദേശവും നല്‍കി.

സ്‌പോര്‍ട്‌സിനെ പിന്തുടരാന്‍ വേണ്ടി ഖത്തറിലേക്ക് തിരിച്ചുപോയ ഊര്‍മ്മിള ഖത്തറിലെ കാര്‍ണഗീ മെലോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടി. ഖത്തര്‍ ടെന്നീസ് ഫെഡറേഷനൊപ്പം പ്രവര്‍ത്തിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം അവര്‍ ഓസ്ട്രേലിയയിലേക്ക് മാറി. ഒരു ടെന്നീസ് അക്കാദമിയില്‍ ചേരാന്‍ ഓസ്ട്രേലിയയില്‍ താമസമാക്കാന്‍ തീരുമാനം എടുത്തു നില്‍ക്കേയാണ് അഡ്ലെയ്ഡ് ക്രിക്കറ്റ് ടീമിനൊപ്പം മറ്റൊരു അവസരം തേടി വന്നത്.

ഇത് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മാനേജരായി അവര്‍ക്ക് അവസരം നല്‍കി.കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പിന് മുമ്പ്, ഊര്‍മിള ഒരു ക്രിക്കറ്റ് ടീമിന്റെ മാനേജര്‍ എന്ന നിലയില്‍ തന്റെ റോളില്‍ നിന്ന് അവധിയെടുക്കുകയും നാല് മാസത്തേക്ക് ഖത്തറിലെ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയം നിയന്ത്രിക്കുന്നതിനുള്ള പാര്‍ട്ട് ടൈം ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഈ സെപ്റ്റംബറില്‍ ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയപ്പോള്‍, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പം പോകാന്‍ എസിബി അവളോട് പറഞ്ഞു.

ഓസ്ട്രേലിയന്‍ പുരുഷ ടീമിനൊപ്പം ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കിയ ഊര്‍മ്മിള അടുത്ത മാസം ഓസ്‌ട്രേലിയന്‍ വുമണ്‍സ് ക്രിക്കറ്റ് ടീമിനൊപ്പം വീണ്ടും ഇന്ത്യയില്‍ എത്തും. ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്യുന്നതിലെ വിജയത്തിന് പുറമെ ഊര്‍മ്മിളയുടെ ഇന്ത്യന്‍ ബന്ധങ്ങളും ഇന്ത്യന്‍ ഭാഷകളെക്കുറിച്ചുള്ള അറിവുമാണ് അവരെ പ്രാപ്തമാക്കുന്ന ഘടകങ്ങളായി മാറിയിരിക്കുന്നതെന്നാണ് കരുതുന്നത്.