Hollywood

അക്വാമാന്റെ പുതിയ പതിപ്പില്‍ ആംബര്‍ ഹെര്‍ഡിന് കാര്യമായ വേഷമില്ല; വിശദീകരിച്ച് സംവിധായകന്‍

വെള്ളത്തിനടിയിലെ നിഗൂഡതയുടെ ലോകം ഒരിക്കല്‍ കൂടി തുറക്കുന്ന അക്വാമാന്റെ ഏറ്റവും പുതിയ ഭാഗത്തിനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ‘അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡ’ത്തിന്റെ പുതിയ ട്രെയിലര്‍ ആരാധകരെ അമ്പരപ്പിക്കുമ്പോള്‍ സിനിമയിലെ നടി ആംബര്‍ ഹേര്‍ഡ് ഇതിലുണ്ടാകുമോ എന്ന് ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

ട്രെയിലറില്‍ ഹൃസ്വമായ മൂന്ന് സെക്കന്റ് മാത്രം വരുന്ന ദൃശ്യമാണ് നല്‍കിയിരിക്കുന്നത്. ഇത് നടിയ്ക്ക് കാര്യമായ സീനുകള്‍ ഇല്ലേ എന്ന തരത്തില്‍ ഒരു സംശയം ആരാധകര്‍ക്കും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സിനിമയില്‍ അംബറിന് കാര്യമായ റോളില്ലെന്ന് സംവിധായകന്‍ ജയിംസ് വാന്‍ തന്നെ പറയുന്നു.

അക്വാമാന്‍ സീക്വലിന്റെ ഡിസംബറിലെ റിലീസിന് മുന്നോടിയായി എംപയര്‍ മാഗസിനുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തില്‍, സംവിധായകന്‍ ജെയിംസ് വാന്‍ ഹേര്‍ഡിന്റെ റോളിനെക്കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്തിരുന്നു.

മേരയുടെ പ്രാധാന്യം മാറ്റാനുള്ള തീരുമാനം മനഃപൂര്‍വമാണെന്നും ബാഹ്യമായ വിവാദങ്ങളോടുള്ള പ്രതികരണമല്ലെന്നും വാന്‍ വ്യക്തമാക്കുന്നു. ”അവര്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ ഈ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവള്‍ എന്റെ തലയില്‍ ഇല്ലായിരുന്നു. തിരശ്ശീലയ്ക്ക് പിന്നില്‍ നമ്മള്‍ എന്താണ് ചിന്തിക്കുന്നതെന്ന് അഭിനേതാക്കള്‍ക്ക് അറിയണമെന്നില്ല. പക്ഷെ ഇതായിരുന്നു എപ്പോഴും എന്റെ പ്ലാന്‍

റൊമാന്‍സിംഗ് ദ സ്റ്റോണ്‍ പോലെയുള്ള ഒരു ആക്ഷന്‍-അഡ്വഞ്ചര്‍ റൊമാന്റിക് കോമഡി ആയിട്ടാണ് താന്‍ ആദ്യ സിനിമ ഒരുക്കിയതെന്നും ടാംഗോ & ക്യാഷ് പോലുള്ള സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ബഡ്ഡി കോമഡി എന്ന നിലയിലാണ് തുടര്‍ഭാഗം ആസൂത്രണം ചെയ്തത്” സംവിധായകന്‍ പറഞ്ഞു.