Hollywood

മാറ്റ് ഡാമന്റെ ‘ജേസണ്‍ ബോണ്‍’ ഫ്രാഞ്ചൈസി വീണ്ടും വരുന്നു; എഡ്വോര്‍ഡ് ബര്‍ഗര്‍ സംവിധാനം ചെയ്‌തേക്കും

ഹോളിവുഡിലെ വന്‍ ഹിറ്റുകളില്‍ ഒന്നായ ‘ജേസണ്‍ ബോണ്‍’ ഫ്രാഞ്ചൈസിയെ നയിക്കാന്‍ സംവിധായകന്‍ എഡ്വേര്‍ഡ് ബര്‍ഗര്‍. സിനിമയുടെ പുതിയ പതിപ്പ് ബര്‍ഗര്‍ ഒരുക്കുമെന്നും ഫ്രാഞ്ചൈസിയുടെ അഞ്ച് സിനിമകളില്‍ നാലിലും അഭിനയിച്ച മാറ്റ് ഡാമന്‍ ജേസണ്‍ ബോണായി തിരിച്ചുവരുമെന്നും സൂചന. പക്ഷേ സ്‌ക്രിപ്റ്റ് അന്തിമമാക്കാതെ പ്രോജക്റ്റ് ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നാണ് വിവരം. പുരസ്‌ക്കാരം നേടിയ ഒന്നാം ലോക മഹായുദ്ധ സിനിമ ‘ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ടി’ ലൂടെ അവാര്‍ഡ് നേടിയ സംവിധായകനാണ് എഡ്വേര്‍ഡ് ബര്‍ഗര്‍.

റോബര്‍ട്ട് ലുഡ്ലമിന്റെ നോവലുകളില്‍ നിന്ന് രൂപപ്പെടുത്തിയ ബോണ്‍ സീരീസ് താന്‍ സേവിച്ച സര്‍ക്കാരിനാല്‍ വേട്ടയാടപ്പെടുന്ന ഓര്‍മ്മക്കുറവുമായി പോരാടുന്ന ഒരാളുടെ കഥയാണ് പറയുന്നത്. 2000-ല്‍ പുറത്തിറങ്ങിയ ദി ബോണ്‍ ഐഡന്റിറ്റിയോടെയാണ് ഫ്രാഞ്ചൈസിയുടെ വിജയം ആരംഭിച്ചത്, ഡാമനെ സിനിമ ഒരു ആക്ഷന്‍ താരമാക്കി മാറ്റി.ദ ബോണ്‍ സുപ്രിമസി, ദി ബോണ്‍ അള്‍ട്ടിമാറ്റം തുടങ്ങിയ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ അദ്ദേഹം വീണ്ടും വേഷമിട്ടു എന്നാല്‍ ദി ബോണ്‍ ലെഗസിയില്‍ നിന്നും ഒഴിവാക്കി.

പിന്നീട് 2016-ല്‍ ജേസണ്‍ ബോണിനായി വീണ്ടും മടങ്ങിയെത്തി. 2020-ലാണ് ഒരു പുതിയ ബോണ്‍ സിനിമയുടെ ചര്‍ച്ചകള്‍ ഉണ്ടായത്. ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ടിന്റെ നിരൂപക പ്രശംസയാണ് ബര്‍ഗറിലേക്ക് സിനിമയെത്താന്‍ കാരണമായത്. 520 മില്യണ്‍ ഡോളര്‍ ബജറ്റില്‍ പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളും 1.6 ബില്യണ്‍ ഡോളറിലധികം നേടിയ ബോണ്‍ സിനിമകള്‍ യൂണിവേഴ്‌സലിന്റെ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയ്ക്കൊപ്പം, യൂണിവേഴ്സലിന്റെ പ്രിയപ്പെട്ട ബൗദ്ധിക സ്വത്തുകളിലൊന്നാണ്. അതേസമയം പദ്ധതിയുടെ വികസനത്തെക്കുറിച്ച് യൂണിവേഴ്സല്‍ പിക്ചേഴ്സ് ഇതുവരെ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.