Celebrity

‘പെണ്‍കോന്തന്‍, അടിമ….’; അശ്വിനെതിരെ അധിക്ഷേപം; ദിയ കൃഷ്ണയുടെ മാസ് മറുപടി! ഭർത്താവ് കുഞ്ഞിനെ നോക്കിയാൽ ‘പാവാട’യാകുമോ?

നടി അഹാന കൃഷ്ണയുടെ വിവാഹച്ചടങ്ങുകളിലെ വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നതിനു പിന്നാലെ സഹോദരി ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. വിവാഹദിവസം മകൻ ഓമിയെ മുഴുവൻ സമയവും എടുത്തുനടന്ന് പരിപാലിച്ചത് അശ്വിനായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അശ്വിൻ ഭാര്യയുടെ ‘അടിമ’യാണെന്നും ‘പാവാട’യാണെന്നും പറഞ്ഞ് ചിലർ രംഗത്തെത്തിയതോടെയാണ് ഇതിനെതിരെ ദിയ പരോക്ഷമായി പ്രതികരിച്ചത്.

വിമർശനങ്ങൾക്കുള്ള മറുപടിയായി _suudhii.n എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ച വിഡിയോ ദിയ ത തന്റെ സ്റ്റോറിയായി ചേർത്തു. സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നത് അച്ഛന്റെ കടമയാണെന്നും ഭാര്യയെ പിന്തുണയ്ക്കുന്ന പുരുഷനെ പരിഹസിക്കുന്നത് സമൂഹത്തിന്റെ തെറ്റായ മനോഭാവമാണെന്നുമാണ് വിഡിയോയിൽ പറയുന്നത്. കുഞ്ഞിനെ അച്ഛൻ എടുത്തുനടക്കുന്ന വിഡിയോയ്ക്ക് താഴെ പരിഹസിക്കാൻ എന്തിരിക്കുന്നുവെന്നും, അമ്മ തിരക്കിലോ ശാരീരിക അസ്വസ്ഥതയിലോ ആയതുകൊണ്ടാകാം ഇതെന്നും, അതുമല്ലെങ്കിലും കുഞ്ഞിനെ നോക്കൽ അച്ഛന്റെയും ഉത്തരവാദിത്തമല്ലേ എന്നും വിഡിയോയിൽ ചോദ്യമുയർത്തുന്നു.

കുടുംബത്തിനായി കരിയറും വിദ്യാഭ്യാസവും മാറ്റിവെക്കുന്ന സ്ത്രീയെ ഐഡിയൽ എന്ന് വിളിക്കുന്ന സമൂഹം, ഭാര്യയുടെ ബിസിനസ്സിനും സ്വപ്നങ്ങൾക്കും പിന്തുണ നൽകി കൂടെനിൽക്കുന്ന പുരുഷനെ അധിക്ഷേപിക്കുകയാണെന്ന് വിഡിയോ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിൽ ഒരു പുരുഷനെ പരമാവധി അക്രമിക്കുകയും, പിന്നീട് പുരുഷന്മാരുടെ പ്രശ്നങ്ങൾ ആരും ചർച്ച ചെയ്യുന്നില്ലെന്ന് പറഞ്ഞ് കരയുകയും ചെയ്യുന്നവരുടെ പ്രതീകമാണ് ഇത്തരം കമന്റുകളെന്നും ഇതിൽ വ്യക്തമാക്കുന്നു. ‘നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്’ എന്ന വാക്കുകളോടെയാണ് ദിയ ഈ വിഡിയോ പങ്കുവെച്ചത്.