Sports

ഋഷഭ് പന്തിന്റെ ഏകദിന ഭാവിയുടെ കാര്യത്തിൽ തീരുമാനമായോ? വെള്ളപ്പന്തില്‍ ഇനി കളിയില്ല, ടെസ്റ്റിൽ മാത്രം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഭാവി കാര്യത്തിൽ സെലക്ടർമാർ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്ത് ഒഴിവാക്കപ്പെട്ട പശ്ചാത്തലത്തിലാണ് ചോപ്രയുടെ പ്രതികരണം. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഏകദിന ടീമിൽ ഇടംനേടാൻ പന്തിന് സാധിച്ചില്ല.

ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന്റെ അവിഭാജ്യ ഘടകമാണ് പന്തെന്നും അവിടെ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്ന് സെലക്ടർമാർ കരുതുന്നുണ്ടെന്നും ചോപ്ര പറഞ്ഞു. അതേസമയം, പരിമിത ഓവർ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്ക് വ്യക്തതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാല് വർഷത്തിനിടെ ഒറ്റ ഏകദിന മത്സരത്തിൽ മാത്രമാണ് പന്ത് കളിച്ചിട്ടുള്ളത്. 2024 ടി20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ടി20 ടീമിൽ നിന്നും അദ്ദേഹം പുറത്തായിരുന്നു. 2027 ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ഇന്ത്യ തുടങ്ങുന്ന വേളയിലാണ് പന്ത് ഒഴിവാക്കപ്പെടുന്നത്.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന 15 അംഗ സംഘത്തിൽ രോഹിത് ശർമയും വിരാട് കോലിയുമുണ്ട്. ധ്രുവ് ജുറെലാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. നിലവിൽ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ കെ.എൽ രാഹുൽ ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്.