Crime

ആശ്രിത നിയമനത്തിലൂടെ ജോലി തട്ടിയെടുക്കണം; പിതാവിനെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തു

പിതാവിന്റെ ജോലി തട്ടിയെടുക്കാന്‍ 25 കാരനായ മകന്‍ ക്വട്ടേഷന്‍ സംഘത്തെ വെച്ച് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പിതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 16 ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ റാംജി മുണ്ട എന്നയാള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നടന്ന പോലീസ് അന്വേഷണമാണ് പിന്നില്‍ മകനാണെന്ന് തിരിച്ചറിഞ്ഞത്.

തുടക്കത്തില്‍, വീട്ടുകാരോ ഉദ്യോഗസ്ഥരോ മകന്‍ അമിത് മുണ്ടയെ സംശയിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ അമിതിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ (സിസിഎല്‍) പിതാവിന്റെ ജോലി ആശ്രിത നിയമനം വഴി നേടിയെടുക്കാനുള്ള വഴിയായിട്ടായിരുന്നു അമിത് മുണ്ട പിതാവിനെ കൊലപ്പെടുത്താന്‍ അക്രമികളെ വാടകയ്ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.

മകന്‍ വാടകയ്ക്കെടുത്ത ക്വട്ടേഷന്‍ സംഘമാണ് സിസിഎല്‍ ജീവനക്കാരനെ വെടിവച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കരാര്‍ കൊലയാളികള്‍ ഇപ്പോഴും ഒളിവിലാണ്, അവരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. സമാനമായ ഒരു സംഭവം 2020 ല്‍ ഉണ്ടായിരുന്നു.35 കാരനായ തൊഴിലില്ലാത്ത ഒരാള്‍ ബര്‍കഖാനയിലെ ഒരു സിസിഎല്‍ ഫെസിലിറ്റിയിലെ സെക്യൂരിറ്റി ഗാര്‍ഡായ 55 കാരനായ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. സ്ഥിരം ജീവനക്കാര്‍ സേവന കാലയളവില്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് കമ്പനിയില്‍ സ്ഥിരമായ ഒരു പോസ്റ്റിംഗ് നടത്തുന്ന രീതി കമ്പനിയിലുണ്ട്.