Sports

‘ട്രോഫി കള്ളാ..’: കാണികൾ കൂവിവിളിച്ചു, അന്ന് ട്രോഫി എടുത്തുകൊണ്ട് പോയി, ഇന്ന് ‘വെറുംകയ്യോടെ’ ഗ്രൗണ്ട് വിട്ട് നഖ്‌വി; – വിഡിയോ

ദുബായ് ∙ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തയാറാകാതിരുന്നതോടെ ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങിൽ മുൻവർഷത്തെ സംഭവവികാസങ്ങൾ ആവർത്തിച്ചു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഹർമൻപ്രീത് കൗറും സംഘവും എട്ടാം തവണയാണ് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്. എന്നാൽ മത്സരശേഷം നടന്ന ഔദ്യോഗിക ചടങ്ങുകളിലേക്ക് ഇന്ത്യൻ താരങ്ങൾ തിരിച്ചെത്തിയില്ല.

ഇതിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾ നഖ്‌വിക്കു നേരെ ‘ട്രോഫി ചോർ’ (ട്രോഫി കള്ളൻ) എന്ന് വിളിച്ചു കൂവുകയും ചെയ്തു. ഇതുകേട്ടതോടെ ആർക്കും മുഖം കൊടുക്കാതെ നഖ്‌വി വേഗത്തിൽ ഗ്രൗണ്ട് വിട്ടു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി കൂടിയായ നഖ്‌വിയിൽ നിന്ന് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ കഴിഞ്ഞ വർഷം ഇന്ത്യൻ പുരുഷ ടീമും കൂട്ടാക്കിയിരുന്നില്ല. അന്ന് ട്രോഫിയുമായാണ് നഖ്‌വി മടങ്ങിയതെങ്കിൽ, ഇത്തവണ ട്രോഫി വേദിയിൽ വെക്കാതിരുന്നതിനാൽ വെറുംകയ്യോടെ മടങ്ങേണ്ടി വന്നു.

ഇന്ത്യൻ പുരുഷ ടീമിന് ഇതുവരെ ലഭിക്കാത്ത ഏഷ്യാ കപ്പ് ട്രോഫി നിലവിൽ ദുബായിലെ എസിസി ഓഫിസിലാണ് സൂക്ഷിച്ചിരിക്കുന്നത്. അന്ന് ട്രോഫിയില്ലാതെ സൂര്യകുമാർ യാദവും സംഘവും ‘സാങ്കൽപിക ട്രോഫി’ ഉയർത്തി ആഘോഷിക്കുകയായിരുന്നു. എന്നാൽ ഇത്തവണ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ടീമിലെ മികച്ച ഫീൽഡർക്കുള്ള മെഡൽ നൽകിയതിന് ശേഷം ഇന്ത്യൻ വനിതാ താരങ്ങൾ ഗ്രൗണ്ടിലേക്ക് മടങ്ങിവന്നതുപോലുമില്ല. അതേസമയം ശ്രീലങ്കൻ ടീം റണ്ണേഴ്‌സ് അപ്പിനുള്ള സമ്മാനങ്ങൾ നഖ്‌വിയിൽ നിന്ന് ഏറ്റുവാങ്ങി.

ശ്രീലങ്കൻ ക്യാപ്റ്റന് പുരസ്കാരം നൽകിയ ഉടൻ തന്നെ നഖ്‌വി അവിടെനിന്ന് മടങ്ങി. കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കും ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായത്. നിലവിൽ ആഗോള മത്സരങ്ങളിൽ പരസ്പരമുള്ള ‘നോ-ഹാൻഡ്‌ഷെയ്ക്’ പ്രോട്ടോക്കോളും ഇരു ടീമുകളും പാലിക്കുന്നുണ്ട്.

വിഷയത്തിൽ പ്രതികരണവുമായി ഇന്ത്യൻ ടീം മാനേജ്മെന്റ് രംഗത്തെത്തി. ഇന്ത്യ ഔദ്യോഗികമായി ചാംപ്യന്മാരായി കഴിഞ്ഞെന്നും ട്രോഫി കിട്ടിയോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും മുഖ്യ പരിശീലകൻ അമോൽ മജുംദാർ വ്യക്തമാക്കി. ട്രോഫി വാങ്ങേണ്ടെന്നത് ബിസിസിഐയുടെ നയപരമായ തീരുമാനമാണെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൊഹ്സിൻ നഖ്‌വി പങ്കെടുക്കുകയാണെങ്കിൽ ഇന്ത്യൻ ടീം ട്രോഫി വാങ്ങില്ലെന്ന് ബിസിസിഐ മുൻകൂട്ടി എസിസിയെ അറിയിച്ചിരുന്നതായാണ് വിവരം. പിന്നീട് ഔദ്യോഗിക ചാനലുകളിലൂടെ ട്രോഫി സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോർഡെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. എസിസി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സരൂനിയിൽ നിന്ന് ട്രോഫി വാങ്ങി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം നഖ്‌വി നിരസിച്ചതാണ് ചടങ്ങ് ബഹിഷ്കരിക്കാൻ കാരണമായതെന്ന് സൈകിയ വെളിപ്പെടുത്തി.

മുൻ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ബിസിസിഐ തീരുമാനിച്ചതെന്നും രാജ്യത്തിനായി ജീവൻ വെടിഞ്ഞവരോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെന്നും സൈകിയ കൂട്ടിച്ചേർത്തു. വേദിയിൽ മറ്റ് വഴികളില്ലാത്തതിനാലാണ് മാറിനിന്നത്. എങ്കിലും വൈകാതെ തന്നെ പുരുഷ-വനിതാ ടീമുകളുടെ രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യയിലേക്ക് എത്തുമെന്നും തകർപ്പൻ വിജയം നേടിയ വനിതാ ടീമിനെ അഭിനന്ദിക്കുന്നതായും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.