കറാച്ചിയിൽ നിന്നുള്ള ഹൃദ്യമായ ഒരു വീഡിയോ മതസൗഹാർദ്ദത്തിന്റെ മനോഹരമായ മാതൃകയായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. പാകിസ്ഥാനി നഗരത്തിലെ ഒരു മഹാരാഷ്ട്രീയൻ കുടുംബത്തിന്റെ ക്ഷേത്രത്തിനായി നിർമ്മിച്ച ഗണപതി വിഗ്രഹം ഒരു മുസ്ലീം കലാകാരൻ ഏറെ ശ്രദ്ധയോടെ ചായം പൂശുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
കറാച്ചിയിൽ താമസിക്കുന്ന ഒരു മഹാരാഷ്ട്രീയൻ കുടുംബം നടത്തുന്ന ‘മഠ് മന്ദിർ’ എന്ന ക്ഷേത്രത്തിന് വേണ്ടിയാണ് ഈ വിഗ്രഹം ഒരുക്കിയതെന്ന് വീഡിയോയുടെ വിവരണത്തിൽ പറയുന്നു. കലാകാരന്റെ കരവിരുതും പരസ്പര ബഹുമാനത്തിന്റെ മനോഹരമായ സന്ദേശവും ഉൾക്കൊള്ളുന്ന ഈ അപൂർവ്വ നിമിഷം നെറ്റിസൺസിന്റെ മനം കവർന്നു. “ആര് ഹിന്ദു? ആര് മുസ്ലീം? ഇത് ബാപ്പയുടെ ശക്തിയും കറാച്ചിയുടെ സൗന്ദര്യവുമാണ്” എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘theamarparkash’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. രാഷ്ട്രീയവും മതപരമായ വ്യത്യാസങ്ങളും മാറ്റിവെച്ചാൽ മനുഷ്യർക്കിടയിൽ സ്നേഹവും സമാധാനവും നിലനിൽക്കുമെന്നതിന്റെ തെളിവാണ് ഇതെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. “എല്ലാ മതങ്ങളെയും ബഹുമാനിക്കുക”, “ഇത് കണ്ടപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു”, “രാഷ്ട്രീയമില്ലെങ്കിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒന്നാണ്” എന്നിങ്ങനെ പോസിറ്റീവായ ഒട്ടനവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഉയർന്നുവരുന്നത്.
വിഭജനങ്ങളുടെയും രാഷ്ട്രീയ തർക്കങ്ങളുടെയും വാർത്തകൾക്കിടയിൽ, കലയും വിശ്വാസവും പരസ്പര ബഹുമാനവും സമന്വയിച്ച ഈ സംഭവം സൗഹാർദ്ദത്തിന്റെ വേറിട്ടൊരു ചിത്രമാണ് നൽകുന്നത്. ഒരു ഗണപതി വിഗ്രഹവും കറാച്ചിയിലെ ക്ഷേത്രവും ഒരു മുസ്ലീം കലാകാരനും ചേർന്ന് മാനവികതയുടെ മനോഹരമായ ഒരു സന്ദേശമാണ് ലോകത്തിന് നൽകുന്നത്.




