Featured Sports

‘ഈ വർഷത്തെ ഏറ്റവും മികച്ച വീഡിയോ’: ഒരിടത്ത് വിജയാഘോഷം, മറുഭാഗത്ത് റാക്കറ്റ് തല്ലിപ്പൊട്ടിച്ചു, വൈറലായി യുഎസ് ഓപ്പണിലെ ആ രംഗം!

യുഎസ് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ട് മത്സരത്തിൽനിന്നുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തിങ്കളാഴ്ച നടന്ന വാശിറ്റേറിയ പോരാട്ടത്തിൽ യുഎസ്എയുടെ എമ്മ നവാരോ ഫ്രാൻസിന്റെ ലോയിസ് ബോയിസണെ 7-6, 6-7, 6-3 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു.

മത്സരശേഷം ഒരു വശത്ത് നവാരോ കാണികൾക്കൊപ്പം വിജയം ആഘോഷിക്കുമ്പോൾ, മറുവശത്ത് കടുത്ത നിരാശയിലായ ബോയിസൺ തന്റെ റാക്കറ്റ് നിലത്തടിച്ച് പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പോരാട്ടത്തിന്റെ തീവ്രതയും താരങ്ങളുടെ വ്യത്യസ്ത വികാരപ്രകടനങ്ങളും വ്യക്തമാക്കുന്ന ഈ ദൃശ്യം, ഇത്തവണത്തെ യുഎസ് ഓപ്പണിലെ ഏറ്റവും മികച്ച വിഡിയോകളിലൊന്നെന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.

അതേസമയം, 26–ാം യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ മത്സരിച്ച നാൽപത്തിയാറുകാരിയായ വീനസ് വില്യംസ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. വൈൽഡ് കാർഡ് എൻട്രിയായെത്തിയ വീനസിനെ നാട്ടുകാരിയായ സോഫിയ കെയ്നിൻ 6-2, 7-6 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. എന്നാൽ സഹോദരി സെറീന വില്യംസിനൊപ്പം വനിതാ ഡബിൾസിലും വീനസ് ഇക്കുറി മാറ്റുരയ്ക്കുന്നുണ്ട്. മറ്റു മത്സരങ്ങളിൽ റുമാനിയയുടെ എലേന റൂസിനെ 6–3, 6–2ന് പരാജയപ്പെടുത്തി യുഎസിന്റെ ജെസീക്ക പെഗുലയും, ഓസ്ട്രേലിയയുടെ സ്ട്രോം ഹണ്ടറിനെ 6-4, 6-1ന് കീഴടക്കി യുക്രെയ്ൻ താരം മാർത്ത കോസ്റ്റ്യൂകും അടുത്ത റൗണ്ടിലേക്ക് മുന്നേറി.

മറ്റൊരു വശത്ത്, യുഎസ് ഓപ്പൺ ടൂർണമെന്റിന്റെ ദൈർഘ്യം മൂന്നാഴ്ചയായി വർധിപ്പിച്ചതിനെതിരെ കളിക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്. മുൻപ് രണ്ട് ആഴ്ച മാത്രമുണ്ടായിരുന്ന ടൂർണമെന്റിലേക്ക് ‘ഫാൻ വീക്ക്’ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ ഒരാഴ്ച കൂടി നീട്ടിയത്. തുടർച്ചയായ മത്സരങ്ങൾ കാരണം ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നും ഇത് കടുത്ത മാനസിക സമ്മർദത്തിന് കാരണമാകുന്നുവെന്നുമാണ് താരങ്ങൾ ചൂണ്ടിക്കാട്ടുന്നത്.