ഓസ്‌ലോ: ഹരാൾഡ് രാജാവിന്റെ നിര്യാണത്തെ തുടർന്ന് കിരീടാവകാശി ഹാക്കോൺ രാജകുമാരൻ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാനിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യ മെറ്റെ-മാരിറ്റിനെ ചുറ്റിപ്പറ്റിയുള്ള മുൻകാല വിവാദങ്ങൾ വീണ്ടും ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദം സൃഷ്ടിച്ച ലൈംഗിക കുറ്റവാളിയും വ്യവസായിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി മെറ്റെ-മാരിറ്റിനുണ്ടായിരുന്ന ബന്ധമാണ് ഇപ്പോൾ വീണ്ടും പ്രധാന ചർച്ചയാകുന്നത്.
ഈ സംഭവത്തിൽ മുൻപ് മെറ്റെ-മാരിറ്റ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നെങ്കിലും, നിർണായകമായ ഈ അധികാര കൈമാറ്റ വേളയിൽ ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജാവിന്റെ വിയോഗത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിൽ കഴിയുമ്പോഴും, വരും ദിവസങ്ങളിൽ കൊട്ടാരത്തിന്റെ ജനപ്രീതിയെയും നോർവേയിലെ രാജവാഴ്ചയുടെ ഭാവിയെയും ഈ വിവാദങ്ങൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും സജീവമാണ്.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ മെറ്റെ-മാരിറ്റും ജെഫ്രി എപ്‌സ്റ്റീനും തമ്മിൽ 2011 മുതൽ 2014 വരെയുള്ള കാലയളവിൽ നിരന്തരം ഇമെയിൽ വഴി ആശയവിനിമയം നടത്തിയിരുന്നതായും, ഇയാളുടെ വസതി സന്ദർശിച്ചിരുന്നതായും വെളിപ്പെട്ടിരുന്നു. ഇതിന് പുറമെ, മെറ്റെ-മാരിറ്റിന്റെ ആദ്യ വിവാഹത്തിലെ മകനായ മാരിയസ് ബോർഗ് ഹോയ്‌ബിക്കെതിരെയുള്ള ക്രിമിനൽ കേസുകളും കോടതി വിധികളും കൊട്ടാരത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
തുടർച്ചയായുണ്ടാകുന്ന ഇത്തരം വിവാദങ്ങൾ നോർവേയിലെ രാജവാഴ്ചയോടുള്ള പൊതുജന പിന്തുണ ഗണ്യമായി കുറച്ചതായി സമീപകാല അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു. മെറ്റെ-മാരിറ്റ് ഭാവിയിൽ നോർവേയുടെ രാജ്ഞിയാകുന്നതിനോട് രാജ്യത്തെ പകുതിയോളം ജനങ്ങൾക്ക് എതിർപ്പാണുള്ളതെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ ഈ അധികാര മാറ്റം നോർവേ രാജകുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഘട്ടങ്ങളില ഒന്നിലൂടെയാണ് കടന്നുപോകുന്നത്.




