ശ്രീലങ്ക മികച്ച പ്രതിരോധത്തിലൂടെ രണ്ടാം ടെസ്റ്റ് സമനിലയിലാക്കിയതോടെ “ടെസ്റ്റ് ക്രിക്കറ്റാണ് ജയിച്ചത്” എന്ന് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ . മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ സൊനാൽ ദിനൂഷയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയം തടഞ്ഞത്. മത്സരത്തിന്റെ ഭൂരിഭാഗവും ഇന്ത്യ ആധിപത്യം പുലർത്തുകയും വിജയപ്രതീക്ഷയിലാവുകയും ചെയ്തിരുന്നെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ ഉറച്ചുനിന്ന സൊനാൽ ശ്രീലങ്കയെ 154 ഓവറുകൾ അതിജീവിക്കാൻ സഹായിച്ചു.
സന്ദർശകർക്ക് വിജയിച്ചതിന് തുല്യമായ സമനിലയാണ് ഇത്. 150-ലധികം ഓവറുകൾ ഫീൽഡ് ചെയ്തുകൊണ്ട് സാധ്യമായതെല്ലാം തങ്ങൾ ചെയ്തെന്നും, കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ ഫോളോ ഓൺ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് മത്സരശേഷം മാത്രമേ പ്രസക്തിയുള്ളൂ എന്നും ഗിൽ വ്യക്തമാക്കി. അന്നത്തെ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമാണ് എടുത്തതെന്നും ലങ്കയുടെ തിരിച്ചുവരവും ബൗളിംഗും മികച്ചതായിരുന്നു എന്നും ഗിൽ കൂട്ടിച്ചേർത്തു.
സമനിലയ്ക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകളെക്കുറിച്ചും ഗിൽ സംസാരിച്ചു. നവംബറിലെ ന്യൂസിലൻഡ് പരമ്പരയും തുടർന്നുള്ള ഹോം പരമ്പരയും ടീമിന് നിർണായകമാണെന്നും ഫൈനലിൽ എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മലയാളി താരം ദേവ്ദത്ത് പടിക്കൽ, കെ.എൽ. രാഹുൽ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളെയും ബൗളർമാരുടെ പരിശ്രമത്തെയും ഗിൽ അഭിനന്ദിച്ചു.
പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ദേവ്ദത്ത് പടിക്കൽ, വിജയിക്കാൻ സാധിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷമാകുമായിരുന്നു എന്നും ടീമിന് ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും പറഞ്ഞു. ഏത് സ്ഥാനത്ത് ബാറ്റ് ചെയ്താലും റൺസ് കണ്ടെത്തി ടീമിനെ വിജയിപ്പിക്കുക എന്നതാണ് പ്രധാനമെന്നും യുവതാരങ്ങൾക്ക് ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും പടിക്കൽ വ്യക്തമാക്കി.
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സൊനാൽ ദിനൂഷ, കൃത്യമായ തയ്യാറെടുപ്പുകളും കീഴ്നിര ബാറ്റര്മാരുടെ പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ റൺസ് നേടാനായതിൽ സന്തോഷമുണ്ടെന്നും കോച്ചിംഗ് സ്റ്റാഫിനും കുടുംബത്തിനും താൻ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതാരങ്ങളെ പിന്തുണച്ച സെലക്ടർമാർക്കും പരിശീലകനും ശ്രീലങ്കൻ നായകൻ ധനഞ്ജയ ഡി സിൽവ നന്ദി അറിയിച്ചു. സ്പിന്നർ മാനവ് സുതർ വരും വർഷങ്ങളിൽ ഇന്ത്യയ്ക്ക് വളരെ നിർണായകമായ താരമായി മാറുമെന്ന് ശുഭ്മൻ ഗിൽ പ്രത്യാശ പ്രകടിപ്പിച്ചു.




