Sports

ഷമി മാജിക് വീണ്ടും; ഒരു ലോകകപ്പില്‍ മൂന്നാം തവണയും അഞ്ചുവിക്കറ്റ് നേട്ടം, വേഗത്തില്‍ 51 വിക്കറ്റ്, സെമിയില്‍ ഏഴു വിക്കറ്റ്

ലോകകപ്പിന് മുമ്പ് തന്റെ മികവില്‍ സംശയം രേഖപ്പെടുത്തിയവര്‍ക്ക് പ്രകടനം കൊണ്ടു മറുപടി പറയുകയാണ് മുഹമ്മദ് ഷമി. ഒരു ലോകകപ്പില്‍ മൂന്നു തവണ അഞ്ചുവിക്കറ്റ് നേട്ടം നടത്തിയ താരം ഈ ലോകകപ്പില്‍ സെമിയില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ മാച്ച് വിന്നറായി പലതവണ മാറി.

ലോകകപ്പുകളില്‍ വേഗത്തില്‍ 51 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. സെമി ഫൈനലില്‍ ഉള്‍പ്പെടെ ന്യൂസിലന്റിനെതിരേ രണ്ടു തവണയും ശ്രീലങ്കയ്ക്കും എതിരേ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. സെമിയില്‍ ഏഴു വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഡെവണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, സൗത്തി, ഫെര്‍ഗൂസന്‍ എന്നിവരെ പുറത്താക്കിയാണ് മാജിക് ആവര്‍ത്തിച്ചത്.

17 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് ഷമി 50 വിക്കറ്റുകള്‍ തികച്ചത്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 19 മത്സരങ്ങളെന്ന റെക്കോഡും ഷമി മറികടന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജവഗല്‍ ശ്രീനാഥിന്റെ 44 വിക്കറ്റ് നേട്ടവും ഷമി പിന്നിലാക്കി. ഇതോടെ ഈ ലോകകപ്പില്‍ ഷമിയുടെ വിക്കറ്റ് നേട്ടം 24 ആയി. ലോകകപ്പിലെ ഒരു മത്സരത്സരത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ്

കളിയില്‍ ന്യൂസിലന്റ് മേല്‍ക്കൈ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഷമി ടീമിന് കൃത്യമായ ബ്രേക്ക് ത്രൂ നല്‍കി. ആദ്യ സ്‌പെല്ലില്‍ ഓപ്പണര്‍മാരായ കോണ്‍വേയെയും രചിന്‍ രവീന്ദ്രയേയും വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കയ്യിലേക്ക് പറഞ്ഞുവിട്ട് ടീമിന് നല്ല തുടക്കം നല്‍കിയെങ്കിലും മിച്ചലും നായകന്‍ കെയ്ന്‍ വില്യംസണും 150 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയ സമയത്ത് രണ്ടാം സ്‌പെല്ലില്‍ ബൗള്‍ ചെയ്യാനെത്തിയ ഷമി വില്യംസണെ കുല്‍ദീപ് യാദവിന്റെ കയ്യിലും പിന്നാലെ ടോം ലാഥമിനെ വിക്കറ്റിന് മുന്നിലും കുരുക്കി.

അവസാന സ്‌പെല്ലില്‍ സെഞ്ച്വറിയുമായി പൊരുതി നിന്ന ഡാരില്‍ മിച്ചലിനെയും പുറത്താക്കി കളി പൂര്‍ണ്ണമായും ന്യൂസിലന്റില്‍ നിന്നും അകറ്റി. ജഡേജയ്ക്കായിരുന്നു ക്യാച്ച്. അവസാന സ്‌പെല്ലില്‍ സൗത്തിയെയും ഫെര്‍ഗൂസനെയും പുറത്താക്കി. രണ്ടു ക്യാച്ചുകളും കെ.എല്‍. രാഹുലിനായിരുന്നു. ഇതിലൂടെ ഇന്ത്യയ്ക്ക് വിജയവും നേടിക്കൊടുത്തു.