Sports

കഴിഞ്ഞ ലോകകപ്പിലെ കണക്ക് ഇന്ത്യ തീര്‍ത്തു; ന്യൂസിലന്റിന് മേല്‍ സമ്പൂര്‍ണ്ണ വിജയവുമായി ഫൈനലില്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ 70 റണ്‍സിന് ന്യൂസിലന്റിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ഇതോടെ കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ഏറ്റ പരാജയത്തിന് ഇന്ത്യ മധുരമായി പകരം വീട്ടി. ന്യൂസിലന്‍ഡിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയായിരുന്നു കളിയിലെ ഹീറോ.

ഈ വിജയത്തോടെ തോല്‍വി അറിയാതെ ലോകകപ്പില്‍ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യ മറ്റൊരു റെക്കോഡും കുറിച്ചു. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ അര്‍ദ്ധശതകവും നേടിയ ഇന്നിംഗ്സില്‍ ഇന്ത്യ ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് നേട്ടം കുറിച്ചു. 397 റണ്‍സിന്റെ സ്‌കോറാണ് ന്യൂസിലന്റിനെതിരേ പടുത്തുയര്‍ത്തിയത്.

ന്യൂസിലന്റിന്റെ മറുപടി 327 ല്‍ അവസാനിച്ചു. ഡെവണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, സൗത്തി, ഫെര്‍ഗൂസന്‍ എന്നിവരെ പുറത്താക്കി ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായി ഷമി മാറുകയും ചെയ്തു. 134 റണ്‍സ് അടിച്ച ഡാരില്‍ മിച്ചലും 69 റണസ് നേടിയ നായകന്‍ കെയ്ന്‍ വില്‍സണും പൊരുതിയെങ്കിലും ഷമിയുടെ ഉജ്വല ബൗളിംഗില്‍ വീണു.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമായി മാറിയ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറി നേടിയപ്പോള്‍ യുവതാരം ഗില്‍ അര്‍ദ്ധശതകവും നേടി. 113 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്സറുകളും നേടിയ കോഹ്ലി 117 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ 70 പന്തുകളില്‍ 105 റണ്‍സ് നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 29 പന്തുകളില്‍ 47 റണ്‍സ് അടിച്ചുകൂട്ടി നായകന്‍ രോഹിത് ശര്‍മ്മ മികച്ച തുടക്കം നല്‍കി.

അര്‍ദ്ധശതകം നേടിയ ശുഭ്മാന്‍ ഗില്‍ 80 റണ്‍സും നേടി. 20 പന്തുകളില്‍ കെ.എല്‍. രാഹുല്‍ 39 റണ്‍സ് നേടി. വ്യക്തിഗത സ്‌കോറുകള്‍ക്ക് ടീം സ്‌കോറിലും ഇന്ത്യ റെക്കോഡ് നേടി. ലോകകപ്പിന്റെ സെമിഫൈനലില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണ് ഇന്ത്യ സ്വന്തമാക്കിയത്.