Oddly News

‘സത്യമായിട്ടും ഞാൻ ഒരു പഴം മാത്രമേ കഴിച്ചുള്ളൂ, ബാക്കി ആക്ടിംഗ്..!’; നാഗാലാൻഡ് മന്ത്രിയുടെ ഓണസദ്യ പോസ്റ്റ് വൈറൽ

ഓണം ആഘോഷങ്ങൾ എപ്പോഴും വർണ്ണാഭമായ ആചാരങ്ങൾക്കും ഒത്തുചേരലുകൾക്കും വിഭവസമൃദ്ധമായ സദ്യയ്ക്കും പേരു കേട്ടതാണ്. എന്നാൽ നാഗാലാൻഡ് മന്ത്രി തെംജെൻ ഇമ്ന അലോങ് രസകരമായ തന്റെതായ ഒരു രീതിയിലാണ് ഈ വിശേഷദിവസം ആഘോഷിച്ചത്.

നാഗാലാൻഡ് ടൂറിസം, ഉന്നതവിദ്യാഭ്യാസ മന്ത്രിയായ അലോങ്, വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് മുന്നിൽ ഇരിക്കുന്ന ചിത്രം അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. കേരളത്തിലെ പരമ്പരാഗത ആഘോഷത്തിന്റെ ഭാഗമായ വൈവിധ്യമാർന്ന വിഭവങ്ങൾ ആ സദ്യയിലുണ്ടായിരുന്നു.

എപ്പോഴും തമാശ രൂപേണയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെക്കാറുള്ള മന്ത്രി, ഇത്തവണയും രസകരമായ ഒരു ഹിന്ദി അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. “ഓണപ്രസാദമായി കരുതി ഞാൻ ആ വാഴപ്പഴം മാത്രമേ കഴിച്ചുള്ളൂ. ബാക്കിയുള്ള വിഭവങ്ങളിൽ ചിത്രത്തിന് വേണ്ടി വെറുതെ തൊടുക മാത്രമാണ് ചെയ്തത്” എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ വാക്കുകൾ. ഇതിനോടൊപ്പം “ശ്രദ്ധിക്കുക: വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് ഈ സ്റ്റണ്ട് നിർവ്വഹിച്ചത്. വീട്ടിൽ ആരും ഇത് അനുകരിക്കാൻ ശ്രമിക്കരുത്” എന്നൊരു തമാശ മുന്നറിയിപ്പും അദ്ദേഹം ചേർത്തു. ഈ രസകരമായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് മന്ത്രിക്ക് ഓണാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്.

ചിരിക്ക് അപ്പുറം ഓണത്തിന്റെ ഏറ്റവും പ്രധാന ആ ആകർഷണമായ സദ്യയെ തന്നെയാണ് ഈ ചിത്രം എടുത്തുകാണിക്കുന്നത്. പരമ്പരാഗതമായി വാഴയിലയിൽ വിളമ്പുന്ന സദ്യയിൽ ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, പച്ചടി, അച്ചാറുകൾ, പപ്പടം, ഒപ്പം പലതരം പായസങ്ങൾ ഉൾപ്പെടെ നിരവധി സസ്യവിഭവങ്ങൾ അടങ്ങിയിരിക്കുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് കഴിക്കുന്ന ഈ സദ്യ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു.

മഹാബലി തമ്പുരാന്റെ വാർഷിക നാടുവാഴലിനെ അനുസ്മരിച്ചുകൊണ്ട് കേരളത്തിൽ ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ഓണം. പൂക്കളം ഒരുക്കിയും പരമ്പരാഗത കലാപ്രകടനങ്ങൾ, വള്ളംകളി, വിഭവസമൃദ്ധമായ സദ്യ എന്നിവ സംഘടിപ്പിച്ചും ദിവസങ്ങൾ നീളുന്ന ആഘോഷങ്ങളോടെയാണ് ഓണം കൊണ്ടാടുന്നത്.

സ്വന്തം ജീവിതത്തിലെ രസകരമായ നിമിഷങ്ങളും തമാശകളും പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ നേടിയ വ്യക്തിയാണ് തെംജെൻ ഇമ്ന അലോങ്. മുന്നിലിരിക്കുന്ന ഗംഭീര സദ്യയും താൻ പഴം മാത്രമേ കഴിച്ചുള്ളൂ എന്ന അദ്ദേഹത്തിന്റെ അവകാശവാദവും തമ്മിലുള്ള വൈരുധ്യമാണ് ഈ പോസ്റ്റിനെ ഏറെ ശ്രദ്ധേയമാക്കിയത്.