Sports

മഴ കൊണ്ടുപോകുമോ ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് ഫൈനൽ പ്രതീക്ഷകൾ ? സാദ്ധ്യതകള്‍ ഇങ്ങനെ

കൊളംബോയിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിനം ഇന്ത്യ ശക്തമായ നിലയിലാണ്. നാലാം ദിനം മഴമൂലം കളി നിർത്തിവെക്കുമ്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ്. നിലവിൽ അവർക്ക് 16 റൺസിന്റെ നേരിയ ലീഡുണ്ട്.

ഒന്നാം ഇന്നിംഗ്സിൽ സൊനാൽ ദിനുഷയുടെ സെഞ്ചുറിയുടെ കരുത്തിൽ 290 റൺസ് നേടിയ ശ്രീലങ്കയെ ഇന്ത്യ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതറും മൂന്ന് വിക്കറ്റ് വീതവും അരങ്ങേറ്റക്കാരൻ സാരാംശ് ജെയിൻ രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ പാസിന്ദു സൂരിയബണ്ഡാരയുടെയും (92) കാമിന്ദു മെൻഡിസിന്റെയും (55) പോരാട്ടമാണ് ശ്രീലങ്കയ്ക്ക് ലീഡ് സമ്മാനിച്ചത്.

മത്സരത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെങ്കിലും മഴ വില്ലനാകുന്നത് ഫലത്തെ ബാധിച്ചേക്കാം. നിലവിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് പട്ടികയിൽ 53.33 പിസിറ്റിയോടെ (PCT) അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഈ മത്സരത്തിൽ ജയിച്ചാൽ ഓസ്‌ട്രേലിയയോട് ബംഗ്ലാദേശ് തോറ്റ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനത്തേക്ക് കയറാം. എന്നാൽ മത്സരം സമനിലയിലായാൽ ഇന്ത്യ 51.52 പിസിറ്റിയോടെ അഞ്ചാം സ്ഥാനത്ത് തന്നെ തുടരും. ശ്രീലങ്കയ്‌ക്കെതിരായ ഈ ടെസ്റ്റിന് ശേഷം ഇന്ത്യയ്ക്ക് ഏഴ് ടെസ്റ്റ് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

ഇതുവരെ കളിച്ച 10 ടെസ്റ്റുകളിൽ നാലെണ്ണത്തിലും തോറ്റതിനാൽ, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ഇനി വരുന്ന ഓരോ മത്സരവും ക്വാർട്ടർ ഫൈനൽ പോലെ നിർണ്ണായകമാണ്. ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം ഈ വർഷം നവംബറിൽ രണ്ട് ടെസ്റ്റുകൾക്കായി ഇന്ത്യ ന്യൂസിലാൻഡിലേക്ക് പര്യടനം നടത്തും. തുടർന്ന് ഐപിഎല്ലിന് മുന്നോടിയായി അടുത്ത വർഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെയാവും ഇന്ത്യയുടെ നിലവിലെ ഡബ്ല്യുടിസി ഘട്ടം പൂർത്തിയാകുക.

ഡബ്ല്യുടിസി ഫൈനലിൽ എത്താൻ ഇന്ത്യയ്ക്ക് ഇനി വരുന്ന മത്സരങ്ങളിലെല്ലാം വിജയം അനിവാര്യമാണ്. ബാക്കിയുള്ള എട്ട് ടെസ്റ്റുകളിൽ ഏഴെണ്ണത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് 68.52 പിസിറ്റി നേടാനാകും. എന്നാൽ ആറ് ജയവും രണ്ട് തോൽവിയുമാണെങ്കിൽ അത് 62.96 ആയി കുറയും. സ്ലോ ഓവർ റേറ്റ് പോലെയുള്ള പിഴവുകൾക്ക് പോയിന്റുകൾ വെട്ടിക്കുറച്ചില്ലെങ്കിൽ മാത്രമേ ഈ കണക്കുകൾ പ്രസക്തമാകൂ. അതിനാൽ തന്നെ ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഗില്ലിനും സംഘത്തിനും ഇനി തെറ്റുകൾ വരുത്താൻ കഴിയില്ല.