ഗുരുഗ്രാമിലെ കനത്ത മഴയിലും വെള്ളക്കെട്ടിലും ട്രാഫിക്കിൽ കുടുങ്ങിയതോടെ, ഒരു യാത്രക്കാരൻ തന്റെ ടാക്സിയുടെ മുകളിൽ കയറിയിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യാൻ തുടങ്ങിയത് വിചിത്രവും രസകരവുമായ കാഴ്ചയായി മാറി. സമയം പാഴാക്കാതെ വാഹനത്തിന് മുകളിലിരുന്ന് ഓഫീസിലെ കാര്യങ്ങൾ നോക്കുന്ന ഇയാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ലക്ഷയ് മേത്ത എന്ന വ്യക്തിയാണ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ ഈ വീഡിയോ പങ്കുവെച്ചത്. കനത്ത വെള്ളക്കെട്ട് കാരണം ടാക്സി കേടാവുകയും ചുറ്റുമുള്ള വാഹനം നീങ്ങാൻ പറ്റാത്ത വിധം ട്രാഫിക് ബ്ലോക്കാവുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓഫീസിലേക്ക് പോകുന്ന വഴിയിലായിരുന്നു ഇയാൾ.
വഴിയരികിൽ വാഹനം കേടായി കിടന്നതോടെ ഓഫീസിലേക്ക് സമയത്ത് എത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയ യാത്രക്കാരൻ, തന്റെ ഓഫീസിലേക്ക് വിളിച്ച് അന്നത്തെ ദിവസം ‘വർക്ക് ഫ്രം ഹോം’ (WFH) എടുത്തതായി അറിയിച്ചു. തുടർന്ന് കാറിനുള്ളിൽ കാത്തിരിക്കുന്നതിന് പകരം ലാപ്ടോപ്പുമെടുത്ത് ടാക്സിയുടെ മുകളിൽ കയറിയിരുന്ന് ജോലി ചെയ്യാൻ ആരംഭിക്കുകയായിരുന്നു.
ചുറ്റും വാഹനങ്ങളുടെ നീണ്ട നിരയും വെള്ളക്കെട്ടും ഉള്ളപ്പോഴും യാതൊരു ശ്രദ്ധാഭംഗവും കൂടാതെ ഇയാൾ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഗുരുഗ്രാമിലെ മോശം അടിസ്ഥാന സൗകര്യങ്ങളെയും കനത്ത ട്രാഫിക്കിനെയും കളിയാക്കിക്കൊണ്ടും, ഈ വ്യക്തിയുടെ വ്യത്യസ്തമായ ‘വർക്ക് ഫ്രം ഹോം’ രീതിയെ പുകഴ്ത്തിക്കൊണ്ടും നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി രംഗത്തെത്തുന്നത്.




