രാജസ്ഥാനിലെ ആൾവാറിൽ ട്രക്ക് ഡ്രൈവർ നടത്തിയ അപകടകരമായ റോഡ് അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത്. ഭാരമേറിയ ട്രെയിലർ റോഡിലൂടെ ഓടികൊണ്ടിരിക്കെ, ഡ്രൈവർ വാഹനം വിട്ട് പുറത്തിറങ്ങി ട്രക്കിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്നു.
ആൾവാറിലെ ഉദ്യോഗ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹിയാസ് തിബാരയ്ക്ക് സമീപമാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ ഈ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനം സ്വന്തം ജീവൻ അപകടത്തിലാക്കുക മാത്രമല്ല, കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാവുകയും ചെയ്തു.
റോഡിലൂടെ ട്രക്ക് മുന്നോട്ട് പോകുമ്പോൾ ഡ്രൈവർ ജനലിലൂടെ പുറത്തുകടന്ന് വാഹനത്തിന് മുകളിലേക്ക് കയറുകയായിരുന്നു. തുടർന്ന്, ചുറ്റുമുള്ള വാഹനങ്ങളെയും ഗതാഗതത്തെയും തീർത്തും അവഗണിച്ച് അയാൾ ഓടുന്ന ട്രക്കിന് മുകളിൽ നിന്ന് നൃത്തം ചെയ്യാൻ തുടങ്ങി. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ ട്രക്ക് മുന്നോട്ട് നീങ്ങിയത് വൻ അപകട സാധ്യതയാണ് സൃഷ്ടിച്ചത്.
ഓടുന്ന ട്രെയിലറിന് മുകളിൽ ഒരാൾ നിൽക്കുന്നതും നൃത്തം ചെയ്യുന്നതും കണ്ട സമീപത്തെ വാഹനങ്ങളിലുള്ളവർ ഭയന്നു. അപകടം ഒഴിവാക്കാനായി ചില ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ റിവേഴ്സ് എടുത്ത് സുരക്ഷിതമായ അകലം പാലിക്കുന്നത് വീഡിയോയിൽ കാണാം.
തിരക്കേറിയ റോഡിൽ ഇത്രയും അപകടകരമായ സ്റ്റണ്ട് എങ്ങനെ നടത്താൻ കഴിഞ്ഞു എന്ന് ചോദിച്ച് നിരവധി പേരാണ് വീഡിയോയ്ക്കെതിരെ രംഗത്തെത്തിയത്. വലിയ വാഹനങ്ങൾക്ക് എപ്പോഴും ഡ്രൈവറുടെ കൃത്യമായ നിയന്ത്രണം ആവശ്യമാണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് മാറുംപോൾ റോഡ് സുരക്ഷ പൂർണ്ണമായും ത തകരുകയും വലിയ അപകടങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡ്രൈവറെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ അധികാരികളോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പും പോലീസും തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്. ഈ സംഭവം പൊതുനിരത്തുകളിലെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ചും സ്റ്റന്റുകളെക്കുറിച്ചുമുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിട്ടുണ്ട്.




