റെയിൽവേ പാലത്തിൽ ഒരു കൂട്ടം യുവാക്കൾ അപകടകരമായ അഭ്യാസങ്ങൾ നടത്തുകയും ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സുരക്ഷയെക്കുറിച്ചും റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയർന്നിരിക്കുകയാണ്.
യുവാക്കൾ ഏണി ഉപയോഗിച്ച് ഡക്റ്റിലൂടെ പാലത്തിന്റെ അടിഭാഗത്തേക്ക് കയറുന്നത് വീഡിയോയിൽ കാണാം. തുടർന്ന് താഴെ വെള്ളം ഒഴുകുന്ന പാലത്തിന്റെ കൈവരിയിൽ മൂന്ന് പേർ തൂങ്ങിക്കിടക്കുകയാണ്. ഇതിൽ ഒരാൾ കൈവരിയിൽ തൂങ്ങി ആടുകയും മറ്റൊരാൾ പുൾ-അപ്പുകൾ എടുക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോയുടെ അവസാന ഭാഗത്ത് ഒരാൾ പാലത്തിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതും കാണാം. അപകടകരമായ ഈ പ്രവൃത്തികൾ കണ്ടതോടെ ഉൾപ്പെട്ടവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സ്ഥലം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണിയും റെയിൽവേ സ്വത്ത് നശിപ്പിച്ചതും ചൂണ്ടിക്കാട്ടി വെസ്റ്റേൺ റെയിൽവേ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ മന്ത്രാലയം എന്നിവരെ ടാഗ് ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി.
ഇതോടെ റെയിൽവേ യാത്രക്കാരുടെ ഔദ്യോഗിക പിന്തുണ അക്കൗണ്ടായ റെയിൽവേ സേവയും വിഷയത്തിൽ ഇടപെട്ടു. പരാതിക്കാരോട് വിവരങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ട റെയിൽവേ സേവ, വേഗത്തിലുള്ള പരിഹാരത്തിനായി റെയിൽമദദ് പോർട്ടൽ വഴിയോ 139 എന്ന നമ്പറിലോ പരാതിപ്പെടാൻ നിർദ്ദേശിച്ചു. ‘sectorurbex’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. ഇത് എഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് അപ്ലോഡ് ചെയ്തയാൾ അവകാശപ്പെട്ടെങ്കിലും ഇതിൽ സ്ഥിരീകരണമില്ല.
ഒരു വീഴ്ച സംഭവിച്ചാൽ വലിയ അപകടത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന ഈ പ്രവൃത്തി റെയിൽവേയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നിലവിൽ വീഡിയോയിലുള്ള ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നോ അവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടോ എന്നോ ഉള്ള കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. റെയിൽവേ അധികൃതർ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.




