ന്യൂഡൽഹി: യുപിഐ വഴിയുള്ള ഇടപാടുകൾ ഉപയോക്താക്കൾക്ക് എന്നും സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും ഭൂരിഭാഗം വ്യാപാരി ഇടപാടുകളും യാതൊരു ചാർജുകളുമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, യുപിഐയുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പരിധിക്ക് മുകളിലുള്ള ചില തെരഞ്ഞെടുത്ത വ്യാപാരി ഇടപാടുകൾക്ക് മാത്രം നാമമാത്രമായ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഭാവിയിൽ ഏർപ്പെടുത്തിയേക്കാം.
പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് തൊട്ടടുത്ത ദിവസമാണ് സർക്കാരിന്റെ ഈ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. യുപിഐ വഴിയുള്ള ഇടപാടുകൾക്കും മറ്റ് ഡിജിറ്റൽ പേയ്മെന്റ് മാർഗ്ഗങ്ങൾക്കും ഫീസ് ഈടാക്കാൻ ബാങ്കുകൾക്കും സേവന ദാതാക്കൾക്കും അനുമതി നൽകുന്നതാണ് ഈ നിയമഭേദഗതി.
വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരുമെന്ന് ധനമന്ത്രാലയം ഉറപ്പുനൽകി. ഭൂരിഭാഗം വ്യാപാരി ഇടപാടുകളിലും എംഡിആർ നിരക്കുകൾ ഏർപ്പെടുത്തുകയാണെങ്കിൽ തന്നെ, അത് ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ബാധകമാവുക. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളേക്കാൾ വളരെ കുറഞ്ഞ നാമമാത്രമായ നിരക്കായിരിക്കും ഇതെന്നും എല്ലാ യുപിഐ ഇടപാടുകളിലും ഇത് ഒരേപോലെ ബാധകമാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
യുപിഐയുടെ ദീർഘകാല നിലനിൽപ്പ്, സാങ്കേതിക പുരോഗതി, ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള ശേഷി എന്നിവ ഉറപ്പാക്കാനാണ് ഈ നിയമഭേദഗതിയെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. യുപിഐ ഇടപാടുകളുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് കാരണം സൈബർ സുരക്ഷ, തട്ടിപ്പുകൾ തടയൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി തുടർച്ചയായി വലിയ നിക്ഷേപങ്ങൾ ആവശ്യമായി വരുന്നുണ്ട്. ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ കമ്പനികൾക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സ്വാശ്രയ വരുമാന മാതൃകയും മത്സരവും അത്യന്താപേക്ഷിതമാണെന്നും സബ്സിഡികളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്നത് അടുത്തഘട്ട വളർച്ചയ്ക്ക് അനുയോജ്യമല്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
നയപരമായ മാറ്റങ്ങൾക്ക് പിന്നിൽ ബാഹ്യസമ്മർദങ്ങളുണ്ടെന്ന വാർത്തകൾ ധനമന്ത്രാലയം പൂർണമായും തള്ളിക്കളഞ്ഞു. അത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ബാഹ്യസമ്മർദമുണ്ടായിരുന്നെങ്കിൽ 2016-ൽ യുപിഐ കൊണ്ടുവരികയോ, 2020 ജനുവരി മുതൽ പൗരന്മാർക്കും വ്യാപാരികൾക്കും ഇത് സൗജന്യമാക്കുകയോ ചെയ്യുമായിരുന്നില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.




