Featured Good News

അൺക്യാപ്ഡ് ഹീറോ’! ഹൃദയാഘാതം വന്ന യാത്രക്കാരിയുടെ ജീവൻ കാത്ത് വനിതാ ബസ് കണ്ടക്ടർ

മഹാരാഷ്ട്രയിലെ സംഭജിനഗർ ബസ് സ്റ്റേഷനിൽ ഒരു വൻ ദുരന്തമാകേണ്ടിയിരുന്ന സംഭവം, ഒരു വനിതാ ബസ് കണ്ടക്ടറുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ട് വലിയൊരു ജീവൻരക്ഷാ കഥയായി മാറി. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബസ് സ്റ്റേഷനിലെ ബെഞ്ചിലിരിക്കുകയായിരുന്ന ഒരു വനിതാ യാത്രക്കാരി പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും നെഞ്ചു തിരുമ്മാൻ തുടങ്ങുകയും ചെയ്തു. ഉടൻ തന്നെ അവർക്ക് ഹൃദയാഘാതം സംഭവിക്കുകയാണെന്ന് ചുറ്റുമുള്ളവർക്ക് മനസ്സിലായി.

കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയപ്പോൾ, സംഗീത പാൽവെ എന്ന വനിതാ ബസ് കണ്ടക്ടർ ഓടിയെത്തുകയും രോഗിയുടെ നെഞ്ചിൽ തിരുമ്മി സഹായിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് അവർ സി.പി.ആർ (CPR) നൽകാൻ ആരംഭിച്ചു. കണ്ടക്ടർ നൽകിയ സി.പി.ആർ രീതി തെറ്റായിരുന്നുവെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചെങ്കിലും, ഈ ശ്രമത്തിനൊടുവിൽ യാത്രക്കാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായി. പിന്നീട് ബസ് സ്റ്റേഷനിലുണ്ടായിരുന്ന ജീവനക്കാർ ചേർന്ന് അവരെ അവിടെനിന്ന് മാറ്റി.

തുടർന്ന് ഈ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലൻസ് വിളിച്ചിരുന്നെങ്കിലും സമയത്തിന് എത്താത്തതിനെ തുടർന്ന് ഒരു ഓട്ടോറിക്ഷയിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപകട നിമിഷത്തിൽ പരിഭ്രമിക്കാതെ ഉടൻ പ്രവർത്തിച്ച കണ്ടക്ടറുടെ സമയോചിതമായ തീരുമാനമാണ് ഒരു ജീവൻ രക്ഷിച്ചത്. കൈലാഷ് വാഷി എന്ന ഉപയോക്താവ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ച ഈ പോസ്റ്റിന് ചുരുങ്ങിയ സമയം കൊണ്ട് ആയിരത്തിലധികം കാഴ്ചക്കാരെ ലഭിച്ചു.

അതേസമയം, പോസ്റ്റിന് താഴെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെങ്കിലും, ഇങ്ങനെയല്ല സി.പി.ആർ നൽകേണ്ടതെന്നും ഇത്തരം അടിയന്തര ഘട്ടങ്ങളെ നേരിടാൻ ആളുകൾ സജ്ജരല്ലെന്നുമാണ് ചിലർ കുറിച്ചത്. ബോധമുള്ള ഒരാൾക്ക് ഒരിക്കലും സി.പി.ആർ നൽകരുതെന്നും, നെഞ്ചുവേദനയോ ഹൃദയാഘാതമോ ഉണ്ടായാൽ സമയം കളയാതെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. എങ്കിലും കണ്ടക്ടറുടെ നല്ല മനസ്സിനെ ആളുകൾ പ്രശംസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *