Oddly News

90 കിലോയുമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെച്ചു; ഞെട്ടിക്കുന്ന വീഡിയോയ്ക്ക് ലൈക്കിന് പകരം കിട്ടിയത് നല്ല തല്ല്…!

ആളുകള്‍ ശ്രദ്ധിക്കാനായി ക്യാമറയില്‍ എന്തുതരം ഭ്രാന്തന്‍ ആശയങ്ങളും പരീക്ഷിക്കാന്‍ ഇന്ന് ആള്‍ക്കാര്‍ റെഡിയാണ്. അത്തരത്തില്‍ ഒരെണ്ണം ചൈനാക്കാരുടെ സാമൂഹ്യമാധ്യമമായ ഡൗയിനില്‍ എത്തിയത് ഞെട്ടിക്കുകയാണ്. ഒരു ചൈനീസ് ഫുഡ് വ്‌ളോഗര്‍ ചു നിയാങ് സിയാവോ ഹി 90 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെക്കുന്ന വീഡിയോയാണ് ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

ചൈനയുടെ ടിക് ടോക്കിന്റെ പതിപ്പായ ഡൗയിനില്‍ 3.5 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഫുഡ് വ്‌ളോഗര്‍ ഒരു ചീങ്കണ്ണിയെ എങ്ങനെ കൊല്ലാമെന്നും പാചകം ചെയ്യാമെന്നും കാണിക്കുന്ന ഒരു ചെറിയ ക്ലിപ്പാണ് പോസ്റ്റ് ചെയ്തത്. ഞെട്ടിക്കാനും ശ്രദ്ധ ആകര്‍ഷിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു വീഡിയോയെങ്കിലൂം താരത്തിന്റെ ക്രൂരത മൃഗസ്‌നേഹികള്‍ക്ക് തീരെ പിടിച്ചില്ല. പ്രതിഷേധത്തിന്റെ തരംഗം തന്നെ അത് അഴിച്ചുവിട്ടു.

ഞെട്ടിക്കുന്ന വീഡിയോയില്‍ ആദ്യം കാണിക്കുന്നത് ചു നിയാങ് സിയാവോ കെട്ടിയിട്ടിരിക്കുന്ന ഉരഗത്തെ, ഷവറില്‍, ഒരു വലിയ ബ്രഷ് ഉപയോഗിച്ച് കഴുകുന്നതാണ്. പിന്നാലെ ദൃശ്യം ഭയാനകമായി മാറുന്നു, അവള്‍ മൃഗത്തെ കൊല്ലുകയും അതിനെ വലിച്ചു കീറുകയും പിന്നീട് മാംസം പാകം ചെയ്യുന്നതും കാണാം. സിയാവോ ഹിയുടെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രകോപനമാണ് ഉണ്ടാക്കിയത്.

പ്രതികരണം മോശമാണെന്ന് വന്നതോടെ ചീങ്കണ്ണിയെ കൃത്രിമമായി വളര്‍ത്തിയെടുത്ത് തുകല്‍ ഉല്‍പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്തതെന്ന് ചു വിന്റെ ന്യായീകരണവും ഏറ്റില്ല. ചൈനയിലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച്, അധികാരികളുടെ അനുമതി ഇല്ലാതെ ചീങ്കണ്ണിയുടെ മാംസം പാചകം ചെയ്യുന്നത് നിയമവിരുദ്ധമാണ്. സ്റ്റണ്ടിന് ഹീയ്ക്ക് നിയമനടപടിയും നേരിടേണ്ടിവന്നേക്കും.