ഭർത്താവിനായി റെസ്റ്റോറന്റ് നിലവാരത്തിലുള്ള ഭക്ഷണം പാകം ചെയ്യുമ്പോൾ ഭർത്താവ് തനിക്ക് 1,000 രൂപ നൽകാറുണ്ടെന്ന ഗുഡ്ഗാവ് സ്വദേശിയായ പ്രിയ എന്ന ഇൻഫ്ലുവൻസറുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്. എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ, തങ്ങൾക്കിടയിലെ ഈ പ്രത്യേക കരാറിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം വ്യക്തമാക്കി പ്രിയ രംഗത്തെത്തി.
ഭക്ഷണം ഉണ്ടാക്കുന്നതിന് ഭർത്താവിൽ നിന്ന് പണം ഈടാക്കുന്നു എന്ന രീതിയിലാണ് പലരും ഇതിനെ വ്യാഖ്യാനിച്ചത്. എന്നാൽ വീട്ടുജോലികളുടെ മൂല്യം തിരിച്ചറിയാനും, വീട്ടിൽ തന്നെ മികച്ച രീതിയിൽ ഭക്ഷണം തയ്യാറാക്കാൻ എടുക്കുന്ന അധ്വാനത്തെ അഭിനന്ദിക്കാനുമാണ് തങ്ങൾ ഇത് ചെയ്യുന്നതെന്ന് പ്രിയ വ്യക്തമാക്കി.
12 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയിൽ, സാധാരണ ഭക്ഷണത്തിനപ്പുറം പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കുമ്പോഴാണ് തങ്ങൾക്കിടയിലെ ഈ സാമ്പത്തിക കരാർ ബാധകമാകുന്നതെന്ന് പ്രിയ പറയുന്നു. ചൈനീസ് വിഭവമായ ‘ഡാൻ ഡാൻ നൂഡിൽസ്’ ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്, “കഫേയിലെ പോലെ രുചിയും കാഴ്ചയുമുള്ള ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിന് ഭർത്താവ് പണം തരും. ഒരു ഭാര്യ ചെയ്യേണ്ട കാര്യമാണ് ഇതെന്ന് പലരും പറഞ്ഞേക്കാം, എന്നാൽ ഈ ഭാര്യ അങ്ങനെയല്ല” എന്ന് പ്രിയ കുറിച്ചു.
വിമർശനങ്ങൾ കൂടിയതോടെ തങ്ങൾക്കിടയിലെ പണമിടപാട് പ്രതീകാത്മകം മാത്രമാണെന്ന് പ്രിയ വിശദീകരിച്ചു. റസ്റ്റോറന്റുകളിൽ പോയി പണം കൊടുത്ത് കഴിക്കുന്ന അതേ ഭക്ഷണം വീട്ടിൽ ഉണ്ടാക്കുമ്പോൾ അതിനായി ക്രിയേറ്റിവിറ്റിയും സമയവും അധ്വാനവും ആവശ്യമാണ്. ആ തുക കുടുംബത്തിന് ഉള്ളിൽ തന്നെ നിൽക്കുമെന്നതും, അധ്വാനത്തിന് അർഹമായ പരിഗണന ലഭിക്കുമെന്നതുമാണ് ഇതിന്റെ നേട്ടമെന്ന് അവർ പറഞ്ഞു. തലമുറകളായി സ്ത്രീകൾ സൗജന്യമായി ചെയ്തുവരുന്ന വീട്ടുജോലികൾക്ക് അംഗീകാരം നൽകാനുള്ള നല്ലൊരു വഴിയാണിതെന്നും പ്രിയ കൂട്ടിച്ചേർത്തു.
ഈ ആശയത്തോട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്. വീട്ടുജോലിക്ക് പണം ഈടാക്കുന്നതിനെ പലരും പ്രശംസിക്കുകയും സ്വന്തം വീട്ടിൽ ഇത് പരീക്ഷിച്ചു നോക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, പാകം ചെയ്യാനുള്ള സാധനങ്ങളുടെയും പാചകവാതകത്തിന്റെയും ചെലവ് പ്രിയ തന്നെയാണോ വഹിക്കുന്നത് എന്ന ചോദ്യവുമായി ചിലർ രംഗത്തെത്തി. അതേസമയം, ഇത് രണ്ടുപേർക്കും സന്തോഷം നൽകുന്ന കാര്യമാണെങ്കിൽ മറ്റുള്ളവർ എന്തിനാണ് ഇതിൽ അസ്വസ്ഥരാകുന്നത് എന്ന് ചോദിച്ച് ദമ്പതികളെ പിന്തുണച്ചവരുമുണ്ട്.




