Lifestyle

ഓഗസ്റ്റ് 25 മുതൽ ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം നിരോധിക്കുമോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യമെന്ത്?

ഓഗസ്റ്റ് 25 മുതൽ ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം നിരോധിക്കുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ മറ്റുള്ളവർക്ക് പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഓഗസ്റ്റ് 25-ന് ഇൻസ്റ്റാഗ്രാം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഓഗസ്റ്റ് 25 രാത്രി മുതൽ ഇൻസ്റ്റാഗ്രാം നിരോധിക്കുമെന്ന തരത്തിലുള്ള പ്രചാരണം പൂർണ്ണമായും തെറ്റാണെന്നും, കേന്ദ്ര സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും പി.ഐ.ബി വ്യക്തമാക്കി.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ആപ്പിന്റെ ഭാവി ഓർത്ത് നിരവധി ഉപയോക്താക്കളാണ് ആശങ്ക പങ്കുവെച്ചത്. നിരോധന തീയതിക്ക് മുൻപ് പോസ്റ്റുകളും ചിത്രങ്ങളും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ പോലും ചില വ്യാജ പ്രചാരണങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമോ മെറ്റയോ മറ്റ് സർക്കാർ ഏജൻസികളോ ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുതെന്ന് പി.ഐ.ബി ആവശ്യപ്പെട്ടു. നിലവിൽ ഇൻസ്റ്റാഗ്രാം ഇന്ത്യയിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ആപ്പ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ ഔദ്യോഗിക തീരുമാനവും ഉണ്ടായിട്ടില്ല. പ്രധാനം എന്ന് തോന്നുന്ന വിവരങ്ങളും വാർത്തകളും വിശ്വസിക്കുന്നതിന് മുൻപ് ഔദ്യോഗിക കേന്ദ്രങ്ങൾ വഴി സ്ഥിരീകരിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *