പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് “വെളുത്ത സ്വർണം” എന്ന് വിളിക്കപ്പെട്ടിരുന്ന പഞ്ഞി (പരുത്തി) യോളം പ്രാധാന്യമുള്ള മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിക്കും സോലാപൂർ, നാഗ്പൂർ തുടങ്ങിയ ഡെക്കാൻ പീഠഭൂമിയിലെ പരുത്തി സമൃദ്ധമായ പ്രദേശങ്ങൾക്കും ഇടയിൽ തടസ്സമായി നിന്നത് ഒരേയൊരു കാര്യമായിരുന്നു; ബോംബെയെ പൂനയിൽ നിന്ന് വേർതിരിക്കുന്ന സഹ്യാദ്രി മലനിരകളിലെ അതികഠിനവും അപകടകരവുമായ ഭോർ ഘട്ട് പാത.
മഴക്കാലത്ത് ഈ പ്രദേശത്തുകൂടിയുള്ള റോഡുകൾ തുടർച്ചയായി തകർന്നുപോകുന്നതുകൊണ്ട് തീരെ ആശ്രയിക്കാൻ കൊള്ളാത്തവയായിരുന്നു. ഒരു റെയിൽവേ ലൈൻ നിർമ്മിക്കുന്നത് ഈ പ്രശ്നം പരിഹരിക്കുക മാത്രമല്ല, ബോംബെയെ പൂനയുമായും അവിടെനിന്ന് കൽക്കത്ത, മദ്രാസ്, ഡൽഹി എന്നിവയുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പാത തുറക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇതിനൊരു തടസ്സമുണ്ടായിരുന്നു; അവിടുത്തെ ഭൂപ്രകൃതി നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ കഴിയുന്നതായിരുന്നില്ല.
1853-ൽ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാതയായ ബോംബെ-താനെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ചീഫ് റെസിഡന്റ് എഞ്ചിനീയർ ജെയിംസ് ജോൺ ബെർക്ക്ലിയുടെ കീഴിൽ, 1852-ൽ ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേയ്ക്കാണ് ഈ പദ്ധതിയുടെ ചുമതല ലഭിച്ചത്. ബെർക്ക്ലിയും സംഘവും നാല് വർഷത്തോളം സർവ്വേ നടത്തി ഏകദേശം 3,000 ഭൂപടങ്ങളും ചിത്രങ്ങളും തയ്യാറാക്കിയ ശേഷമാണ് ഭോർ ഘട്ട് വഴി പാത നിർമ്മിക്കാൻ തീരുമാനിച്ചത്. അന്നുവരെ ആരും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയൊരു പദ്ധതിയായിരുന്നു അത്: 25 തുരങ്കങ്ങൾ, 8 വലിയ കൽപാലങ്ങൾ, കൂടാതെ 54 ദശലക്ഷം ഘനയടി പാറ കൈകൾ കൊണ്ട് വെട്ടിമാറ്റേണ്ട ജോലികൾ.
1856 ജനുവരിയിൽ പണികൾ ആരംഭിച്ചെങ്കിലും ഉടൻ തന്നെ പ്രശ്നങ്ങളും തുടങ്ങി. കഠിനമായ കാലാവസ്ഥയും അമിത അധ്വാനവും കാരണം ബെർക്ക്ലിയുടെ ആരോഗ്യം വഷളാവുകയും അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു. തുടർന്ന് വന്ന കോൺട്രാക്ടർ വില്യം ഫാവിയൽ തൊഴിലാളികളോട് വളരെ ക്രൂരമായി പെരുമാറിയ വ്യക്തിയായിരുന്നു. ഇത് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് തൊഴിലാളികളുടെ പ്രതിഷേധത്തിന് വഴിതെളിച്ചു.
പദ്ധതിയുടെ പ്രധാന ഘട്ടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം 25,000-ത്തോളം തൊഴിലാളികൾ ആയുധങ്ങൾ മാത്രം ഉപയോഗിച്ച് സ്വന്തം കൈകൾ കൊണ്ടാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കുടിവെള്ളം പോലും അവർക്ക് കൃത്യമായി ലഭിച്ചിരുന്നില്ല.
തൊഴിലാളികൾക്കിടയിൽ മലമ്പനിയും കോളറയും അതിവേഗം പടർന്നുപിടിച്ചു. അപകട സാധ്യതകളും വളരെ കൂടുതലായിരുന്നു; കുത്തനെയുള്ള മലഞ്ചെരുവുകളിൽ കയറിൽ തൂങ്ങിക്കിടന്നാണ് തൊഴിലാളികൾ പാറകളിൽ ദ്വാരങ്ങളുണ്ടാക്കിയിരുന്നത്. താഴ്ചയുള്ള മലയിടുക്കുകളിലേക്ക് വീഴാനുള്ള സാധ്യത എപ്പോഴുമുണ്ടായിരുന്നു. പാറ പൊട്ടിക്കൽ, മുകളിൽ നിന്ന് കല്ലുകൾ പതിക്കൽ, മണ്ണിടിച്ചിൽ എന്നിവയും വലിയ ഭീഷണിയായിരുന്നു.
എട്ട് വർഷത്തോളം നീണ്ടുനിന്ന ഈ പദ്ധതിയുടെ നിർമ്മാണത്തിനിടയിൽ ഏകദേശം 24,000 തൊഴിലാളികൾ മരണപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.
1859 ജനുവരിയിൽ അവസ്ഥ വീണ്ടും വഷളായി. വേഗത കുറഞ്ഞതിലും ചെലവ് കൂടിയതിലും പ്രകോപിതരായ നിക്ഷേപകർ തൊഴിലാളികളുടെ കുടിശ്ശിക ശമ്പളം പകുതിയായി വെട്ടിക്കുറക്കാൻ ആവശ്യപ്പെട്ടു. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്ന തൊഴിലാളികൾ വടികളും കല്ലുകളുമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ നേരിട്ടു. പിന്നീട് കൂടുതൽ പണം വാഗ്ദാനം ചെയ്താണ് അവരെ ശാന്തരാക്കിയത്.
എന്നാൽ കലാപത്തിൽ ദേഷ്യം വന്ന ബ്രിട്ടീഷ് എഞ്ചിനീയർമാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. ഇതിനുപിന്നാലെ മിസ്റ്റർ കർറൻ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ തലയ്ക്ക് വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടു. ഈ സംഭവം വലിയ അന്വേഷണത്തിന് വഴിവെക്കുകയും ഫാവിയൽ പദ്ധതിയിൽ നിന്ന് രാജി വെക്കുകയും ചെയ്തു.
പകരമെത്തിയ സോളമൻ ട്രെഡ്വെൽ എന്ന പുതിയ കോൺട്രാക്ടർ വന്ന് ദിവസങ്ങൾക്കകം കോളറ പിടിപെട്ട് മരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ആലീസ് ട്രെഡ്വെൽ പദ്ധതിയുടെ ചുമതല ഏറ്റെടുത്തു. റെയിൽവേ ചരിത്രത്തിൽ അധികരും ശ്രദ്ധിക്കാതെ പോയ ഒരു സംഭവമായിരുന്നു ഇത്. 1861-62 ഓടെ തൊഴിലാളികളുടെ എണ്ണം 42,000 ആയി ഉയരുകയും 1863 ഏപ്രിലിൽ ഈ പാതയുടെ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു.
1863 ഏപ്രിൽ 21-ന് ഖണ്ഡാലയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബോംബെ ഗവർണർ സർ ബാർട്ടിൽ ഫ്രെറെ റെയിൽവേ ലൈൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യ “റെയിൽവേ യുഗത്തിലേക്ക്” കടന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. കാളവണ്ടികളിൽ നിന്ന് ഇന്ത്യയെ നീരാവി എഞ്ചിനുകളിലേക്ക് എത്തിച്ച ബ്രിട്ടീഷ് ഭരണത്തിന്റെ നേട്ടമായിട്ടാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്; എന്നാൽ ഇത് പണിയുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ കുറിച്ച് അദ്ദേഹം പരാമർശിച്ചതേയില്ല.
ഇന്ന് നിർമ്മിക്കുന്ന മുംബൈ-പൂനെ മിസ്സിംഗ് ലിങ്ക് ഇടനാഴി പോലുള്ള വലിയ പദ്ധതികളെ നോക്കിക്ക കാണുമ്പോൾ ഭോർ ഘട്ടിന്റെ ചരിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം കഴിഞ്ഞ 150-ലേറെ വർഷങ്ങളായി എഞ്ചിനീയറിംഗ് രംഗത്ത് എത്രത്തോളം വലിയ വെല്ലുവിളിയായിരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്.




