Sports

ഫൈനലില്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടത് കങ്കാരുക്കളെ; 2003 ലെ തോല്‍വിക്ക് പകരം വീട്ടാന്‍ അവസരം

കരുത്തരായ ഓസ്‌ട്രേലിയ സെമിയില്‍ കടന്നതോടെ ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുന്ന ഒരു കലാശപ്പോരുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍. 2003 ലെ ലോകകപ്പ് ഫൈനലിന്റെ കണക്കു തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇതിനേക്കാള്‍ വലിയൊരു അവസരമില്ല. നിലവിലെ സ്ഥിതിക്ക് മാറ്റം വന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരേയും രണ്ടാമന്മാരായ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെയും നേരിടും. ഒരു മത്സരം മാത്രം ശേഷിക്കുമ്പോള്‍ ടീമുകളുടെ മികച്ച ഫോം വെച്ചു പ്രവചിച്ചാല്‍ രണ്ടു ടീമും ഫൈനലില്‍ കടന്നേക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കില്‍ 2003 ല്‍ ഓസീസിനോട് വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്ക് അതിനൊക്കെ കണക്കു പറഞ്ഞ് പ്രതികാരം ചെയ്യാന്‍ അവസരം കിട്ടും.

2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ 125 റണ്‍സിനായിരുന്നു ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 359 റണ്‍സാണ് എടുത്തത്. നായകന്‍ റിക്കി പോണ്ടിംഗിന്റെ സെഞ്ച്വറിയും ഗില്‍ക്രിസ്റ്റ് ഡാമിയന്‍ മാര്‍ട്ടിന്‍ എന്നിവരുടെ അര്‍ദ്ധശതകങ്ങളും ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. ഇന്ത്യന്‍ ടീമില്‍ തിളങ്ങാനായത് അര്‍ദ്ധശതകം നേടിയ സെവാഗിന് മാത്രമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണ് രാഹുല്‍ദ്രാവിഡ് എന്ന പരിശീലകന് കീഴില്‍ കളിക്കുന്നത്. ഓസ്ട്രേലിയന്‍ ടീം ശക്തമാണെങ്കിലും ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചതല്ല.

2023 ഒക്ടോബര്‍ 8 ന് തുടങ്ങിയ ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരവും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നു.2011ലെ ക്വാര്‍ട്ടര്‍ ഫൈനലിലും ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ ഈ ലോകകപ്പില്‍ മികച്ച ഫോമിലാണ്. നാട്ടിലാണ് കളിക്കുന്നതെന്ന ആനുകൂല്യവും ഇന്ത്യയ്ക്ക് ഗുണമാകും. അങ്ങിനെയെങ്കിലും 2003 ലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.