നടി പത്മപ്രിയ അമ്മയായ വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും പ്രധാന ചർച്ചാവിഷയം. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ കുഞ്ഞിക്കൈകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. ഗർഭിണിയായ വിവരമോ കുഞ്ഞ് പിറന്ന കാര്യങ്ങളോ ഇതിനുമുമ്പ് താരം എവിടെയും വെളിപ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളും മറ്റ് വിശേഷങ്ങളുമായി സജീവമായിരുന്നെങ്കിലും, കുഞ്ഞിന്റെ വരവ് പൂർണമായും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ‘ജീവിതത്തിന്റെ 365 ദിവസങ്ങൾ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ, അമ്മയുടെ വസ്ത്രത്തിൽ കുഞ്ഞിക്കൈ മുറുകെപ്പിടിച്ചിരിക്കുന്നതും രണ്ടു കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതും കാണാം. എന്നാൽ കുഞ്ഞിന്റെ മുഖമോ, ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന കാര്യങ്ങളോ താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പത്മപ്രിയയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയ സഹപ്രവർത്തകർക്കിടയിൽ, നടി അഭിരാമിയും പത്മപ്രിയയും തമ്മിലുള്ള മറുപടികളും ഏറെ ശ്രദ്ധനേടി. ‘ഞാൻ നിന്നെയും നിന്റെ കുഞ്ഞിനെയും ഒരുപാട് സ്നേഹിക്കുന്നു എന്നറിയാമല്ലോ’ എന്ന അഭിരാമിയുടെ കമന്റിന്, “ഞങ്ങൾക്കിത് ലഭിക്കാൻ കാരണം നീയാണ്” എന്നാണ് പത്മപ്രിയ മറുപടി നൽകിയത്.
വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ‘കൽക്കി’ എന്ന പെൺകുട്ടിയെ ദത്തെടുത്താണ് അഭിരാമിയും ഭർത്താവും അമ്മയും അച്ഛനുമായത്. അതിനാൽ തന്നെ അഭിരാമിയുടെ വഴിയേ സഞ്ചരിച്ച് പത്മപ്രിയയും കുഞ്ഞിനെ ദത്തെടുത്തതാണോ എന്ന തരത്തിലുള്ള ചർച്ചകളും ഇപ്പോൾ സജീവമാണ്.
‘കുഞ്ഞ് ഇപ്പോൾ തന്നെ വലിയ ആളായി, മമ്മിക്കും ഡാഡിക്കും ആശംസകൾ’ എന്നായിരുന്നു സംവിധായിക അഞ്ജലി മേനോന്റെ കമന്റ്. ഭാമ, രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കൽ, മാളവിക നായർ, സംവൃത സുനിൽ, പാർവതി തിരുവോത്ത്, അനുമോൾ, മീര നന്ദൻ, നിത്യ മേനോൻ, സോന നായർ തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങൾ പോസ്റ്റിന് ലൈക്കുകളും സ്നേഹവും അറിയിച്ചിട്ടുണ്ട്.
തമിഴ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ പത്മപ്രിയ 2014 നവംബർ 12-നാണ് ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ വിവാഹം കഴിക്കുന്നത്. മുംബൈയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മാസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിൽ’ ദക്ഷിണേഷ്യയുടെ പോളിസി ഹെഡ് ആണ് ജാസ്മിൻ ഷാ. ന്യൂയോർക്ക്, കൊളംബിയ സർവകലാശാലകളിൽ പഠിക്കുന്ന കാലത്തെ പരിചയമാണ് ഇവരെ പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും നയിച്ചത്.
കലാഭവൻ മണി നായകനായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്തെത്തുന്നത്. തുടർന്ന് മമ്മൂട്ടി-ബ്ലെസി കൂട്ടുകെട്ടിന്റെ ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം, ആദ്യ ചിത്രത്തിൽ തന്നെ പക്വതയുള്ള ഒരു അമ്മ വേഷത്തിലാണ് എത്തിയത്. മലയാളി തനിമയുള്ള ലുക്കും മികച്ച അഭിനയവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ നായികയായി തിളങ്ങാൻ പത്മപ്രിയയ്ക്ക് സാധിച്ചു.
‘അമൃതം’, ‘രാജമാണിക്യം’, ‘വടക്കുംനാഥൻ’, ‘കറുത്ത പക്ഷികൾ’ തുടങ്ങി നിരവധി മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, കരിയറിൽ തിളങ്ങിനിൽക്കുമ്പോഴാണ് ഉപരിപഠനത്തിനായി ചെറിയൊരു ഇടവേളയെടുത്തത്. ബിജു മേനോൻ പ്രധാന വേഷത്തിലെത്തിയ ‘ഒരു തെക്കൻ തല്ലു കേസ്’ ആണ് പത്മപ്രിയ ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. വരും ദിവസങ്ങളിൽ കുഞ്ഞിന്റെ കൂടുതൽ വിശേഷങ്ങൾ താരം പങ്കുവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.




