Featured Oddly News

പരസ്പരം പിരിയാനാവില്ല; ഒരേ യുവാവിനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ- വീഡിയോ

ലക്നൗ∙ പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യാത്തതിന്റെ പേരിൽ ഒരേ യുവാവിനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ.  ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലുള്ള ദൗരിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നീ യുവതികളാണ് തങ്ങളുടെ ക്യാമറാമാനായ വികാസ് ഖടക്‌വംശിയെ (20) ജീവിതപങ്കാളിയാക്കിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ മൂന്ന് യുവതികളുടെയും വിഡിയോകൾ പകർത്തി നൽകിയിരുന്നത് വികാസായിരുന്നു. ഇതിനിടെ ചില വിഡിയോകളിൽ ഇയാൾ ഇവരുടെ ഭർത്താവായി അഭിനയിക്കുകയും ചെയ്തു. വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങിയതോടെ പരസ്പരം വേർപിരിയേണ്ടി വരുമെന്ന ഭയമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സരോജ് വ്യക്തമാക്കുന്നു. കുട്ടിക്കാലം മുതൽ ഒന്നിച്ചു വളർന്ന തങ്ങൾക്ക് പിരിഞ്ഞു ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും, ജീവനൊടുക്കുന്നതിന് പകരം ഒരാളെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. തങ്ങൾ പ്രായപൂർത്തിയായവരായതിനാൽ സ്വന്തമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.

ചാമുണ്ഡ മാത ക്ഷേത്രത്തിൽ വച്ചുനടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മൂവരുടെയും നെറ്റിയിൽ വികാസ് സിന്ദൂരം ചാർത്തുന്ന ചടങ്ങുകളുടെ വിഡിയോയാണ് പുറത്തുവന്നത്. എന്നാൽ ഇരുപക്ഷത്തെയും കുടുംബാംഗങ്ങളാരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

സഹോദരിമാർ തമ്മിലുള്ള ഉറച്ച സ്നേഹബന്ധം മനസ്സിലാക്കിയാണ് വിവാഹത്തിന് തയ്യാറായതെന്ന് വികാസ് പറഞ്ഞു. അതേസമയം, സംഭവം വലിയ നിയമപ്രശ്നങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. നിലവിലുള്ള ഹിന്ദു വിവാഹനിയമ പ്രകാരം ഇത്തരം ബഹുഭാര്യത്വ വിവാഹങ്ങൾക്ക് നിയമസാധുതയില്ലെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *