Celebrity

‘സ്തന വലിപ്പം കൂട്ടൂ, ഇത് തീരെ ചെറുതാണ്, ചുണ്ടിന് ഈ സൗന്ദര്യം പോരാ’; പുരുഷന്‍മാര്‍ ആവശ്യപ്പെട്ടെന്ന് നടി ദിയ മിര്‍സ

സൗന്ദര്യം കൂട്ടണമെന്നും സ്വാഭാവിക ഭംഗി മാത്രം പോരെന്നും തന്നോട് ആവശ്യപ്പെട്ടവർ ഏറെയുണ്ടെന്നും, അങ്ങനെ പറഞ്ഞവരെല്ലാം പുരുഷന്മാരായിരുന്നുവെന്നും ബോളിവുഡ് താരം ദിയ മിർസ വെളിപ്പെടുത്തി. ചുണ്ടുകൾക്ക് കനം കുറവായതിനാൽ കുത്തിവയ്പുകൾ എടുക്കണമെന്നോ, സ്തനങ്ങളുടെ വലിപ്പം കൂട്ടണമെന്നോ ഒരു സ്ത്രീയും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എന്നാൽ പുരുഷന്മാർ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞു.

പുരുഷന്മാരുടെ ഇത്തരം സൗന്ദര്യ സങ്കല്പങ്ങൾക്ക് വഴങ്ങാത്തവർക്ക് സിനിമ മേഖലയിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ടെന്നും, സ്വന്തം ശരീരത്തിൽ കൃത്രിമ മാറ്റങ്ങൾ വരുത്താൻ അവർ നിർബന്ധിതരാകുകയാണെന്നും ദിയ വ്യക്തമാക്കി. നമ്മൾ ഇന്ന് ജീവിക്കുന്നത് അമിത ഉപഭോഗ സംസ്‌കാരമുള്ള ഒരു സമൂഹത്തിലാണ്. ഇവിടെ ഒരാളുടെ ആന്തരിക സൗന്ദര്യത്തിനോ തനതായ ചിന്തകൾക്കോ യാതൊരു വിലയുമില്ല. പണ്ടത്തെ അപേക്ഷിച്ച് സൗന്ദര്യ വർദ്ധക ചികിത്സകൾ നടത്തുന്ന സ്ത്രീകളുടെ എണ്ണം ഇക്കാലത്ത് വളരെ കൂടുതലാണെന്നും, പലരും ഇത് ചെയ്യുന്നത് ഭയം കൊണ്ടാണെന്നും താരം നിരീക്ഷിക്കുന്നു.

ഈ സിനിമാ വ്യവസായം മുഴുവൻ പുരുഷന്മാരുടെ നിയന്ത്രണത്തിലാണ്. സ്ത്രീകളെ ഭയപ്പെടുത്തിയാണ് അവർ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു സ്ത്രീക്ക് സ്വന്തം രൂപത്തിൽ സംതൃപ്തി തോന്നാത്തതു കൊണ്ട് ശരീരം ഭംഗിയാക്കാൻ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. എന്നാൽ ഒരു പുരുഷന്റെ നിർബന്ധത്തിന് വഴങ്ങി അത്തരം കാര്യങ്ങൾ ചെയ്യേണ്ടി വരുന്നത് ശരിയല്ലെന്നും ദിയ പറഞ്ഞു. പ്രായം കൂടുന്നതിന്റെ പേരിൽ നടിമാരെ കളിയാക്കുകയും അവരെ മാനസികമായി വിഷമിപ്പിക്കുകയും ചെയ്യുന്ന ഒരു രീതി ഇവിടെയുണ്ടെന്നും അത് മാറേണ്ട സമയം കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *