ഡിജിറ്റൽ സംഭാഷണങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്, വാക്കുകൾ അധികം ഉപയോഗിക്കാതെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ലളിതവും ജനപ്രിയവുമായ മാർഗ്ഗമായി ഇമോജികൾ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും മെസ്സേജിങ് പ്ലാറ്റ്ഫോമുകളിലും ആശയവിനിമയത്തിന്റെ പ്രധാന ഭാഗമായി മാറിയ ഈ കൊച്ചു ചിഹ്നങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 17-ന് ലോക ഇമോജി ദിനം ആഘോഷിക്കുന്നു. ഇമോജിപീഡിയയുടെ സ്ഥാപകനായ ജെറമി ബർഗ് ആണ് ഡിജിറ്റൽ ആശയവിനിമയത്തിൽ ഇമോജികളുടെ പങ്ക് മുൻനിർത്തി ഈ ദിനം ആരംഭിച്ചത്.
പിക്റ്റോഗ്രാഫുകൾ അല്ലെങ്കിൽ സ്മൈലികൾ എന്നും അറിയപ്പെടുന്ന ഇമോജികളുടെ തുടക്കം 1980-കളിലാണ്. ആ സമയത്ത് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ സ്കോട്ട് ഫാൽമാൻ ഭാഷയ്ക്ക് പകരമായി ചിഹ്നങ്ങൾ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചിരുന്നു. പിന്നീട് 1999-ൽ ഒരു ജാപ്പനീസ് ഡിസൈനർ ഒരു മൊബൈൽ കമ്പനിക്കായി ഇമോജികളുടെ ആദ്യ രൂപം തയ്യാറാക്കി. 2007-ൽ ഗൂഗിളിലെ ഒരു സോഫ്റ്റ്വെയർ ടീം ഇമോജികൾക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് യൂണികോഡ് കൺസോർഷ്യത്തോട് ആവശ്യപ്പെട്ടു. 2011-ൽ ആപ്പിൾ തങ്ങളുടെ ഐഒഎസ് (iOS) ഫോണുകളിൽ ഔദ്യോഗിക ഇമോജി കീബോർഡ് അവതരിപ്പിച്ചതോടെ ഇവ ലോകമെമ്പാടും ജനപ്രിയമായി.
തുടർന്ന് വിവിധ സംസ്കാരങ്ങൾ, ചർമ്മനിറങ്ങൾ, ലിംഗഭേദങ്ങൾ, കുടുംബഘടനകൾ എന്നിവയെല്ലാം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഇമോജികൾ വികസിച്ചു. ഇന്ന് മൃഗങ്ങളും ഭക്ഷണവും പതാകകളും ഉൾപ്പെടെ ആയിരക്കണക്കിന് ഇമോജികൾ ലഭ്യമാണ്. ഇതിൽ ചുവന്ന ഹൃദയം, തീ, ഉറക്കെ കരയുന്ന മുഖം എന്നിവയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ), ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇമോജികൾക്ക് വലിയ പങ്കുണ്ട്. സാധാരണ ടെക്സ്റ്റ് മെസ്സേജുകളെ കൂടുതൽ ജീവസ്സുറ്റതാക്കാൻ ഇവ സഹായിക്കുന്നു. സാഹചര്യങ്ങൾക്കും സംസ്കാരങ്ങൾക്കും അനുസരിച്ച് ഇവയുടെ അർത്ഥങ്ങൾ മാറാമെന്നത് ഇമോജികളെ ആധുനിക ഡിജിറ്റൽ ആശയവിനിമയത്തിലെ ഒരു സവിശേഷ ഘടകമാക്കുന്നു.




