ലോകമെമ്പാടും ഹൃദയാഘാത കേസുകൾ വർദ്ധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ആഗോളതലത്തിൽ മരണകാരണമാകുന്ന രോഗങ്ങളിൽ പ്രധാന പങ്കും ഹൃദ്രോഗങ്ങൾക്കാണ് (CVDs). 2022-ൽ ഏകദേശം 19.8 ദശലക്ഷം ആളുകൾ ഹൃദ്രോഗങ്ങൾ മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്, ഇത് ആഗോള മരണങ്ങളുടെ ഏകദേശം 32 ശതമാനത്തോളം വരും. ഇതിൽ 85 ശതമാനം മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും (സ്ട്രോക്ക്) മൂലമാണ് സംഭവിച്ചത്. ഹൃദയാഘാതം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ്.
ഹൃദയാഘാതം എപ്പോഴും കഠിനമായ നെഞ്ചുവേദനയോടെ മാത്രമേ വരൂ എന്നാണ് മിക്ക ആളുകളും കരുതുന്നത്, അതിനാൽ അത് തിരിച്ചറിയാൻ എളുപ്പമാണെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ ഇത് എപ്പോഴും ശരിയാകണമെന്നില്ല. പല ഹൃദയാഘാതങ്ങളും ആളുകൾ പലപ്പോഴും അവഗണിക്കുന്ന വളരെ നേരിയതോ അല്ലാത്തതോ ആയ ലക്ഷണങ്ങളോടെയാണ് സംഭവിക്കുന്നതെന്ന് ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ചിരാഗ് ഡി വ്യക്തമാക്കി. ഇവയാണ് സൈലന്റ് ഹൃദയാഘാതം അഥവാ ‘സൈലന്റ് മയോകാർഡിയൽ ഇൻഫാർക്ഷൻ’ എന്ന് അറിയപ്പെടുന്നത്. ഇതിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ വളരെ കുറവോ അല്ലെങ്കിൽ ഒട്ടും ഇല്ലാത്തതോ ആണെങ്കിൽ പോലും, ഹൃദയപേശികൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്താൻ ഇവയ്ക്ക് കഴിയും. സാധാരണ ഹൃദയാഘാതത്തെപ്പോലെ തന്നെ സൈലന്റ് ഹൃദയാഘാതവും ഹൃദയപേശികൾക്ക് നാശമുണ്ടാക്കുന്നുണ്ടെന്ന് ഡോ. ചിരാഗ് പറഞ്ഞു.
ഇത്തരം ലക്ഷണങ്ങൾ ദഹനക്കേട്, പേശി വേദന, അസിഡിറ്റി അല്ലെങ്കിൽ വെറും ക്ഷീണം എന്നിങ്ങനെയുള്ള മറ്റ് പ്രശ്നങ്ങളായി ആളുകൾ തെറ്റിദ്ധരിക്കാറുള്ളതിനാൽ, ഭൂരിഭാഗം പേരും കൃത്യസമയത്ത് വൈദ്യസഹായം തേടാറില്ല. വിവിധ പഠനങ്ങൾ അനുസരിച്ച് ഹൃദയാഘാതങ്ങളിൽ പകുതിയോളവും ഇത്തരത്തിലുള്ള സൈലന്റ് ഹൃദയാഘാതങ്ങളാണെന്നും, ഇവ കൃത്യസമയത്ത് തിരിച്ചറിയാത്തതിനാൽ ഭാവിയിൽ ഹൃദയസ്തംഭനം (ഹാർട്ട് ഫെയിലിയർ), വീണ്ടും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത, പെട്ടെന്നുള്ള മരണം എന്നിവയ്ക്ക് കാരണമാകാമെന്നും ഡോ. ചിരാഗ് കൂട്ടിച്ചേർത്തു.
അതുകൊണ്ടുതന്നെ, പ്രത്യേകിച്ച് ഹൃദ്രോഗ സാധ്യതയുള്ളവർ ഇതിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും എന്ന കാര്യത്തിൽ സൈലന്റ് ഹൃദയാഘാതവും സാധാരണ ഹൃദയാഘാതവും ഒരുപോലെയാണ്. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയോ, വളരെ നേരിയതോ അല്ലെങ്കിൽ അസാധാരണമായതോ ആയിരിക്കും എന്നതാണ് പ്രധാന വ്യത്യാസം. വേദന കഠിനമല്ലാത്തതിനാൽ, തങ്ങളുടെ ഹൃദയത്തെ ഇത് ബാധിച്ചുവെന്ന് തിരിച്ചറിയാതെ ആളുകൾ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. ലക്ഷണങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ലെങ്കിലും ഇത് വരുത്തുന്ന നാശനഷ്ടങ്ങൾ വളരെ വലുതാണ്. ഇതിന് ചികിത്സ ലഭിക്കാതിരുന്നാൽ ഭാവിയിൽ മറ്റ് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
മിക്ക ആളുകളും പ്രതീക്ഷിക്കുന്നതുപോലെ കഠിനമായ നെഞ്ചുവേദനയോടെയല്ല സൈലന്റ് ഹൃദയാഘാതം സംഭവിക്കുന്നത്. പകരം, ഇതിന്റെ ലക്ഷണങ്ങൾ വളരെ സൂക്ഷ്മവും എളുപ്പത്തിൽ അവഗണിക്കപ്പെടാൻ സാധ്യതയുള്ളതുമാണ്. കഠിനമായ വേദനയ്ക്ക് പകരം നെഞ്ചിൽ അനുഭവപ്പെടുന്ന നേരിയ അസ്വസ്ഥതയോ ഭാരമോ, പടികൾ കയറുമ്പോഴോ സാധാരണ ജോലികൾ ചെയ്യുമ്പോഴോ ഉണ്ടാകുന്ന ശ്വാസംമുട്ടൽ, വ്യക്തമായ കാരണമില്ലാതെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അസാധാരണമായ ക്ഷീണം, താടിയെല്ല്, കഴുത്ത്, തോളുകൾ അല്ലെങ്കിൽ പുറംഭാഗത്തിന്റെ മുകൾഭാഗം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന വേദനയോ അസ്വസ്ഥതയോ, ഓക്കാനം അല്ലെങ്കിൽ ദഹനക്കേട് പോലുള്ള അനുഭവം, കഠിനമായ അധ്വാനമില്ലാതെ തന്നെ അമിതമായി വിയർക്കുക, തലകറക്കം എന്നിവ ഇതിന്റെ ചില പൊതുവായ മുന്നറിയിപ്പ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ഒറ്റയ്ക്കോ കൂട്ടമായോ വരാം. ഇവ നമ്മുടെ ദൈനംദിന ആരോഗ്യപ്രശ്നങ്ങളുമായി സാമ്യമുള്ളതായതുകൊണ്ട് ആളുകൾ ഇതിനെ നിസ്സാരമായി തള്ളിക്കളയുന്നു.
ആർക്കും സൈലന്റ് ഹൃദയാഘാതം വരാമെങ്കിലും, ചിലർക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്കാണ് കൂടുതൽ അപകടസാധ്യതയുള്ളത്. പ്രമേഹബാധിതരിൽ നാഡികൾക്കുണ്ടാകുന്ന കേടുപാടുകൾ കാരണം വേദനയുടെ സന്ദേശങ്ങൾ തലച്ചോറിലെത്തുന്നത് കുറയാം, ഇത് ഹൃദയാഘാതം തിരിച്ചറിയാൻ വൈകിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, വിട്ടുമാറാത്ത വൃക്കരോഗം, പുകവലി ശീലമുള്ളവർ, കുടുംബത്തിൽ നേരത്തെ തന്നെ ഹൃദ്രോഗ പാരമ്പര്യമുള്ളവർ എന്നിവരും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങളിൽപ്പെടുന്നു. 45 വയസ്സിന് മുകളിലുള്ള മുതിർന്നവർ, പ്രത്യേകിച്ച് പുരുഷന്മാരും ആർത്തവവിരാമം വന്ന സ്ത്രീകളും വലിയ തോതിൽ ഈ ഭീഷണി നേരിടുന്നുണ്ട്. എങ്കിലും, തെറ്റായ ജീവിതശൈലി കാരണം യുവാക്കളിലും സൈലന്റ് ഹൃദയാഘാതം വർദ്ധിച്ചുവരുന്നതായി ഡോക്ടർമാർ പറയുന്നു.
പലരും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാണ് തങ്ങൾക്ക് സൈലന്റ് ഹൃദയാഘാതം വന്നിരുന്നു എന്ന കാര്യം തിരിച്ചറിയുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആശങ്ക. സാധാരണ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി ചെയ്യുന്ന ഇസിജി (ECG), എക്കോകാർഡിയോഗ്രാം അല്ലെങ്കിൽ കാർഡിയാക് എംആർഐ തുടങ്ങിയ പരിശോധനകളിലൂടെയാകും മുൻപ് എപ്പോഴോ വന്ന ഹൃദയാഘാതം ഹൃദയപേശികളിൽ ഉണ്ടാക്കിയ പാടുകൾ കണ്ടെത്തുന്നത്. ഈ നാശനഷ്ടം കണ്ടെത്തുമ്പോഴേക്കും അത് പലപ്പോഴും മാറ്റാനാകാത്ത വിധം ശാശ്വതമായിക്കഴിഞ്ഞിരിക്കും. നേരത്തെയുള്ള രോഗനിർണ്ണയം സങ്കീർണ്ണതകൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതുകൊണ്ടാണ് നേരിയ ലക്ഷണങ്ങളെപ്പോലും അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പറയുന്നത്. നിലവിൽ അത്യാധുനിക മെഡിക്കൽ പരിശോധനകൾ വഴി ഹൃദയത്തിനുണ്ടാകുന്ന തകരാറുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. ഇസിജി, ഹൈ-സെൻസിറ്റിവിറ്റി കാർഡിയാക് ട്രോപോണിൻ രക്തപരിശോധനകൾ, കൊറോണറി ഇമേജിംഗ് എന്നിവ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനും കൃത്യസമയത്ത് ചികിത്സ നൽകാനും ഡോക്ടർമാരെ സഹായിക്കുന്ന പ്രധാന മാർഗ്ഗങ്ങളാണ്.
വേദനയുടെ കാഠിന്യം എപ്പോഴും ഹൃദയാഘാതത്തിന്റെ തീവ്രതയെ കാണിക്കുന്നില്ല എന്നതാണ് ഹൃദ്രോഗവിദഗ്ദ്ധർ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. പ്രത്യേകിച്ച് ഹൃദ്രോഗ സാധ്യതയുള്ളവർ നേരിയ നെഞ്ചിലെ അസ്വസ്ഥത, കാരണമില്ലാത്ത ശ്വാസംമുട്ടൽ, അസാധാരണമായ വിയർപ്പ്, ക്ഷീണം അല്ലെങ്കിൽ കൈകളിലേക്കും താടിയെല്ലിലേക്കും പുറകിലേക്കും പടരുന്ന വേദന എന്നിവയൊന്നും ഒരിക്കലും അവഗണിക്കരുത്. ഉടനടി വൈദ്യസഹായം തേടുന്നത് വലിയ മാറ്റമുണ്ടാക്കും. പെട്ടെന്നുള്ള ചികിത്സ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പുനഃസ്ഥാപിക്കാനും ഹൃദയപേശികൾക്കുണ്ടാകുന്ന തകരാറുകൾ പരിമിതപ്പെടുത്താനും ഭാവിയിലെ സങ്കീർണ്ണതകൾ കുറയ്ക്കാനും സഹായിക്കും.




