Celebrity

‘കുബേരനി’ലെ നായിക ഉമ ശങ്കരിക്ക് സ്തനാര്‍ബുദം; രോഗത്തോട് മല്ലിടുകയാണെന്ന് നടി

മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ‘ഒരു മഴപക്ഷി പാടുന്നു…’ എന്ന പാട്ട് കേട്ട് കണ്ണ് നിറയാത്തവർ ഉണ്ടാകില്ല. അതുപോലെ തന്നെ ‘കുബേരൻ’ എന്ന സിനിമയിലെ സുന്ദരിയായ നായികയെയും ആരും മറന്നിട്ടുണ്ടാകില്ല. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി ഉമ ശങ്കരി ഇപ്പോൾ സ്തനാർബുദ രോഗത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. തന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും ഇപ്പോൾ എല്ലാ ദിവസവും ചികിത്സ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ, കഠിനമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉമ പറയുന്നു. തനിക്ക് കുറച്ചെങ്കിലും ശക്തി തോന്നുന്ന ദിവസങ്ങൾ താൻ ആഘോഷമാക്കാറുണ്ടെന്നും, എപ്പോഴും കൂടെ നിൽക്കുന്ന കുടുംബത്തിനും സ്നേഹവും പിന്തുണയും നൽകുന്ന ആരാധകർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

തമിഴ്, തെലുങ്ക് സിനിമകളിലൂടെ അഭിനയരംഗത്ത് ശ്രദ്ധ നേടിയ ഉമ ശങ്കരി, ദിലീപ് നായകനായ ‘കുബേരൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. ഇതിനുപിന്നാലെ ‘വസന്തമല്ലിക’, ‘സാഫല്യം’, ‘ഈ സ്നേഹതീരത്ത്’ തുടങ്ങിയ ശ്രദ്ധേയമായ മലയാളം സിനിമകളിലും അവർ നല്ല വേഷങ്ങൾ ചെയ്തു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നിരുന്ന താരം, വളരെ നാളുകൾക്ക് ശേഷമാണ് തന്റെ ആരോഗ്യവിവരങ്ങൾ ഇപ്പോൾ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

തനിക്ക് സ്തനാർബുദം ബാധിച്ച വിവരം ആദ്യമായി വെളിപ്പെടുത്തിയപ്പോൾ, ഈ രോഗം ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിലേക്ക് വന്നതെന്നും തുടക്കത്തിൽ മാനസികമായി വലിയ തളർച്ച അനുഭവിച്ചിരുന്നു എന്നും ഉമ ശങ്കരി പറഞ്ഞിരുന്നു. എന്തുകൊണ്ട് എനിക്ക് ഇപ്പോൾ ഇങ്ങനെ സംഭവിച്ചു എന്ന ചോദ്യങ്ങളാണ് ആദ്യം മനസ്സിലേക്ക് വന്നതെന്നും താരം അന്ന് തുറന്നുപറഞ്ഞിരുന്നു.

എന്നാൽ പിന്നീട് താൻ യാഥാർഥ്യം പൂർണ്ണമായി ഉൾക്കൊണ്ടെന്നും, രോഗത്തെ വലിയ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി നേരിടാൻ തീരുമാനിച്ചാണ് ചികിത്സയുമായി മുന്നോട്ട് പോകുന്നതെന്നും ഉമ ശങ്കരി വ്യക്തമാക്കി. പ്രിയ നടിയുടെ ആരോഗ്യനില എത്രയും വേഗം മെച്ചപ്പെടട്ടെ എന്ന ആശംസകളും പ്രാർഥനകളുമായി നിരവധി ആരാധകരും സിനിമാരംഗത്തെ സഹപ്രവർത്തകരുമാണ് സോഷ്യൽ മീഡിയയിലൂടെ പിന്തുണയുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *