തന്റെ വലിയൊരു പങ്ക് സമ്പാദ്യവുമായി ഒരു സുപ്രഭാതത്തിൽ ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്താനായി ഒൻപത് വർഷവും 18 കോടിയോളം രൂപയും ചിലവഴിച്ചതായി ഭർത്താവ് . . ചൈനീസ് വ്യവസായിയായ ലീ പിങ് ആണ് തന്റെ ജീവിതത്തിലുണ്ടായ ഈ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ ലീ പിങ് നടത്തിയ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേട്ട് ചൈനയിലെ സോഷ്യൽ മീഡിയ ലോകം ആകെ അത്ഭുതപ്പെട്ടിരിക്കുകയാണ്.
ലീ പിങ്ങിന് 1996-നും 2014-നും ഇടയിൽ 10 മില്യൺ ഡോളറോളം സമ്പാദ്യമുണ്ടായിരുന്നു. 2014-ൽ ഒരു ബിസിനസ് മീറ്റിംഗിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം സാങ് ഷുദൻ എന്ന യുവതിയെ പരിചയപ്പെടുന്നത്. രണ്ടുപേരും വടക്കുകിഴക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ നിന്നുള്ളവരായതുകൊണ്ട് അവർ പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി മാറി. തടിയായിരുന്ന തന്നെ മാതാപിതാക്കൾ ചെറുപ്പത്തിലേ ഉപേക്ഷിച്ചതാണെന്നും മറ്റൊരു കുടുംബമാണ് വളർത്തിയതെന്നും സാങ് ലീയോട് പറഞ്ഞു. കടുത്ത ദാരിദ്ര്യത്തോട് പൊരുതി പഠിച്ചാണ് താൻ ബാങ്കിൽ ജോലി നേടിയതെന്നും അവർ വിശ്വസിപ്പിച്ചു. ലീയുടെ സാമ്പത്തിക നിലയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ശേഷം സാങ് അദ്ദേഹത്തോട് പ്രണയാഭ്യർത്ഥന നടത്തി. തുടർന്ന് തന്ത്രപൂർവ്വം 20 മില്യൺ യുവാൻ ലീയെക്കൊണ്ട് താൻ ജോലി ചെയ്യുന്ന ബാങ്കിൽ നിക്ഷേപിപ്പിച്ചു. ഇതിനുശേഷവും പ്രായമായ തന്റെ വളർത്തു മാതാപിതാക്കൾക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന ഇവർ ലീയിൽ നിന്ന് നിരന്തരം പണം കടം വാങ്ങിക്കൊണ്ടേയിരുന്നു.
ലീയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് 2015-ൽ സാങ് തുറന്നുപറഞ്ഞു. ലീയുടെ ആദ്യ വിവാഹത്തിലുള്ള എട്ടുവയസ്സുകാരിയായ മകളെ സ്വന്തം കുട്ടിയെപ്പോലെ നോക്കിക്കൊള്ളാമെന്നും അവർ ഉറപ്പുനൽകി. തുടർന്ന് 2017 മാർച്ചിൽ താൻ ഗർഭിണിയാണെന്ന് സാങ് അറിയിച്ചു. ഇതിനെത്തുടർന്ന് ലീ വൻ തുക മുടക്കി ഷെൻസെനിൽ ഒരു ആഡംബര ഫ്ലാറ്റ് വാങ്ങുകയും അത് സാങ്ങിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വൈകാതെ തന്നെ ഹാൻസോങ്ങിൽ വെച്ച് ഇവരുടെ വിവാഹവും നടന്നു. എന്നാൽ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം ലീ തന്റെ സുഹൃത്തിനൊപ്പം കാറിലും സാങ് വിമാനത്തിലുമാണ് മടങ്ങിയത്. വഴിമധ്യേ ലീ സഞ്ചരിച്ച കാർ വലിയൊരു അപകടത്തിൽപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം സാങ് ലീയോട് 10 മില്യൺ യുവാൻ ആവശ്യപ്പെട്ടു. അത്രയും തുക നൽകാനില്ലെന്ന് പറഞ്ഞ ലീ, തന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന 2.74 മില്യൺ യുവാൻ സാങ്ങിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.
ഈ പണം അക്കൗണ്ടിലെത്തിയ ഉടൻ തന്നെ സാങ് അപ്രത്യക്ഷയായി. ഭാര്യയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ ലീ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സാങ് ഹോങ്കോങ് വഴി അമേരിക്കയിലെ ലോസാഞ്ചലസിലേക്ക് കടന്നതായി കണ്ടെത്തി. ലീയുടെ പണം, ഫ്ലാറ്റിന്റെ രേഖകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവയെല്ലാമായാണ് സാങ് മുങ്ങിയതെന്നും പോലീസ് കണ്ടെത്തി. മാത്രമല്ല, വിവാഹത്തിന്റെ പിറ്റേന്ന് ലീ സഞ്ചരിച്ച കാറിന്റെ കേടുപാടുകൾ വരുത്തി അപകടമുണ്ടാക്കിയത് സാങ് തന്നെയായിരുന്നു എന്നും അന്വേഷണത്തിൽ തെളിഞ്ഞു. അപകടത്തിലൂടെ ലീയെ കൊലപ്പെടുത്തി സ്വത്തുക്കൾ മുഴുവൻ തട്ടിയെടുക്കാൻ വേണ്ടിയാണ് സാങ് തന്നെ വിവാഹം കഴിച്ചതെന്ന് ലീ വ്യക്തമാക്കുന്നു.
തന്നോട് ചെയ്ത വലിയ ചതി സഹിക്കാൻ കഴിയാതെ വന്നതോടെ സാങ്ങിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പ്രതിഫലം നൽകുമെന്ന് ലീ പ്രഖ്യാപിച്ചു. യുഎസിലെ ചൈനീസ് കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ, പള്ളികൾ തുടങ്ങി സാധ്യമായ എല്ലാ സ്ഥലങ്ങളിലും ലീ തിരച്ചിൽ നടത്തി. ഇതിനായി സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായവും തേടി. ഈ അന്വേഷണങ്ങൾക്കായി മാത്രം ഏകദേശം 18 കോടി രൂപയാണ് ലീക്ക് ചിലവായത്. ഒടുവിൽ ലോസാഞ്ചലസ് പോലീസ് സാങ്ങിനെ കണ്ടെത്തുക തന്നെ ചെയ്തു. എന്നാൽ സാങ്ങിന് ജനിച്ച കുട്ടി ലീയുടെതല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ പിന്നീട് തെളിഞ്ഞു.
ഈ വലിയ വഞ്ചനയ്ക്ക് എതിരെ ലീ നിയമപരമായി പോരാടാൻ തീരുമാനിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് 2020-ൽ കോടതി ലീക്ക് വിവാഹമോചനം അനുവദിച്ചു. സാങ്ങിന്റെ പേരിലാക്കിയിരുന്ന എല്ലാ സ്വത്തുക്കളും കോടതി ഇടപെട്ട് ലീയുടെ പേരിലേക്ക് തന്നെ തിരികെ മാറ്റി നൽകി. ഒടുവിൽ 2024-ൽ വഞ്ചനാക്കുറ്റത്തിന് സാങ്ങിന് കോടതി 65 വർഷത്തെ തടവുശിക്ഷയും വിധിച്ചു. ഇത്രയും വലിയൊരു ചതിക്കുഴിയിലാണ് താൻ അകപ്പെട്ടുപോയതെന്നും, ഇപ്പോൾ മാത്രമാണ് ഇതെല്ലാം ലോകത്തോട് തുറന്നുപറയാനുള്ള ധൈര്യം തനിക്ക് കിട്ടിയതെന്നും ലീ കൂട്ടിച്ചേർത്തു.




