Celebrity

131 കലാകാരന്മാരുടെ 256 മണിക്കൂർ അധ്വാനം, ആമിർ ഖാൻ ഭാര്യക്കായി ഒരുക്കിയ അപൂർവ മാണിക്യം !

ബോളിവുഡ് താരം അമീർ ഖാനും പങ്കാളി ഗൗരി സ്പ്രാറ്റും ജൂലൈ 5-ന് മുംബൈ ബാന്ദ്രയിലെ വസതിയിൽ വെച്ച് വിവാഹിതരായി. മക്കൾ, അടുത്ത കുടുംബാംഗങ്ങൾ, ചുരുക്കം ചില സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ഈ ചടങ്ങുകൾ നടന്നത്. ഈ പ്രത്യേക ദിനത്തിൽ ഇരുവരും പരസ്പരം ഇണങ്ങുന്ന പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അമീർ ഖാൻ ഐവറി നിറത്തിലുള്ള ധോത്തിയും കുർത്തയും ധരിച്ചപ്പോൾ, ഗൗരി ഇളം നിറത്തിലുള്ള ലെഹങ്കയും മാലകളും തലയിൽ മുല്ലപ്പൂവും ചൂടിയാണ് എത്തിയത്. എന്നാൽ ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ഗൗരി ധരിച്ചിരുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത റൂബി (മാണിക്യം) മോതിരമാണ്.

അതിലെ അപൂർവ്വമായ രത്നവും അതിന്റെ നിർമ്മാണത്തിലെ സങ്കീർണ്ണതയുമാണ് ഈ മോതിരത്തെ വാർത്തകളിൽ നിറയ്ക്കുന്നത്. ‘ക്വീൻ’ (QWEEN) എന്ന പ്രമുഖ ലക്ഷ്വറി ജ്വല്ലറി ബ്രാൻഡ് രൂപകൽപ്പന ചെയ്ത ഈ മോതിരത്തിന്റെ നടുവിലായി മഡഗാസ്കറിൽ നിന്ന് കൊണ്ടുവന്ന, അത്യാധുനിക രീതിയിൽ മുറിച്ചെടുത്ത പ്രകൃതിദത്ത റൂബിയാണ് പതിപ്പിച്ചിരിക്കുന്നത്. ഈ രത്നം കണ്ടെത്താൻ മാത്രം മൂന്ന് മാസത്തിലധികം സമയമെടുത്തുവെന്ന് ക്വീൻ കമ്പനിയുടെ സിഇഒ അമിത് കുമാർ വ്യക്തമാക്കി.

“ഇതിലെ റൂബി കണ്ടെത്താൻ മൂന്ന് മാസത്തിലധികം സമയമെടുത്തു. 131 വിദഗ്ദ്ധരായ കലാകാരന്മാരുടെ കൈകളിലൂടെ 256 മണിക്കൂർ നീണ്ട അധ്വാനത്തിനൊടുവിലാണ് ഈ മോതിരം പൂർത്തിയായത്. ലക്ഷത്തിൽ ഒന്ന മാത്രം കാണാൻ കഴിയുന്നത്ര അപൂർവ്വമായ മഡഗാസ്കർ റൂബിയാണിത്. രാജകീയ പ്രൗഢി തോന്നിക്കുന്ന രീതിയിലാണ് ഈ വിവാഹ മോതിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്,” അമിത് കുമാർ പറഞ്ഞു. മോതിരത്തിന്റെ ഡിസൈൻ തയ്യാറാക്കുന്നത് മുതൽ കല്ലുകൾ പതിപ്പിക്കുന്നതും മിനുക്കുപണികൾ തീർക്കുന്നതും വരെയുള്ള എല്ലാ കാര്യങ്ങൾക്കും വലിയ സമയമെടുത്തു. തുടക്കം മുതൽ തന്നെ ഇതൊരു സാധാരണ വിവാഹ മോതിരമായിട്ടല്ല, മറിച്ച് തലമുറകളിലേക്ക് കൈമാറാൻ കഴിയുന്ന ഒരു പാരമ്പര്യ സ്വത്ത് പോലെ സൂക്ഷിക്കാൻ വേണ്ടിയാണ് നിർമ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണ രത്ന മോതിരങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇതിലെ റൂബി ഒരു കിരീടത്തിന്റെ ആകൃതിയിലുള്ള സ്വർണ്ണ ഘടനയ്ക്കുള്ളിലാണ് ഉറപ്പിച്ചിരിക്കുന്നത്. തിളക്കമുള്ളതും ഉരുണ്ടതുമായ രീതിയിലാണ് ഈ രത്നം മിനുക്കിയെടുത്തിരിക്കുന്നത്, ഇത് അതിന്റെ കടും ചുവപ്പ് നിറത്തിന് കൂടുതൽ ഭംഗി നൽകുന്നു. ചരിത്രപരമായ രാജകീയ ആഭരണങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ, സ്വർണ്ണത്തിൽ തീർത്ത കിരീടത്തിന്റെ ആകൃതിയിലുള്ള ഭാഗത്തിന് മുകളിലാണ് ഈ റൂബി താങ്ങി നിർത്തിയിരിക്കുന്നത്. അപൂർവ്വമായ മഡഗാസ്കർ റൂബിയും വജ്രങ്ങളും മികച്ച കലാവിരുതും ചേർന്ന ഈ മോതിരം, വരുംതലമുറകൾക്ക് കൈമാറാൻ തക്ക മൂല്യമുള്ള ഒരു രാജകീയ സൃഷ്ടിയായിട്ടാണ് അമീർ ഖാൻ തന്റെ പ്രിയതമയ്ക്കായി ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *