Lifestyle

‘IVF ഗര്‍ഭധാരണം സ്‌ത്രീയുടെ മാത്രം കാര്യം, ഭര്‍ത്താവിന്‌ ശാരീരികപങ്കാളിത്തമില്ല, പ്രായാധിക്യം തടസവുമല്ല’

കൊൽക്കത്ത: വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഐ.വി.എഫ്. സംവിധാനത്തിലൂടെ കുഞ്ഞ് ജനിക്കുന്നതിൽ പുരുഷന് യാതൊരു ശാരീരിക പങ്കാളിത്തവുമില്ലെന്നും ഭാര്യയ്ക്ക് ഗർഭധാരണ ശേഷിയുണ്ടെങ്കിൽ ഭർത്താവിന്റെ പ്രായാധിക്യം ഇതിന് തടസ്സമല്ലെന്നും കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു. 2014 മുതൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഐ.വി.എഫ്. ചികിത്സയ്ക്ക് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി) നിയമപ്രകാരം (2021) അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ പ്രായം ഭർത്താവിനുണ്ടെന്നത് ചികിത്സയ്ക്ക് തടസ്സമാകില്ലെന്ന് ജസ്റ്റിസ് കൃഷ്ണറാവു വ്യക്തമാക്കി.

കുഞ്ഞിന് ജന്മം നൽകാനുള്ള ഭാര്യയുടെ അവകാശത്തിന് മേൽ തടസ്സം നിൽക്കാൻ ഭർത്താവിന് കഴിയില്ല. എ.ആർ.ടി നടപടിക്രമങ്ങളിൽ ഭർത്താവിന് പ്രത്യേക പങ്കൊന്നുമില്ല; ഭ്രൂണത്തെ ഗർഭത്തിൽ ചുമക്കുന്നത് സ്ത്രീയാണ്. ഒരു പിന്തുണ നൽകുന്ന പങ്കാളി എന്നതിനപ്പുറം ഇതിൽ പുരുഷന് മറ്റ് പങ്കില്ല. ഈ കേസിൽ, ഗർഭം ധരിക്കാൻ സ്ത്രീക്ക് ശാരീരിക ക്ഷമതയുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിൽ അവർക്ക് എ.ആർ.ടി ചികിത്സയ്ക്ക് പൂർണ്ണ അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

എ.ആർ.ടി ബാങ്കിൽ നിന്ന് ബീജവും അണ്ഡവും ലഭ്യമാക്കി ഐ.വി.എഫ്. ചികിത്സയിലൂടെ ഗർഭം ധരിക്കാൻ അനുമതി തേടിയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവിന് 57 വയസുള്ളതിനാൽ ആശുപത്രി അധികൃതർ ഐ.വി.എഫ്. ചികിത്സ നിഷേധിച്ചതായി ദമ്പതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എ.ആർ.ടി നിയമപ്രകാരം ഐ.വി.എഫ്. ചികിത്സയ്ക്ക് പുരുഷന് 55 വയസും സ്ത്രീക്ക് 50 വയസുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ കാരണം ചൂണ്ടിക്കാട്ടി ദമ്പതികൾ ഐ.വി.എഫ്. ഗർഭധാരണത്തിന് യോഗ്യരല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.

എന്നാൽ, വിവാഹിതയായ ഒരു സ്ത്രീക്ക് സ്വയം ഒരു ക്ലിനിക്കിലെത്തി ഐ.വി.എഫ്. ചികിത്സ ആവശ്യപ്പെടാമെന്നും അത് നിഷേധിക്കാൻ ക്ലിനിക്കിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ ഇരുവരും ചേർന്നാണ് ചികിത്സ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമത്തിലെ ദുരുപയോഗം തടയാനാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. ഭർത്താവിന്റെ ശേഷിക്കുറവ് ഭാര്യ സഹിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, ദമ്പതികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ ആശുപത്രിയോട് നിർദ്ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *