Celebrity

‘11 വയസുമുതല്‍ ഞാന്‍ നോക്കിയ കുട്ടി എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല, എന്ത് ദ്രോഹം ചെയ്തിട്ടാണ്?’; സങ്കടം പറഞ്ഞ് രേണു

തനിക്ക് കാൻസർ ബാധിച്ച വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയ താരം രേണു സുധി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ, രോഗവിവരം അറിഞ്ഞിട്ടും കിച്ചു സുധി തന്നെ കാണാൻ എത്തിയില്ലെന്ന സങ്കടം തുറന്നു പറയുകയാണ് ഇപ്പോൾ രേണു. പതിനൊന്ന് വയസ്സു മുതൽ താൻ പോറ്റിവളർത്തിയ കുട്ടിയായിട്ടും കിച്ചു തിരിഞ്ഞുനോക്കിയില്ലെന്നും, എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നോട് ഈ അവഗണന കാണിക്കുന്നതെന്ന് അറിയില്ലെന്നും രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഈ തുറന്നുപറച്ചിൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ ആരോടും ഒരു പ്രശ്നമുണ്ടാക്കാൻ വേണ്ടിയല്ല താനിത് പറയുന്നതെന്നും രേണു വ്യക്തമാക്കി.

“ഞാൻ എന്ത് ദ്രോഹമാണ് ചെയ്തതെന്ന് എനിക്കറിയില്ല. പതിനൊന്ന് വയസ്സുള്ളപ്പോൾ മുതൽ നോക്കിയ കുട്ടിയാണ് അവൻ, പക്ഷേ ഇതുവരെ എന്നെ വന്ന് കണ്ടിട്ടില്ല. ഇത് പറഞ്ഞാൽ വലിയ വിവാദമാകുമെന്ന് എനിക്കറിയാം. പക്ഷേ വിവാദമാക്കാൻ വേണ്ടി പറയുന്നതല്ല. എനിക്ക് അവനോട് യാതൊരു വിരോധവുമില്ല, എന്നോട് ക്ഷമിക്കുക. ആരും ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. എന്റെ റിതപ്പൻ എപ്പോഴും എന്നെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഒരുപാട് ആളുകൾ കിച്ചു കാണാൻ വന്നോ എന്ന് ചോദിച്ചിരുന്നു. ഇല്ല, അവൻ വന്നിട്ടില്ല. വന്നുവെന്ന വാർത്തകൾ വ്യാജമായിരുന്നു. എന്തൊക്കെയായാലും, ഇങ്ങനെ കിടപ്പിലായിരിക്കുമ്പോൾ ഒന്ന് വന്ന് കാണാൻ ആർക്കായാലും ആഗ്രഹമുണ്ടാകില്ലേ?”- രേണു ചോദിക്കുന്നു.

വിവിധ സ്ഥലങ്ങളിൽ നിന്നും ഒരുപാട് പേർ തന്നെ കാണാൻ വരുന്നുണ്ടെന്നും, ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും മാസ്ക് ധരിച്ച് വാതിൽക്കൽ വന്ന് കണ്ടിട്ടാണ് പോകുന്നതെന്നും രേണു പറഞ്ഞു. ഒരുപാട് പേർ തനിക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. അവരോടൊക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. “എന്റെ ചേച്ചി, ചേട്ടൻ, അമ്മ, പപ്പ എന്നിവരൊക്കെ ഞാൻ ഒന്നു കരയുമ്പോൾ തന്നെ ഓടിവരുന്നവരാണ്. ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിലും വാശി പുറത്തെടുത്ത് വിവാദങ്ങൾ ഉണ്ടാക്കുന്ന ചിലരുണ്ട്. അവരോട് എനിക്ക് ഒന്നും പറയാനില്ല. ആർക്കും ഈ മാരക രോഗം വരരുതേ എന്നാണ് എന്റെ പ്രാർത്ഥന”- രേണു കൂട്ടിച്ചേർത്തു.

തന്റെ നിലവിലെ ശാരീരികാവസ്ഥയെക്കുറിച്ച് വിവരിച്ച രേണു, തനിക്ക് കാൻസറിനെ പേടിയല്ലെന്നും എന്നാൽ കൂടെയുള്ളവരുടെ സങ്കടം കാണുമ്പോഴാണ് സഹിക്കാൻ പറ്റാത്തതെന്നും വ്യക്തമാക്കി. “എനിക്ക് നേരെ ഇരിക്കാൻ പോലും കഴിയില്ല, ഇരുന്നാൽ ഛർദ്ദിയും തലകറക്കവും വരും. പിടലിയും തൊണ്ടയുമെല്ലാം പൊട്ടിയിരിക്കുകയാണ്. കീമോയെക്കുറിച്ച് കേട്ടിട്ടേയുള്ളൂ, അനുഭവം ആദ്യമായാണ്. കാൻസറിനെ എനിക്ക് ഭയമില്ല. പക്ഷേ ഈ അവസ്ഥയും വേദനയും എന്റെ കുഞ്ഞും കുടുംബവും സഹോദരങ്ങളും സഹിക്കുന്നത് കാണാനാണ് വയ്യാത്തത്. എനിക്ക് ചുറ്റും നല്ല കുറച്ചുപേരുണ്ട്. പ്രത്യേകിച്ച് കരിഷ്മയും എന്റെ ചേച്ചിയും. അവരുടെ സങ്കടമാണ് എനിക്ക് താങ്ങാനാകാത്തത്”- രേണു പറയുന്നു.

“എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഏത് സ്റ്റേജ് ആണെന്ന് ചെറിയ ധാരണയുണ്ട്. കീമോ ചെയ്യുന്നതിന് തൊട്ടുമുമ്പ് തുടയിൽ വലിയ തുക വിലവരുന്ന ഒരു ഇൻജക്ഷൻ എടുത്തിരുന്നു. അത് ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. 17 കീമോയിലും ഈ മരുന്ന് കുത്തിവയ്ക്കണം. ഞാൻ കാര്യങ്ങൾ ഊഹിച്ചെടുക്കുകയാണ്. മയങ്ങാനുള്ള ഇൻജക്ഷൻ തന്ന സമയത്ത് ചേച്ചിയും ചേട്ടനും നഴ്സുമാരുമൊക്കെ കൂടെയുണ്ടായിരുന്നു. കീമോയ്ക്ക് ശേഷം ഉണർന്നപ്പോൾ കടുത്ത ക്ഷീണമായിരുന്നു. ഭക്ഷണം കഴിക്കാൻ പറഞ്ഞതനുസരിച്ച് കഴിച്ച് വീൽചെയറിലാണ് വീട്ടിലേക്ക് വന്നത്. പിന്നീട് കടുത്ത തളർച്ചയും നടുവേദനയും തലവേദനയും ശരീരമാസകലം വേദനയുമായിരുന്നു. ഓക്കാനം വന്നെങ്കിലും ഛർദ്ദിച്ചില്ല. എന്നാൽ ഇന്നലെ വൈകീട്ട് ഇൻജക്ഷൻ എടുക്കാൻ പോയതും അത് ചെയ്തതും മാത്രമേ ഓർമ്മയുള്ളൂ, പിന്നീട് തലകറങ്ങി വീഴുകയും ഛർദ്ദിച്ച് അവശയാവുകയും ചെയ്തു”- രേണു തന്റെ അവസ്ഥ വിവരിച്ചു.

വീട്ടിലെത്തിയാൽ തനിക്ക് ഉറങ്ങാൻ കഴിയില്ലെന്നും ഒപ്പം വീട്ടുകാരെയും ഉറക്കില്ലെന്നതുമാണ് തന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നതെന്ന് രേണു പറയുന്നു. “എന്നെ കുറ്റപ്പെടുത്തുന്നവരോട് ഒരു കാര്യം പറയാനുണ്ട്; ആശുപത്രിയിൽ ചെന്നപ്പോൾ രോഗികളുടെ കൂടെയുള്ളവരോട് മാറിനിൽക്കാൻ അവിടുത്തെ ജീവനക്കാർ പറയാറില്ല, അത്രയും ഗൗരവമുള്ളതാണ് ഈ അസുഖം. എന്നെ കുറ്റം പറയുന്നവർ എന്തറിഞ്ഞിട്ടാണ് പറയുന്നത്? ഈ രോഗം വരാൻ ഒരു നിമിഷം മതി. എന്റെ ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എന്റെ മനക്കരുത്ത് ഒന്നുമാത്രമാണ് എന്നെക്കൊണ്ട് ഇത്രയെങ്കിലും സംസാരിപ്പിക്കുന്നത്. എനിക്കായി പ്രാർത്ഥിച്ചില്ലെങ്കിലും ആരും ശപിക്കാതിരിക്കുക. എനിക്കൊരു കുഞ്ഞുണ്ട്, അവൻ ചിരിച്ചിട്ട് ഇപ്പോൾ ഒരാഴ്ചയായി. അതോർക്കുമ്പോഴാണ് ഏറെ സങ്കടം”- രേണു പറഞ്ഞു നിർത്തി.

കഴിഞ്ഞ ദിവസങ്ങളിലാണ് തനിക്ക് കാൻസറാണെന്ന സത്യം രേണു സുധി തുറന്നുപറഞ്ഞത്. രേണുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുൻപ് പലവിധ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഒടുവിൽ താരം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. തനിക്ക് സ്തനാർബുദമാണെന്നും രോഗം മൂന്നാം ഘട്ടത്തിലാണെന്നും വ്യക്തമാക്കിയ രേണു, ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിരന്തരം പങ്കുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *