മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂൺ 18-ന് നടന്ന ഈ കൊലപാതകത്തിന് നാല് ദിവസം മുൻപും കേതനെ ഇതേ സ്ഥലത്തുവെച്ച് കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയൽ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം സിയയും കാമുകൻ ചേതനും പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ജൂൺ 14-ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ സിയ കേതനെ മലഞ്ചെരുവിലേക്ക് തള്ളിയിട്ടിരുന്നു. എന്നാൽ ഭാഗ്യത്തിന് ഒരു മരത്തിൽ തങ്ങിനിന്നതിനാലാണ് അന്ന് കേതൻ രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടപ്പോൾ പേടിച്ച് കേതനെ മാറ്റാൻ നോക്കിയതാണെന്നായിരുന്നു സിയ അന്ന് നൽകിയ വിശദീകരണം. ഈ സംഭവത്തിന് ശേഷം വീണ്ടും അങ്ങോട്ട് പോകാൻ കേതന് മടിയായിരുന്നെങ്കിലും, തന്റെ ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണെന്ന് പറഞ്ഞ് സിയ കേതനെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടക്കത്തിൽ ഇതൊരു അപകടമരണമെന്നാണ് കരുതിയിരുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽ തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നായിരുന്നു സിയയുടെ മൊഴി. എന്നാൽ പരിചയസമ്പന്നനായ ഒരു ട്രെക്കറായ കേതൻ പെട്ടെന്ന് കാൽ തെറ്റി വീഴില്ലെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം കേതന്റെ വീട്ടിലെത്തിയ സിയയുടെ അസ്വാഭാവികമായ പെരുമാറ്റവും മറുപടികളും കുടുംബത്തിന്റെ സംശയം കൂട്ടി. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പ്രതികളായ സിയയും ചേതൻ ചൗധരിയും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ ചേതൻ തന്റെ ഫോൺ ഇന്റർനെറ്റ് ഓഫ് ചെയ്ത് സ്വന്തം കടയിൽ വെച്ചിരുന്നു. തുടർന്ന് ജീവനക്കാരന്റെ ഫോണും വാങ്ങിയാണ് ലോഹഗഡിലേക്ക് പോയത്. ഈ സമയത്ത് ചേതന്റെ ഫോണിലേക്ക് വന്ന കോളുകളെല്ലാം കടയിലെ ജീവനക്കാരാണ് എടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിയയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് പൊലീസ് ഇപ്പോൾ അന്വേഷിച്ചുവരികയാണ്.




