Sports

ഒരോവറിൽ 5 സിക്സർ ! യുവരാജ് സിംഗിന്റെ റെക്കോർഡിന് തൊട്ടടുത്തെത്തി ഷാരൂഖ് ഖാന്റെ ടീമിലെ ആ താരം; വീഡിയോ

ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ അടിച്ച അപൂർവ്വം കളിക്കാരുടെ പട്ടികയിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. എന്നാൽ ഈ റെക്കോർഡിനൊപ്പമെത്താൻ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവൽ. ഞായറാഴ്ച ഡാള്ളസിൽ നടന്ന മേജർ ലീഗ് ക്രിക്കറ്റ് (MLC) 2026 മത്സരത്തിൽ, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള എൽഎ നൈറ്റ് റൈഡേഴ്സിന് (LAKR) വേണ്ടി കളിക്കുമ്പോഴാണ് പവൽ ഈ അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. സിയാറ്റിൽ ഓർക്കാസിനെതിരായ മത്സരത്തിലായിരുന്നു ഇത്.

ഐപിഎൽ 2026-ന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 1.5 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ പവൽ, ശ്രീലങ്കൻ ഓൾറൗണ്ടർ ദസുൻ ഷനക എറിഞ്ഞ ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്സറുകൾ പറത്തി. എന്നാൽ റെക്കോർഡിനൊപ്പമെത്താനുള്ള അവസാന പന്തിൽ താരം പുറത്താവുകയായിരുന്നു. നായകൻ ജേസൺ ഹോൾഡറുടെ വിക്കറ്റ് നഷ്ടമായി നൈറ്റ് റൈഡേഴ്സ് 5 വിക്കറ്റിന് 138 റൺസ് എന്ന നിലയിൽ തകരുമ്പോഴാണ് പതിനേഴാം ഓവറിൽ പവലിന്റെ ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനം ഉണ്ടായത്.

ഷനകയുടെ ഓവറിലെ ആദ്യ അഞ്ച് പന്തുകളും സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലേക്കാണ് പവൽ സിക്സറിനായി പറത്തിയത്. എന്നാൽ ആറാം പന്തിൽ വലിയൊരു ഷോട്ടിന് മുതിർന്ന പവലിന്റെ ക്യാച്ച് ഷോട് തേർഡ് മാനിൽ ഒട്നീൽ ബാർട്ട്മാൻ കൈപ്പിടിയിലൊതുക്കി. ഇതോടെ 11 പന്തിൽ 5 സിക്സറുകളും 1 ഫോറുമടക്കം 37 റൺസെടുത്ത് പവൽ മടങ്ങി.

പവലിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 196 റൺസ് എന്ന മികച്ച സ്കോർ നേടി. ഐപിഎൽ 2026-ൽ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിച്ച ഷനകയാണ് പവലിന് മുൻപ് ആൻഡ്രേ ഫ്ലെച്ചറുടെ വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിയാറ്റിൽ ഓർക്കാസിന് 15.3 ഓവറിൽ 115 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. നൈറ്റ് റൈഡേഴ്സിന് വേണ്ടി ആൻഡ്രേ റസ്സൽ 8 റൺസ് വഴങ്ങി 3 വിക്കറ്റും, യുഎസ്എ താരം ഷാഡ്ലി വാൻ ഷാൽക്വിക് 17 റൺസിന് 3 വിക്കറ്റും വീഴ്ത്തി. ടി20 ലോകകപ്പ് 2026-ൽ ചാമ്പ്യന്മാരായ ഇന്ത്യക്കെതിരെ ഉൾപ്പെടെ മികച്ച പ്രകടനം നടത്തി യുഎസ്എയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ താരമാണ് ഷാൽക്വിക്. മത്സരത്തിന് ശേഷം ടീമിന്റെ വിജയത്തിലും താരങ്ങളുടെ പ്രകടനത്തിലും നായകൻ ജേസൺ ഹോൾഡർ സന്തോഷം പ്രകടിപ്പിച്ചു. ഐപിഎൽ 2026-ൽ കെകെആറിനായി 11 മത്സരങ്ങൾ കളിച്ച പവൽ, 38 ശരാശരിയിലും 134.75 സ്ട്രൈക്ക് റേറ്റിലും 190 റൺസ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *