പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും പ്രായത്തിന്റേതാണെന്ന് പറഞ്ഞ് അച്ഛന്മാർ പലപ്പോഴും അവഗണിക്കാറുണ്ട്. കടുത്ത ക്ഷീണം തോന്നിയാലും പതിവ് പരിശോധനകൾ ഒഴിവാക്കാനും ലക്ഷണങ്ങൾ തുറന്നുപറയാതിരിക്കാനുമാണ് അവർ ശ്രമിക്കുക. എന്നാൽ അച്ഛന്മാരിൽ കാണുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിഞ്ഞ് അവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിൽ മക്കൾക്ക്, പ്രത്യേകിച്ച് പെൺമക്കൾക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ വിദഗ്ദ്ധ ഡോ. ഹണി സാവ്‌ല പറയുന്നു. 50 വയസ്സ് കഴിഞ്ഞ അച്ഛന്മാരുടെ ആരോഗ്യത്തിൽ പെൺമക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
എത്ര വിശ്രമിച്ചാലും മാറാത്ത കടുത്ത ക്ഷീണം, എപ്പോഴും ഉറങ്ങാൻ തോന്നുക, നടക്കാൻ മടി കാണിക്കുക, പടികൾ കയറുമ്പോൾ ശ്വാസം മുട്ടുക എന്നിവ പ്രായമാകുന്നതിന്റെ ലക്ഷണമായി കണ്ട് തള്ളിക്കളയരുത്. ഇത് ഹൃദ്രോഗം, വിളർച്ച (അനീമിയ), ടൈപ്പ്-2 പ്രമേഹം അല്ലെങ്കിൽ വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ ലക്ഷണമാകാം. അതുപോലെ, ഹൃദയാഘാതം എപ്പോഴും കടുത്ത നെഞ്ചുവേദനയോടെ ആകണമെന്നില്ല. ശ്വാസതടസ്സം, അമിതമായി വിയർക്കുക, തലകറക്കം, ഓക്കാനം എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാകാം. കൃത്യമായ രക്തസമ്മർദ്ദ പരിശോധന, കൊളസ്‌ട്രോൾ പരിശോധന, ഇ.സി.ജി എന്നിവയിലൂടെ ഇത്തരം പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താം. പൊണ്ണത്തടിയും പ്രമേഹവും കാരണം ഇന്ന് ഫാറ്റി ലിവർ രോഗങ്ങൾ വർദ്ധിച്ചുവരികയാണ്. കടുത്ത ക്ഷീണം, വയറ്റിൽ അനുഭവപ്പെടുന്ന അസ്വസ്ഥത എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം. കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും ഇത് തടയാൻ സാധിക്കും.
ഓർമ്മക്കുറവ്, പെട്ടെന്ന് ദേഷ്യം വരിക, കുടുംബാംഗങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക, ഇഷ്ടപ്പെട്ട വിനോദങ്ങളിൽ താല്പര്യം കുറയുക എന്നിവയും പ്രായത്തിന്റേതാണെന്ന് കരുതി അവഗണിക്കരുത്. ഇത് വിഷാദം (ഡിപ്രഷൻ), ഉറക്കമില്ലായ്മ അല്ലെങ്കിൽ ഡിമൻഷ്യ (മറവിരോഗം) എന്നിവയുടെ തുടക്കമാകാം. ഭക്ഷണരീതിയിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ പെട്ടെന്ന് ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നത് ശ്രദ്ധിക്കണം. പെട്ടെന്ന് ഭാരം കുറയുന്നത് കാൻസർ, തൈറോയ്ഡ് അല്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാകാം. ഭാരം അമിതമായി കൂടുന്നത് ഹൃദയസ്തംഭനം, വൃക്കരോഗം എന്നിവയുടെ ലക്ഷണവുമാകാം. കാഴ്ചശക്തിയും കേൾവിശക്തിയും കുറയുന്നത് പലരും തിരിച്ചറിയാറില്ല. ടിവിയുടെ ശബ്ദം കൂട്ടി വെയ്ക്കുക, സംസാരിക്കുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
50 വയസ്സ് കഴിഞ്ഞ പുരുഷന്മാർ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് പതിവ് ആരോഗ്യപരിശോധനകൾ ഒഴിവാക്കുക എന്നതാണ്. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, പ്രമേഹം, കരൾ, വൃക്ക, പ്രോസ്റ്റേറ്റ് എന്നിവയുടെ ആരോഗ്യം കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. അച്ഛന്റെ ഉറക്കം, വിശപ്പ്, ഊർജ്ജസ്വലത, ഓർമ്മ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ മക്കൾ കൃത്യമായി ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണരീതിക്കും നടത്തത്തിനും അവരെ പ്രോത്സാഹിപ്പിക്കുകയും ഡോക്ടറെ കാണാൻ ഒപ്പം പോവുകയും വേണം. മരുന്നുകൾ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെയും ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കാതിരിക്കുന്നതിലൂടെയും അച്ഛന്റെ ആരോഗ്യം മികച്ച രീതിയിൽ സംരക്ഷിക്കാൻ മക്കൾക്ക് സാധിക്കും.




