Crime

‘സ്കൂളിൽ പൂർണ്ണനഗ്നരാക്കി പരിശോധിക്കും, അധ്യാപകരുൾപ്പെട്ട ലൈംഗിക കൂട്ടായ്മ; ഫീസ് 75.50 ലക്ഷം; രക്ഷപ്പെടാൻ നോക്കിയാൽ വേട്ടനായ്ക്കളെ വിടും’

വാഷിങ്ടൻ: ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം നിർത്തിയ പ്രമുഖ സ്വകാര്യ ബോർഡിങ് വിദ്യാലയമായ ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ, വിദ്യാർഥികൾ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയായിരുന്നതായി വെളിപ്പെടുത്തൽ. കുട്ടികളെക്കൊണ്ട് സ്വന്തം ഛർദ്ദി നിർബന്ധിച്ച് തീറ്റിക്കുക, പൂർണ്ണനഗ്നരാക്കി പരിശോധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് മുൻ വിദ്യാർഥി കോടതിയിൽ സമർപ്പിച്ച രേഖകളിലുള്ളത്. വർഷത്തിൽ 80,000 ഡോളർ (ഏകദേശം 75.50 ലക്ഷം രൂപ) വരെ ഉയർന്ന ഫീസ് വാങ്ങിയിരുന്ന ഈ വിദ്യാലയം, അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ ഹാൻകോക്ക് എന്ന ചെറിയ ഗ്രാമത്തിലാണ് പ്രവർത്തിച്ചിരുന്നത്. നിരന്തരമായ പരാതികളെ തുടർന്ന് 2014 ലാണ് ഈ സ്കൂൾ പൂട്ടിയത്.

സ്കൂൾ അധികൃതർക്കെതിരെ 10 മില്യൻ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മുൻ വിദ്യാർഥി ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2000 മുതൽ 2003 വരെയുള്ള കാലയളവിൽ ഇവിടെ പഠിച്ച ആളാണ് നിയമപോരാട്ടവുമായി രംഗത്തിറങ്ങിയത്. സ്കൂളിലെത്തുന്ന കുട്ടികളെ ആദ്യദിവസം തന്നെ വസ്ത്രങ്ങളഴിച്ച് പരിശോധിക്കുമായിരുന്നു. അധ്യാപകർ ഉൾപ്പെടുന്ന ലൈംഗിക സ്വഭാവമുള്ള ചില ഗ്രൂപ്പുകളിൽ പങ്കെടുക്കാൻ കുട്ടികളെ നിർബന്ധിച്ചിരുന്നു. സ്കൂളിൽ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്ന കുട്ടികളെ വേട്ടനായ്ക്കളെ ഉപയോഗിച്ച് പിന്തുടർന്ന് പിടികൂടുകയും, ചിലരെ വലിയ പരവതാനികൾക്കുള്ളിൽ ചുരുട്ടി ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ക്രൂരമായി ശിക്ഷിക്കുകയും ചെയ്തിരുന്നതായി ഹർജിയിൽ പറയുന്നു.

സ്കൂളിലെ സംഗീത അധ്യാപകനായ പോൾ ഗീർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും യുവാവ് വെളിപ്പെടുത്തി. കാനഡയിലെ ടൊറന്റോയിലേക്ക് നടത്തിയ ഒരു ഗായകസംഘ യാത്രാമധ്യേയായിരുന്നു ഈ സംഭവം. ഈ കേസിൽ അധ്യാപകനായ പോൾ ഗീറിനെ കോടതി 27 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. സ്കൂൾ ഉടമകളായ മൈക്കൽ, സിൻഡി അർഗിറോസ് എന്നിവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദ്യാർഥികളെ ശമ്പളമില്ലാത്ത തൊഴിലാളികളായി ഉപയോഗിച്ചിരുന്നു. വലിയ കുഴികൾ വെട്ടുക, മഞ്ഞ് മാറ്റുക, പന്നിത്തൊഴുത്തുകൾ വൃത്തിയാക്കുക, ഇവരുടെ ആഡംബര വീടിന്റെ നിർമാണ ജോലികൾ ചെയ്യുക എന്നിവ കുട്ടികളെക്കൊണ്ട് നിർബന്ധപൂർവ്വം ചെയ്യിപ്പിച്ചു. കൂടാതെ ഇവർക്കായി ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും കുട്ടികൾ നിർബന്ധിതരായി.

കുട്ടികളെ ഈ സ്കൂളിൽ ചേർക്കാൻ രക്ഷിതാക്കളുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയും, ചില മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ നിയമപരമായ രക്ഷാകർതൃത്വം പോലും സ്കൂൾ ഉടമകൾ കൈക്കലാക്കുകയും ചെയ്തിരുന്നു. അധ്യാപനത്തിലോ കൗൺസിലിങ്ങിലോ യാതൊരുവിധ പ്രഫഷനൽ യോഗ്യതയുമില്ലാത്ത ആളുകളാണ് സ്കൂൾ നടത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ സ്കൂളിൽ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ സ്കൂൾ ഉടമയായ അർഗിറോസ് പൂർണ്ണമായും നിഷേധിച്ചു. സ്കൂൾ പ്രവർത്തിച്ചിരുന്ന കാലയളവിൽ പീഡനങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.