Featured Good News

രാജ്യത്തിനെ്‌റ അഭിമാനം; ആരാണ് വിവേക് അഗര്‍വാള്‍ IAS ? ആഗോള ഭീകരവാദ വിരുദ്ധ സംഘത്തിന്റെ അമരത്തെത്തിയ ഇന്ത്യക്കാരന്‍

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) വൈസ് പ്രസിഡന്റായി കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി വിവേക് അഗർവാളിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ഭാരതീയനാണ് അദ്ദേഹം. 2010 മുതൽ ഇന്ത്യ ഈ സംഘടനയിൽ അംഗമാണ്. പാരീസിലെ എഫ്.എ.ടി.എഫ് ആസ്ഥാനത്ത് നടന്ന പ്ലീനറി യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഗൈൽസ് തോംസണിന് ശേഷമായിരിക്കും വിവേക് അഗർവാൾ ഈ ചുമതലയേൽക്കുക. 2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള കാലയളവിലേക്കാണ് ഈ നിയമനം. ഇരുന്നൂറിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള ശൃംഖലയിൽ ഇന്ത്യ നേടിയെടുത്ത വിശ്വാസ്യതയുടെ തെളിവാണ് ഈ പദവി. ഡിജിറ്റൽ പേയ്‌മെന്റുകൾ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇന്ത്യ നൽകിയ സംഭാവനകളും ഇതിന് കാരണമായി. കള്ളപ്പണത്തിനും ഭീകരവാദ ഫണ്ടിംഗിനുമെതിരെയുള്ള ഇന്ത്യയുടെ ശക്തമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് നിയമനത്തിന് ശേഷം വിവേക് അഗർവാൾ പ്രതികരിച്ചു.

മധ്യപ്രദേശ് കേഡറിലെ 1994 ബാച്ച് ഐ.എ.എസ് ഓഫീസറായ വിവേക് അഗർവാൾ, മുൻപ് എഫ്.എ.ടി.എഫിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുകയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെ (FIU) ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണപരിചയമുള്ള അദ്ദേഹം ധനകാര്യം, കൃഷി, നഗരവികസനം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.

2025 ഏപ്രിലിൽ സാംസ്‌കാരിക സെക്രട്ടറിയാകുന്നതിന് മുൻപ് ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. വിവേക് അഗർവാളിന്റെ ഈ പുതിയ നിയമനം ഇന്ത്യയുടെ വലിയൊരു വിജയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ആഗോള ഭീകരവാദ ഫണ്ടിംഗ് ശൃംഖലകൾക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടങ്ങൾക്ക് ഇത് കൂടുതൽ കരുത്ത് പകരുമെന്നും, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ വൈദഗ്ധ്യം സംഘടനയ്ക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *