Oddly News

‘യമനിലെ സ്‌പൈഡർമാൻ’ ഇനി ഓർമ്മ; കാൽവഴുതി അഗ്നിപർവ്വത ഗർത്തത്തിൽ വീണ് ദാരുണാന്ത്യം- വീഡിയോ

കെയ്‌റോ: യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെ കുത്തനെയുള്ള പാറക്കെട്ടുകളിൽ കയറി ശ്രദ്ധേയനായ “യമനിലെ സ്പൈഡർമാൻ” എന്നറിയപ്പെടുന്ന സാഹസികൻ അഗ്നിപർവ്വത ഗർത്തത്തിലേക്ക് വീണു മരിച്ചതായി അധികൃതർ . മുപ്പതുകാരനായ അൽ-ഖാഖാ ഇബ്ൻ അൻതർ, യമനിലെ തെക്കൻ പ്രവിശ്യയായ ദാലെയിലുള്ള ഹർദ ഡാം അഗ്നിപർവ്വത ഗർത്തത്തിന്റെ കുത്തനെയുള്ള ചുവരുകളിൽ കയറുന്നതിനിടെയാണ് പിടിവിട്ട് 120 മീറ്റർ (393 അടി) താഴ്ചയുള്ള ഗർത്തത്തിലേക്ക് വീണത്.

അദ്ദേഹം താഴേക്ക് വീഴുന്ന നിമിഷം ചിത്രീകരിച്ച പത്ത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തുവിട്ടു. സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ അൻതർ പാറക്കെട്ടിൽ കയറുന്നതും, വലതുകൈകൊണ്ട് പാറയിൽ പിടിച്ച് ഇടതുകൈ വായുവിൽ ഉയർത്തിയതിന് പിന്നാലെ പിടിവിട്ട് താഴേക്ക് പതിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ നടത്തിയ നാല് മണിക്കൂർ നീണ്ട സങ്കീർണ്ണമായ തിരച്ചിലിനൊടുവിലാണ് അൻതറുടെ മൃതദേഹം കണ്ടെടുത്തത്. ഗർത്തത്തിന്റെ അടിത്തട്ടിലെ വെള്ളത്തിൽ 30 മീറ്റർ (100 അടി) താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.



പാറക്കെട്ടുകൾ നിറഞ്ഞതും കുത്തനെയുള്ളതുമായ ഭൂപ്രകൃതിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. യമനിലെ ദാലെ പ്രവിശ്യയിലെ ദംത് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹർദ ഡാം എന്നത് അടിത്തട്ടിൽ ഗന്ധകം കലർന്ന ചൂടുവെള്ള തടാകമുള്ള ഒരു പ്രത്യേകതരം അഗ്നിപർവ്വത ഗർത്തമാണ്.

യമനിലെ ഏറ്റവും ദുർഘടമായ മലനിരകളിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ അപകടകരമായ രീതിയിൽ കയറുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അൻതർ പ്രശസ്തനായത്. പലപ്പോഴും ഇവ വലിയ രീതിയിൽ വൈറലാകാറുണ്ടായിരുന്നു. വെറും കൈകൾ കൊണ്ട് പാറക്കെട്ടുകളുടെ അരികിൽ തൂങ്ങിക്കിടക്കുന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മുൻകാല പ്രകടനങ്ങൾ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.

ഇത്തരം അപകടകരമായ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അനുയോജ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *