മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് 2026-ന് തുടക്കമായതോടെ മെക്സിക്കൻ ജനത വലിയ ആഘോഷത്തിലാണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2-0 ത്തിന്റെ ആധികാരിക വിജയമാണ് ആതിഥേയരായ മെക്സിക്കോ സ്വന്തമാക്കിയത്. ഇതോടെ തലസ്ഥാന നഗരി ഒന്നടങ്കം വലിയൊരു ഉത്സവപ്പറമ്പായി മാറി.
സ്റ്റേഡിയത്തിലും തെരുവുകളിലും തടിച്ചുകൂടിയ ആരാധകർ ദേശീയ ജേഴ്സിയണിഞ്ഞ് നൃത്തം ചെയ്തും മദ്യപിച്ചും വിജയം ആഘോഷമാക്കി. ലോകകപ്പ് ആവേശം രാജ്യത്തെയാകെ വിഴുങ്ങിയിരിക്കുകയാണ് . മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, ഒരു അമ്മയും മകനും തെരുവിലൂടെ നടന്നുപോകുന്നതും അവർക്ക് പിന്നാലെ ഒരു വളർത്തുതാറാവ് മെക്സിക്കോയുടെ ഫുട്ബോൾ ജേഴ്സിയണിഞ്ഞ് നടന്നുനീങ്ങുന്നതും കാണാം.
ജേഴ്സിയണിഞ്ഞ് തെരുവിലൂടെ ആടിയാടി നടക്കുന്ന താറാവിന്റെ ദൃശ്യം നാട്ടുകാരെ ഏറെ രസിപ്പിച്ചു, പലരും തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഈ മനോഹരമായ കാഴ്ച പകർത്തി. അതേസമയം, താറാവിനെയും കൊണ്ട് നടന്ന ദമ്പതികൾ ഇതൊന്നും ശ്രദ്ധിക്കാതെ, ദേശീയ ടീമിനെ പിന്തുണയ്ക്കാൻ വളർത്തുമൃഗങ്ങളെ ജേഴ്സി ധരിപ്പിച്ചു നടത്തുന്നത് തങ്ങളുടെ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യം എന്ന രീതിയിലാണ് പെരുമാറിയത്.
“ഈ ലോകകപ്പ് തുടങ്ങിയിട്ടേയുള്ളൂ, അതിനുള്ളിൽ തന്നെ ഇവിടുത്തെ ആവേശം എക്കാലത്തെയും ഉയർന്ന നിലയിലാണ്,” എന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചപ്പോൾ, “ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് മാത്രം കാണാൻ കഴിയുന്ന കാര്യങ്ങൾ,” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. “മെക്സിക്കൻ ഫുട്ബോൾ ജേഴ്സി ധരിച്ച താറാവ് ഇപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട കാഴ്ചയായി മാറി. മെക്സിക്കൻ ജനതയ്ക്ക് ഫുട്ബോളിനോടുള്ള ഭ്രാന്തമായ സ്നേഹം എനിക്കിഷ്ടപ്പെട്ടു,” എന്ന് മൂന്നാമതൊരാളും അഭിപ്രായപ്പെട്ടു. “ഇത് അത്ഭുതകരമാണ്. ഇവർ ഒത്തിരി ആസ്വദിക്കുന്നുണ്ട്. മെക്സിക്കോയ്ക്ക് ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയാത്തത് കഷ്ടമായിപ്പോയി,” എന്ന് നാലാമതൊരാളും പ്രതികരിച്ചു.
വ്യാഴാഴ്ച നടന്ന ആദ്യദിന മത്സരങ്ങളിൽ മെക്സിക്കോയും ദക്ഷിണ കൊറിയയും വിജയം നേടിയതിന് പിന്നാലെ ആരാധകരുടെ ആഘോഷ പ്രകടനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഇരു ടീമുകളുടെയും ആരാധകർ മത്സരശേഷം ഒന്നിച്ച് ചേർന്നാണ് വലിയ പാർട്ടി നടത്തിയത്. മെക്സിക്കൻ ആരാധകർ പ്രശസ്തമായ “ഗംഗ്നം സ്റ്റൈൽ” നൃത്തച്ചുവടുകളോടെയാണ് കൊറിയൻ ആരാധകർക്കൊപ്പം ചേർന്നത്. ലോകകപ്പിലെ മറ്റൊരു വൈറൽ നിമിഷത്തിൽ, ആഘോഷങ്ങൾക്കിടയിൽ മെക്സിക്കൻ ആരാധകർ ഒരു ദക്ഷിണ കൊറിയൻ ആരാധകനെ വായുവിൽ ഉയർത്തിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും കാണാമായിരുന്നു.




