കായികവേദികളും ലൈംഗികബന്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അതിൽ തെറ്റുപറയാനാകില്ല. എന്നാൽ ലോകകപ്പ്, ഒളിംപിക്സ് പോലുള്ള വൻ കായികമേളകൾ നടക്കുന്ന സമയത്താണ് ലോകത്ത് ഏറ്റവുമധികം ലൈംഗികബന്ധങ്ങൾ നടക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
റഷ്യൻ ഒളിംപിക്സ് നടന്ന സമയത്ത് കായികതാരങ്ങൾ ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്ത കോണ്ടങ്ങൾ കുടുങ്ങി ബാത്ത്റൂമുകൾ കേടായതിനെക്കുറിച്ച് വരെ വലിയ വാർത്തകളുണ്ടായിരുന്നു. ഇത് കൂടാതെ പല പ്രമുഖ ഒളിംപിക്സുകളിലും സംഘാടകർ തന്നെ താരങ്ങൾക്കായി വൻതോതിൽ കോണ്ടങ്ങൾ വിതരണം ചെയ്യാറുമുണ്ട്. കായികതാരങ്ങൾ മാത്രമല്ല, കളി കാണാനെത്തുന്ന കാണികളും ഇത്തരം മേളകളുടെ സമയത്ത് വൻതോതിൽ ലൈംഗികബന്ധത്തിലേർപ്പെടാറുണ്ട്.
ഇപ്പോഴിതാ ലോകകപ്പ് ആവേശത്തിനിടയിൽ, ആളുകളോട് സുരക്ഷിതമായി മാത്രം ലൈംഗികബന്ധത്തിലേർപ്പെടാൻ മുന്നറിയിപ്പ് നൽകിക്കൊണ്ട് യുഎസിലെ (അമേരിക്ക) പല പ്രമുഖ നഗരങ്ങളിലും വലിയ ബിൽബോർഡുകൾ (പരസ്യബോർഡുകൾ) ഉയരുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മത്സരവേദികളിലൊന്നായ അറ്റ്ലാന്റ നഗരത്തിൽ ഉയർന്ന ഒരു പരസ്യബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ വൈറലാകുന്നത്.
ഫുട്ബോളിന്റെ ആകൃതിയിലും നിറത്തിലുമുള്ള ഒരു കോണ്ടത്തിന്റെ ചിത്രമാണ് ഈ ബോർഡിലെ പ്രധാന ആകർഷണം. ഇതിന് തൊട്ടുമുകളിലായി ‘ഗോൾ’ എന്നും എഴുതിയിട്ടുണ്ട്. സാധാരണ ഒരു കോണ്ടം കമ്പനിയല്ല ഈ പരസ്യം നൽകിയിരിക്കുന്നത്, മറിച്ച് ‘condom.com’ എന്ന വെബ്സൈറ്റാണ്. ലൈംഗികരോഗങ്ങൾ പടരുന്നത് തടയാനുള്ള ഒരു ബോധവൽക്കരണ മുന്നറിയിപ്പ് എന്ന നിലയ്ക്കാണ് ഈ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
അമേരിക്കയിൽ തന്നെ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരങ്ങളിൽ ഒന്നാണ് അറ്റ്ലാന്റ. നിരവധി ആളുകൾ ലൈംഗികത്തൊഴിലിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു നഗരം കൂടിയാണിത്. അതുകൊണ്ടുതന്നെ എച്ഐവി (HIV), സിഫിലിസ്, ക്ലമീഡിയ, ഗോണറിയ തുടങ്ങിയ മാരകമായ ലൈംഗികരോഗങ്ങൾ വൻതോതിലാണ് ഈ നഗരത്തിൽ വർഷംതോറും ആളുകളിൽ കണ്ടെത്താറുള്ളത്.
നഗരത്തിൽ ഇത്രയധികം ലൈംഗികത്തൊഴിലാളികൾ ഉള്ളതിനാൽ, വേൾഡ് കപ്പ് മത്സരങ്ങൾ കാണാനായി വിദേശങ്ങളിൽ നിന്നും മറ്റ് നഗരങ്ങളിൽ നിന്നും എത്തുന്ന കാണികൾ ഇവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വലിയ സാധ്യതയുണ്ട്. ഇത് വഴി മാരകമായ ഇത്തരം ലൈംഗികരോഗങ്ങൾ അന്താരാഷ്ട്ര തലത്തിൽ പടർന്നുപിടിച്ചേക്കാമെന്ന വലിയ ആശങ്ക അധികൃതർക്കുണ്ട്. ഈയൊരു സാഹചര്യം മുൻകൂട്ടി കണ്ടുകൊണ്ടുള്ള മുൻകരുതൽ എന്ന നിലയിലാണ് കോണ്ടം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇത്രയധികം പ്രചാരണം അവിടെ നൽകുന്നത്.




